- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിൽ സമാജ് വാദി പാർട്ടിയും, കോൺഗ്രസും തമ്മിൽ സീറ്റ് ധാരണയായി
ലക്നൗ: ഐക്യം നിലനിർത്താൻ പണിപ്പെടുന്ന ഇന്ത്യ സഖ്യത്തിന് ആശ്വാസമേകി കൊണ്ട് യുപിയിൽ സമാജ് വാദി പാർട്ടിയും, കോൺഗ്രസും തമ്മിൽ സീറ്റ് ധാരണയായി. എല്ലാം നന്നായി പര്യവസാനിച്ചുവെന്നും സഖ്യം ഉണ്ടാകുമെന്നും, തർക്കമൊന്നും ഇല്ലെന്നും, വൈകാതെ എല്ലാം വ്യക്തമാകുമെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിലെയും റായ്ബറേലിയിലെയും പരിപാടിയിൽ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് ചോദിപ്പോൾ, പങ്കെടുത്തില്ലെന്നത് ശരിയാണ്, രാഹുലുമായി ഒരു തർക്കവുമില്ലെന്നായിരുന്നു മറുപടി.
സഖ്യത്തിന്റെ താൽപര്യം മുൻനിർത്തി ചില സീറ്റുകളിൽ വച്ചുമാറാൻ സമ്മതിച്ചെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ സ്ഥിരീകരണത്തിനായി കാക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ എൻഡി ടിവിയോട് പറഞ്ഞു.
80 സീറ്റുകളിൽ, എസ്പി 62 സീറ്റിലും, കോൺഗ്രസ് 17 സീറ്റിലും, ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടി ഒരു സീറ്റിലൂം മത്സരിക്കുമെന്നാണ് സൂചന. ഇതിൽ മാറ്റം വന്നേക്കാം. കോൺഗ്രസ് 19 സീറ്റാണ് ആഗ്രഹിച്ചതെങ്കിലും. 2019 ൽ എസ്പിയുടെ എസ് ടി ഹസൻ ജയിച്ച മൊറാദാബാദ് സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിക്ക് വേണ്ടിയുള്ള അവകാശവാദം എസ്പി ഉപേക്ഷിക്കും. സിതാപൂരും, ഹത്രാസും പരസ്പരം വച്ചുമാറിയേക്കും. അന്തിമ പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും.
ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ നിയമപോരാട്ടത്തിലൂടെ എഎപി-കോൺഗ്രസ് സഖ്യം വിജയിച്ചതിന് പിന്നാലെ യുപിയിലെ എസ്പിയുമായുള്ള കോൺഗ്രസ് സഖ്യ പ്രഖ്യാപനം ഇന്ത്യ സഖ്യത്തിന് ഉണർവേകുന്നതാണ്. സഖ്യം ഉണ്ടാകില്ല എന്ന് കരുതിയിടത്താണ് അതുണ്ടായിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയാണ് നിർണായക ഇടപെടൽ നടത്തിയതെന്നാണ് സൂചന. സോണിയ ഗാന്ധി ഒഴിഞ്ഞ റായ്ബറേലിയിൽ നിന്നും പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കെ സഖ്യം അനിവാര്യമായിരുന്നു. പ്രിയങ്ക അഖിലേഷുമായും, രാഹുലുമായും വിശദാംശങ്ങൾ ചർച്ച ചെയ്താണ് ധാരണയിലെത്തിച്ചത്.
സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പോയതോടെ, പ്രിയങ്ക കൂടുതൽ സജീവമായ പങ്ക് വഹിക്കുമെന്ന് യുപിയിലെ കോൺഗ്രസ് നേതാക്കൾക്ക് ബോധ്യമായി. 2014 ലെയും, 2019 ലെയും തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനം കൂടി കണക്കിലെടുക്കുമ്പോൾ പിടിവാശി കൊണ്ട് കാര്യമില്ലെന്നും സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് മനസ്സിലായി. 2022 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വെറും രണ്ടു സീറ്റാണ് നേടിയതെന്നും ഓർക്കണം. എസ്പിക്ക് 111 സീറ്റായിരുന്നു.
നിതീഷ് കുമാർ സഖ്യം വിടുകയും, പഞ്ചാബിലും, ബംഗാളിലും സഖ്യത്തിന് ധാരണ ആകാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, യുപിയിലെ എസ്പിയുമായുള്ള സഖ്യം ഇന്ത്യ ബ്ലോക്കിന്റെ നിലനിൽപ്പിന് അനിവാര്യമായിരുന്നു.