- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശശികല വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു
ചെന്നൈ: രാഷ്ട്രീയത്തിൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികല. തുടർച്ചയായ തിരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന പാർട്ടിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് ശശികലയുടെ രംഗപ്രവേശം. ഭിന്നിച്ചുനിൽക്കുന്ന പാർട്ടി പ്രവർത്തകരെ ഒന്നിപ്പിക്കാൻ സംസ്ഥാനപര്യടനം നടത്തുമെന്നും വ്യക്തമാക്കി. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുന്നതായി ശശികല പ്രഖ്യാപിച്ചത്. ഇപിഎസിനെയും ഒപിഎസിനെയും ഒരുമിപ്പിച്ചു വീണ്ടും പാർട്ടിയെ ശക്തമാക്കാൻ നീക്കം നടത്തുകയാണ് അവരെന്നാണ് സൂചനകൾ.
പോയസ് ഗാർഡനിലെ വീട്ടിൽ അനുകൂലികളുമായി ചർച്ചനടത്തിയതിനു ശേഷമായിരുന്നു തിരിച്ചുവരവ് പ്രഖ്യാപിച്ചത്. പാർട്ടി സ്ഥാപകൻ എം.ജി.ആറി.ന്റെ കാലംമുതൽ തനിക്ക് പാർട്ടിയിൽ നിർണായക സ്വാധീനമുണ്ടായിരുന്നുവെന്ന് ശശികല അവകാശപ്പെട്ടു. പാർട്ടിയിൽനിന്ന് ആരെയും പുറത്താക്കാൻ എം.ജി.ആർ. ഒരിക്കലും തയ്യാറായിട്ടില്ല. ഇതേ പാതപിന്തുടർന്ന് എം.ജി.ആറി.ന്റെയും ജയലളിതയുടെയും യഥാർഥ രാഷ്ട്രീയ പിൻഗാമികൾ ഒന്നിക്കേണ്ട സമയമായിരിക്കുകയാണെന്ന് ശശികല പറഞ്ഞു.
കുടുംബരാഷ്ട്രീയവും ജാതിവ്യത്യാസവും ഒരിക്കലും പാർട്ടിയിലുണ്ടായിരുന്നില്ല. താൻ ജാതിനോക്കി സ്ഥാനങ്ങൾ നൽകിയിരുന്നുവെങ്കിൽ ജയിലിൽ പോയപ്പോൾ എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ ചില ജാതിയിൽപ്പെട്ടവർക്കുമാത്രമാണ് പാർട്ടിയിൽ സ്ഥാനങ്ങൾ ലഭിക്കുന്നത്. താൻ രംഗത്തിറങ്ങുന്നതോടെ പാർട്ടിയുടെസ്ഥിതി മാറുമെന്നും പ്രവർത്തകർ ആരും ആശങ്കപ്പെടേണ്ടെന്നും 2026-ൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നും ശശികല പറഞ്ഞു.
അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷ പൂർത്തിയാക്കിയതിനുശേഷം അണ്ണാ ഡി.എം.കെ.യിൽ തിരിച്ചെത്താൻ ശശികല ശ്രമിച്ചിരുന്നെങ്കിലും എടപ്പാടി പളനിസ്വാമി വഴങ്ങിയില്ല. തുടർന്നാണ് രാഷ്ട്രീയം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ശശികലയ്ക്കും ദിനകരനും പിന്നാലെ പനീർശെൽവത്തെക്കൂടി പളനിസ്വാമി പക്ഷം പാർട്ടിയിൽനിന്ന് പുറത്താക്കി. തുടർന്ന് ഇപ്പോൾനടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴുമണ്ഡലങ്ങളിൽ കെട്ടിവെച്ചതുകപോലും നഷ്ടമാകുന്നവിധത്തിൽ അണ്ണാ ഡി.എം.കെ. പരാജയപ്പെട്ടു. ഇതോടെയാണ് ശശികല തിരിച്ചുവരവിന് നീക്കംതുടങ്ങിയത്. ഇതേസമയം ശശികലയ്ക്കുപിന്നിൽ ബിജെപി.യാണെന്ന് സംശയമുയർന്നിട്ടുണ്ട്.
പനീർശെൽവവും എല്ലാവരും ഒന്നിക്കണമെന്ന ആവശ്യം ഉന്നിയിച്ചിട്ടുണ്ട്. മുൻ എംപി. കെ.സി. പളനിസാമിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ഏകോപനസമിതി പനീർശെൽവം പക്ഷത്തിനും പളനിസ്വാമി പക്ഷത്തിനും ഐക്യത്തിന് ആഹ്വാനംചെയ്ത് കത്തുനൽകിയിട്ടുണ്ട്. എന്നാൽ ശശികലയെയും പനീർശെൽവത്തെയും ഒരിക്കലും തിരിച്ചെടുക്കില്ലെന്ന നിലപാടിലാണ് പളനിസ്വാമി പക്ഷം.
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്തതോൽവിയുടെ പശ്ചാത്തലത്തിൽ അണ്ണാ ഡി.എം.കെ.യിൽ ഐക്യം പുനഃസ്ഥാപിക്കാൻ ഏകോപനസമിതി ശ്രമം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മുൻനേതാക്കളായ ഒ. പനീർശെൽവം, വി.കെ. ശശികല, ടി.ടി.വി. ദിനകരൻ എന്നിവർക്കും സമിതി കത്തയച്ചു. പുറത്താക്കിയവരെ ഏകോപിപ്പിച്ച് അണ്ണാ ഡി.എം.കെ.യെ ശക്തിപ്പെടുത്താനാണ് മുൻ എംപി. കെ.സി. പളനിസ്വാമി, മുൻ എംഎൽഎ.മാരായ ജെ.സി.ഡി. പ്രഭാകർ, പുകഴേന്തി എന്നിവരുടെ നേതൃത്വത്തിൽ സമിതിയുണ്ടാക്കിയത്.
മുന്മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയും അണ്ണാ ഡി.എം.കെ. മുൻനേതാവുമായ ശശികലയുടെ നിർദേശപ്രകാരമാണ് സമിതിയുണ്ടാക്കിയത്. പേരു പുറത്തുവരാതിരിക്കാൻവേണ്ടിയാണ് മറ്റു നേതാക്കൾക്കൊപ്പം ശശികലയ്ക്കുകൂടി കത്തയച്ചതും. കഴിഞ്ഞതെല്ലാം മറന്ന്, ക്ഷമയോടെ എല്ലാവരും ഒന്നിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. എം.ജി.ആറിന്റെയും ജയലളിതയുടെയും ആദർശങ്ങൾ മുറുകെപ്പിടിച്ച് പ്രതാപം തിരികെക്കൊണ്ടുവരണം. തമിഴ്‌നാട്ടിൽ വീണ്ടും പാർട്ടിയെ അധികാരത്തിലെത്തിക്കണം. ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി എല്ലാ പ്രവർത്തകരെയും നേരിൽക്കാണാനാണ് ഉദ്ദേശ്യമെന്നും കത്തിൽ വ്യക്തമാക്കി.
എന്നാൽ, പാർട്ടിയിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്ന പ്രശ്‌നമില്ലെന്ന ഉറച്ചനിലപാടിലാണ് എടപ്പാടി പളനിസ്വാമി. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും അണ്ണാ ഡി.എം.കെ.ക്കു നേടാനായിട്ടില്ല. 2019 തിരഞ്ഞെടുപ്പിൽ ബിജെപി.യുമായി സഖ്യത്തിലായിരുന്ന അണ്ണാ ഡി.എം.കെ. ഒരു സീറ്റിൽ വിജയംനേടിയിരുന്നു.