- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജസ്ഥാനിൽ ഭരണം പിടിക്കാൻ കച്ചകെട്ടിയ ബിജെപിക്ക് വെല്ലുവിളിയായി വസുന്ധരയുടെ പിണക്കം! ബിജെപിയുടെ പരിപാടിയിൽ പങ്കെടുക്കാതെ ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി വസുന്ധര രാജെ സിന്ധ്യ; കോൺഗ്രസ് പ്രതീക്ഷയും വിഭാഗീയതയിൽ
ജയ്പൂർ: കോൺഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിൽ അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി. അതേസമയം ബിജെപിയുടെ ഈ പരിശ്രമത്തിന് തിരിച്ചടിയാകുകയാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായി വസുന്ധര രാജ സിന്ധ്യെയുടെ നിലപാടുകൾ. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് സമിതികൾ ബിജെപി. പ്രഖ്യാപിച്ചെങ്കിലും, മുന്മുഖ്യമന്ത്രിയും പാർട്ടി ദേശീയ ഉപാധ്യക്ഷയുമായ വസുന്ധര രാജെയുടെ പേര് രണ്ടിലും ഉണ്ടായിരുന്നില്ല.
ഇതോടെ ബിജെപിയിലെ വിഭാഗീയതകൾ തെളിഞ്ഞു കണ്ടു. ഇതിനിടെ ഗെലോട്ട് സർക്കാറിനെതിരെ ബിജെപി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പമുള്ള ബിജെപി നേതാവ് വസുന്ധര രാജെ സിന്ധ്യയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജയ്പൂരിൽ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബ് ഓഫ് രാജസ്ഥാന്റെ ഉദ്ഘാടനത്തിന് ശേഷമായിരുന്നു വസുന്ധര ഗെഹ്ലോട്ടിനെ കണ്ടത്. ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടില്ലെങ്കിലും ബിജെപി നേതാവ് പരിപാടിക്ക് ശേഷം ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
രാജസ്ഥാൻ നിയമസഭാ സ്പീക്കർ ഡോ. സി.പി. ജോഷിയും പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡും യോഗത്തിൽ പങ്കെടുത്തു. എന്നാൽ വസുന്ധരയുടെയും ഗെഹ്ലോട്ടിന്റെയും ക്രോപ് ചെയ്ത ചിത്രങ്ങളാണ് പ്രചരിച്ചത്. തുടർന്ന് ക്രോപ് ചെയ്യാത്ത ഫോട്ടോ പങ്കുവെക്കാൻ വസുന്ധര രാജെയുടെ ഓഫിസ് നിർബന്ധിതമായി. രാജസ്ഥാനിൽ ഈ വർഷാവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഭരണകക്ഷിയിലെ ഭിന്നത മുതലെടുത്ത് കോൺഗ്രസിൽ നിന്ന് അധികാരം തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് ബിജെപി.
സ്വന്തം തട്ടകത്തിലൂടെയുള്ള ബിജെപിയുടെ പരിവർത്തൻ യാത്രയുടെ അവസാനഘട്ടത്തിൽ വസുന്ധര വിട്ടുനിന്നത് ചർച്ചയായിരുന്നു. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായി ബിജെപി രൂപീകരിച്ച രണ്ട് കമ്മിറ്റികളിൽ നിന്ന് വസുന്ധ രാജെയെയും പ്രതിപക്ഷനേതാവ് റാത്തോഡിനെയും ഒഴിവാക്കിയതും വലിയ ചർച്ച വിഷയമായിരുന്നു. ഇതിനിടയിലാണ് വസുന്ധര ഗെഹ്ലോട്ടിനെ കണ്ടത്.
ഹഡോടി മേഖലയിലെ ഝാൽവാഡിൽ നിന്നാണ് വസുന്ധര നിയമസഭയിലും ലോക്സഭയിലുമെല്ലാം പലകുറി ജയിച്ചുകയറിയത്. വസുന്ധരയുടെ ശക്തികേന്ദ്രമായ ഹഡോടി മേഖലയിൽ ഉൾപ്പെടുന്ന കോട്ട, ബുണ്ടി, ഝാൽവാഡ് എന്നീ പ്രദേശങ്ങളിലൂടെയുള്ള പാർട്ടി യാത്രയിൽ നിന്നാണ് വസുന്ധര രാജെ മാറിനിന്നത്. പരിവർത്തൻ യാത്ര കോട്ടയിൽ അവസാനിക്കുമ്പോൾ വസുന്ധര പക്ഷക്കാരെല്ലാം ഒഴിവായി നിന്നത് രാജസ്ഥാനിലെ ബിജെപിയുടെ ദൗർബല്യം വിളിച്ചോതുകയായിരുന്നു.
രാജസ്ഥാനിൽ ഭരണം പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ ബിജെപിക്ക് എക്സിറ്റ് പോൾ പ്രവചനങ്ങളടക്കം പരാജയം പ്രവചിക്കുന്നതിന് പിന്നിൽ വസുന്ധരയുടെ പിന്മാറ്റവും ഒരു കാരണമാണ്. രാജസ്ഥാനിൽ ബിജെപിയെ കരയ്ക്കടുപ്പിച്ച നേതാക്കളിൽ ഒട്ടും പിന്നിലല്ല മുന്മുഖ്യമന്ത്രി വസുന്ധരയുടെ സ്ഥാനം. പക്ഷേ പാർട്ടിക്കുള്ളിലെ അധികാര കേന്ദ്രങ്ങളെ വെല്ലുവിളിച്ച് സ്വന്തം ശൈലിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വസുന്ധര രാജെ സിന്ധ്യ ഉറച്ചുനിന്നപ്പോൾ ബിജെപി കേന്ദ്രനേതൃത്വവും രാജസ്ഥാനിലെ ശക്തി കേന്ദ്രവും തമ്മിലുള്ള കലഹം പരസ്യമായി.
കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി പരിപാടികളിൽ അസാന്നിധ്യം കൊണ്ട് കഥപറയുന്നുണ്ട് വസുന്ധര. തിരഞ്ഞെടുപ്പ് കമ്മിറ്റികളിൽ നിന്ന് വസുന്ധരയെ തൂക്കിയെടുത്ത് മാറ്റി നിർത്തി അമിത് ഷായും നരേന്ദ്ര മോദിയും അവരെ ഒതുക്കി നിർത്താൻ ശ്രമിച്ചപ്പോൾ നിർണായക ഘട്ടങ്ങളിൽ മാറി നിന്ന് തന്റെ അസാന്നിധ്യം ചർച്ചയാക്കി വസുന്ധര.
തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാത്തതിന്റെ കൊതിക്കെറുവും മറ്റ് പലർക്കും തന്നേക്കാൾ അധികം പ്രാധാന്യം നൽകുന്നതിന്റെ ഈർഷ്യയുമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിലടക്കം വസുന്ധര പ്രകടിപ്പിക്കുന്നത്. ബിജെപിയുടെ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം ഝാൽവാടിലെ പരിവർത്തൻ യാത്രയിലും കോട്ടയിലെ സമാപനത്തിലും പങ്കെടുത്തപ്പോഴാണ് വസുന്ധരയും അവരുടെ വിശ്വസ്തരും സമാപന സമ്മേളനത്തിലടക്കം വിട്ടുനിന്നത്.
രാജസ്ഥാനിൽ ബിജെപി രണ്ട് പക്ഷമാണെന്ന് വെളിവാക്കുകയായിരുന്നു ബിജെപിയുടെ പരിവർത്തൻ യാത്ര. സ്വന്തം തട്ടകത്തിൽ ബിജെപി പരിപാടിയിൽ പങ്കെടുക്കാതെ ഒഴിഞ്ഞുമാറി നിന്ന് തന്റെ നാട്ടുകാരോട് പാർട്ടിയുമായുള്ള തന്റെ അഭിപ്രായ ഭിന്നത പറയാതെ പറയുകയായിരുന്നു വസുന്ധര രാജെ സിന്ധ്യ. രാജസ്ഥാനിലെ കോട്ട, ബുൻഡി, ഝലാവർ എന്നിവ ഉൾപ്പെടുന്ന ഹഡോട്ടി മേഖലയിൽ വസുന്ധര അതികായ തന്നെയാണ്. പെട്ടെന്നൊരു ദിവസം തുടങ്ങിയ ബിജെപി പ്രവർത്തനമോ യാത്രയോ അല്ല വസുന്ധരയുടേതെന്നതുകൊണ്ട് തന്നെ വിഭാഗീയത വെളിവാക്കുന്ന വസുന്ധരയുടെ നിലപാട് പാർട്ടിക്ക് രാജസ്ഥാനിൽ ഗുണം ചെയ്യില്ല. മോദി- ഷാ പ്രഭാവത്തിൽ ബിജെപി വസുന്ധരയെ വകവെയ്ക്കാതിരിക്കാൻ ശ്രമിക്കുന്നത് ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുന്നത് പോലെയാണ്.
തന്റെ പാളയത്തിൽ വസുന്ധര ശക്തയാണെന്ന് വെളിവാക്കുന്നതായിരുന്നു വസുന്ധരയുടെ വിശ്വസ്തർ പോലും പരിവർത്തൻ യാത്രയിലെ സമാപനത്തിൽ പാർട്ടിയെ വകവെയ്ക്കാതെ മാറി നിന്നത്. വസുന്ധരയുടെ അനുയായികളായ കോട്ട നോർത്ത് മുൻ എംഎൽഎ പ്രഹ്‌ളാദ് ഗുൻചാൽ, രജാവാത്തിലെ മുൻ എംഎൽഎ ഭവാനി സിങ് രജാവാത്ത് എന്നിവർ കോട്ടയിൽ യാത്രയെത്തിയപ്പോൾ പേരിന് സ്വീകരിക്കാനെത്തി. പക്ഷേ യാത്ര കോട്ടയിലെ ഉമ്മൈദ് സിങ് സ്റ്റേഡിയത്തിൽ അവസാനിച്ചപ്പോൾ ഇരുവരും പരിസരത്തെങ്ങും ഉണ്ടായിരുന്നില്ല.
രാജസ്ഥാൻ മുന്മുഖ്യമന്ത്രി വിട്ടുനിന്നപ്പോൾ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പരിവർത്തൻ യാത്രയുടെ സമാപനത്തിൽ പങ്കെടുത്തു. വസുന്ധരയുടെ മകൻ ദുഷ്യന്ത് സിങ്ങും റാലിയിൽ പങ്കെടുത്തിരുന്നു. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പോലും ഓടിയെത്തിയ പരിപാടിയിൽ അതും സ്വന്തം തട്ടകത്തിൽ നടത്തിയ പാർട്ടി പരിപാടിയിൽ വസുന്ധര മാറി നിന്നത് വലിയ ചലനമാണ് രാജസ്ഥാനിലെ പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടാക്കിയത്.
നേതൃത്വത്തോട് തുടർച്ചയായി കലഹിക്കുന്ന വസുന്ധരയെ ബിജെപി ഇനി പുറത്താക്കുമോയെന്ന ഒരു ഭയം വസുന്ധരയുടെ അണികൾക്കുണ്ട്. അതുപോലെ സ്വന്തം ശക്തി കേന്ദ്രത്തിലെ അണികളുടെ പിന്തുണയിൽ പുതിയൊരു പാർട്ടി എന്നൊരു നിലപാടിലേക്കാണോ വസുന്ധര പോകുന്നതെന്ന ഭയം പാർട്ടീ കേന്ദ്രങ്ങൾക്കുമുണ്ട്.




