- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അത്താഴ വിരുന്നിൽ പങ്കെടുക്കാൻ ഇത്ര ധൃതി പിടിച്ച് മമത ഡൽഹിയിൽ എത്താൻ എന്താവും കാരണം? വിരുന്നിൽ പങ്കെടുത്തത് മോദി സർക്കാരിന് എതിരായ 'ഇന്ത്യ'യുടെ നിലപാടിനെ ദുർബലമാക്കുമെന്ന് കോൺഗ്രസ്; പ്രോട്ടോക്കോൾ ഒന്നും കോൺഗ്രസ് പഠിപ്പിക്കേണ്ടെന്ന് തൃണമൂലിന്റെ ചുട്ടമറുപടി
കൊൽക്കത്ത: പ്രതിപക്ഷ സഖ്യമായ ഇന്ത്യയിൽ വീണ്ടും കല്ലുകടി. ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ അത്താഴവിരുന്നിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തി. വിരുന്നിൽ പങ്കെടുത്തത് മോദി സർക്കാരിന് എതിരായ മമതയുടെ നിലപാടിനെ ദുർബലമാക്കുകയില്ലേ എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ചോദിച്ചത്.
പരിപാടിയിൽ തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ പങ്കെടുക്കാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ ആരാഞ്ഞു. ചുട്ട മറുപടി നൽകാൻ തൃണമൂൽ മടിച്ചില്ല. ബിജെപിയിതര സഖ്യമായ ഇന്ത്യയുടെ പിന്നിലെ പ്രധാന ശക്തികളിലൊരാണ് മമതയെന്നും, കോൺഗ്രസ് നേതാവ് ഭരണപരമായ കാഴ്ചപാടിൽ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിനെ കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്നുമാണ് തൃണമൂലിന്റെ മറുപടി.
പല ബിജെപി ഇതര മുഖ്യമന്ത്രിമാരും അത്താഴവിരുന്നിൽനിന്നു വിട്ടുനിന്നപ്പോൾ മമതാ ബാനർജി ഒരു ദിവസം മുൻപ് തന്നെ ഡൽഹിയിൽ എത്തിയെന്ന് ചൗധരി പറഞ്ഞു. കേന്ദ്രമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കൊപ്പം ഒരു മുറിയിലാണ് മമതാ ബാനർജി പരിപാടിയിൽ പങ്കെടുത്തത്. ഈ നേതാക്കൾക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കാൻ ഇത്രദൂരം ധൃതിപിടിച്ച് ഡൽഹിയിൽ എത്താൻ അവരെ പ്രേരിപ്പിച്ചതെന്താണെന്നാണ് എന്റെ അദ്ഭുതം. ഇതിനു മറ്റെന്തെങ്കിലും കാരണമുണ്ടോ.- ചൗധരി ചോദിച്ചു.
വിരുന്ന് ശനിയാഴ്ച ആയിരുന്നെങ്കിലും, മമത വെള്ളിയാഴ്ച തന്നെ ഡൽഹിക്ക് പോയിരുന്നു. തൃണമൂലിന്റെ രാജ്യസഭാ എംപി സന്തനു സെന്നാണ് അധിറിന് മറുപടി നൽകിയത്. മമതയുടെ 'ഇന്ത്യ'യോടുള്ള പ്രതിജ്ഞാബദ്ധതയെ ആർക്കും ചോദ്യം ചെയ്യാൻ ആവില്ലെന്നാണ് സന്തനു സെൻ പറഞ്ഞത്. മുഖ്യമന്ത്രി അത്താഴവിരുന്നിൽ പങ്കെടുക്കാൻ എപ്പോൾ പോകണമെന്ന് ചൗധരിയല്ല തീരുമാനിക്കേണ്ടതെന്നും സന്തനു സെൻ പറഞ്ഞു.
വിഷയത്തിൽ ഇരുപാർട്ടികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്തെത്തി. സംസ്ഥാനത്ത് തൃണമൂൽ അതിക്രമങ്ങളുടെ ഇരകളായ ജനങ്ങളെ വഞ്ചിച്ച് കോൺഗ്രസും സിപിഎമ്മും ഡൽഹിയിൽ തൃണമൂലുമായി കൈകോർത്തിരിക്കുകയാണെന്ന് ബിജെപി ബംഗാൾ വക്താവ് സാമിക് ഭട്ടാചാര്യ പറഞ്ഞു.
മമത ശനിയാഴ്ചയാണ് ഡൽഹിക്ക് പറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച ഡൽഹിയിൽ വിമാനങ്ങൾക്ക് ചില നിയന്ത്രണങ്ങൾ വരുത്തുമെന്ന് കണ്ടാണ് യാത്ര വെള്ളിയാഴ്ചയാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.




