ചെന്നൈ: ഇപ്പോൾ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ സംഘടന ഏതാണെന്ന് ചോദിച്ചാൽ അതിന് ഉത്തരം വിജയ് ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കം എന്നായിരിക്കും.

കാരണം തമിഴത്തിന്റെ മുക്കിലും മൂലയിലുമായി മുപ്പതിനായിരത്തിലേറെ യൂണിറ്റുകളാണ് വിജയ് മക്കൾ ഇയക്കത്തിനായി ഉള്ളത്. പുറമേ ഐ.ടി., അഭിഭാഷക, മെഡിക്കൽ രംഗത്തുമൊക്കെ പോഷകസംഘടനകളുമുണ്ട്. സാമൂഹിക പ്രവർത്തനത്തിലും ജീവകാരണ്യ പ്രവർത്തനത്തിലും ഇവർ സജീവമാണ്. അതുകൊണ്ടുതന്നെ ദളപതി വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് കുറേക്കാലമായി ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ അതിപ്പോൾ യാഥാർഥ്യമാവുകയാണെന്നാണ് തമിഴ് മാധ്യമങ്ങൾ പറയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പാർട്ടിപ്രഖ്യാപനം നടത്താൻ നടൻ വിജയ് തയ്യാറെടുക്കയാണെന്നാണ് പ്രമുഖ പത്രങ്ങൾ എഴുതുന്നത്. വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റാൻ ചെന്നൈക്കുസമീപം പനയൂരിൽചേർന്ന ഇന്നലെ നേതൃയോഗം തീരുമാനിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് ചർച്ച നടന്നു.

പിന്തുണ ആർക്ക്?

തമിഴകത്ത് രാഷ്ട്രീയവും സിനിമയും രണ്ടല്ല. എംജിആർ, കരുണാനിധി, ജയലളിതതൊട്ടുള്ള അനുഭവം അതാണ് പറയുന്നത്. നേരത്തെ സൂപ്പർ സ്റ്റാർ രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഒരുങ്ങി അനാരോഗ്യമൂലം പിന്മാറുകയായിരുന്നു. കമൽഹാസന്റെ പാർട്ടിയാവട്ടെ എവിടെയും എത്തിയതുമില്ല. ആ സാഹചര്യത്തിൽ വിജയ്് രാഷ്ട്രീയപാർട്ടിയുണ്ടാക്കുമ്പോൾ, ഡിഎംകെ സഖ്യം, അണ്ണാഡിഎംകെ, ബിജെപി, കോൺഗ്രസ് എന്നിങ്ങനെ ചിതറിക്കടിക്കുന്ന തമിഴനാട് രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്. വിജയ് എന്ന താരത്തിന്റെ ഇമേജ് വോട്ടായി മാറിയിൽ, ഈ ചതുഷ്‌ക്കോണ മത്സരത്തിൽ ആര് മുന്നേറുമെന്നതും സംശയാസ്പദമാണ്.

പാർട്ടി രൂപവത്കരണ ചർച്ചകളിൽ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളുമുണ്ട്. പക്ഷേ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സാധ്യത കുറവാണെന്നാണ് സൂചന. പകരം ഏതെങ്കിലുമൊരു സഖ്യത്തിന് പിന്തുണനൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. സിനിമകളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചതിന്റെപേരിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്ന വിജയ് ബിജെപി. അനുകൂലനിലപാടെടുക്കാനുള്ള സാധ്യത വിരളമാണ്. നേരത്തെ കോൺഗ്രസുമായി അടുപ്പമുണ്ടായിരുന്നെങ്കിലും മാറിയ രാഷ്ട്രീയസാഹചര്യത്തിൽ ഇവരോട് എന്ത് നിലപാടെടുക്കുമെന്നതിലും വ്യക്തതയില്ല. നിലവിൽ തമിഴ്‌നാട്ടിൽ ബിജെപിയും എഐഡിഎംകെയും അകൽച്ചയിലാണ്. അതിനാൽ തന്നെ എഐഎഡിഎംകെക്ക് പിന്തുണ നൽകാനുള്ള സാധ്യതയാണ് കൂടുതൽ കാണുന്നത്.

തമിഴ്‌നാട്ടിൽ അണ്ണാഡിഎംകെയുമായും പുതുച്ചേരിയിൽ എൻആർ കോൺഗ്രസുമായും സഖ്യമുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി കഴിഞ്ഞ വർഷം വിജയ്യെ വീട്ടിലെത്തി സന്ദർശിച്ചതിനു പിന്നാലെയാണ് എൻആർ കോൺഗ്രസ് സഖ്യം സംബന്ധിച്ച പ്രചാരണം നടക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി വിജയ് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വാർത്തകൾ വന്നിരുന്നു.വിരമിച്ച പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥർ, മുൻ എംഎൽഎമാർ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവരോട് വിജയ് ഉപദേശം തേടിയതായും റിപ്പോർട്ടുണ്ട്.

സാമൂഹിക പ്രവർത്തനം സജീവം

കഴിഞ്ഞ കുറേക്കാലമായി വിജയ് ഫാൻസ് രാഷ്ട്രീയം ലക്ഷ്യമിട്ടുകൊണ്ടുതന്നെ സാമൂഹിക പ്രവർത്തനത്തിൽ ഉണ്ടെന്നാണ് തമിഴ്മാധ്യമങ്ങൾ എഴുതുന്നത്. കഴിഞ്ഞമാസം തമിഴ്‌നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിൽ വായനശാല തുടങ്ങാനാണ്വിജയ് മക്കൾ ഇയക്കം പദ്ധതിയിട്ടത്. എല്ലാ നിയമസഭാമണ്ഡലങ്ങളിലും നേരത്തേ സൗജന്യ ട്യൂഷൻ കേന്ദ്രങ്ങൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ വിജയ് മക്കൾ ഇയക്കത്തിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്.

ഓരോ നിയമസഭാമണ്ഡലങ്ങളിലും പത്ത്, പ്ലസ്ടു ക്ലാസുകളിൽ മികച്ച മാർക്കു വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ കാഷ് അവാർഡ് നൽകി ആദരിച്ചിരുന്നു. ആ ചടങ്ങിലെ വിജയ്യുടെ പ്രസംഗം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചത്.

പുതിയ ചിത്രം 'ലിയോ'യുടെ വിജയാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിൽ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിലും 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തിലിറങ്ങുമെന്ന് സൂചന നടൻ നൽകിയിരുന്നു. വിജയ് മക്കൾ ഇയക്കത്തിന് ബൂത്ത് തലത്തിൽ കമ്മിറ്റികൾ ഇപ്പോൾ ഉണ്ടാക്കി വരികയാണ്. സമൂഹത്തിലെ ദുരിതം പേറുന്നവർക്ക് കൈത്താങ്ങാകുന്ന വീഡിയോകളും ചിത്രങ്ങളും ഫാൻസ് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാറുണ്ട്.

വിജയ് ഉടനെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സുഹൃത്തും നടനും സംവിധായകനുമായ അർജുൻ സർജ പ്രഖ്യപിച്ചതും വലിയ വാർത്തയായി. പ്രതികരിക്കേണ്ട സമയങ്ങളിലെല്ലാം വിജയ് പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉടൻ തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നുമായിരുന്നു അർജുൻ പറഞ്ഞത്. ജനത്തിനായി നന്മ ചെയ്യണമെന്ന ആഗ്രഹവും അതിനുള്ള മനസ്സുമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഏറ്റവും അത്യാവശ്യമെന്നും വിജയ്ക്ക് അതുണ്ടെന്നും അർജുൻ സർജ പറഞ്ഞു.

ചെറുപ്പം മുതൽ താൻ കാണുന്നുണ്ട്. വളരെ നാണക്കാരനായ ഒരു മനുഷ്യൻ പക്ഷെ ഇന്ന് തമിഴ് സിനിമയെ മാത്രമല്ല, ഇന്ത്യൻ സിനിമയെത്തന്നെ വിസ്മയിപ്പിക്കുന്ന തലത്തിലേക്ക് അദ്ദേഹം വളർന്നിരിക്കുന്നു. എന്നും ലാളിത്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് വിജയ്. നടന്മാരിൽ ശിവാജി ഗണേശനു ശേഷം ഇത്രയും സമയനിഷ്ഠ പുലർത്തുന്ന മറ്റൊരാളില്ലെന്നും അർജുൻ സർജ പറഞ്ഞു.