ന്യൂഡൽഹി: ബോക്‌സിങ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. 2019 ൽ കോൺഗ്രസിൽ ചേർന്ന ഒളിമ്പ്യൻ സൗത്ത് ഡെൽഹി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ രമേശ് ബിധുരിയോട് തോറ്റു.

ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് വിജേന്ദർ അംഗത്വം സ്വീകരിച്ചത്. പീഡനപരാതിയുമായി ബന്ധപ്പെട്ട് റെസലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ പ്രതിഷേധത്തിൽ വനിതാ ഗുസ്തി താരങ്ങളെ വിജേന്ദർ പിന്തുണച്ചിരുന്നു. കർഷകസമരത്തെയും പിന്തുണയ്ക്കുന്ന നിലപാടാണ് വിജേന്ദർ സ്വീകരിച്ചിരുന്നത്.

ഇത്തവണ ഹരിയാനയിലെ ഭിവാനി - മഹേന്ദ്രഗഡ് സീറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കോൺഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തത്. ഇവിടെ ബിജെപി എംപിയായ ഹേമമാലിനിയാണ് എതിരാളി. ഇതേ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് വിജേന്ദർ ബിജെപിയിലെത്തിയത്. ഹരിയാനയിൽ പലയിടത്തും സ്വാധീനമുള്ള ജാട്ട് വിഭാഗത്തിൽപെട്ട നേതാവാണ് വിജേന്ദർ.

ഹരിയാനയിലും പടിഞ്ഞാറൻ യുപിയിലും ജാട്ട് വിഭാഗങ്ങൾക്കിടയിൽ വ്യാപകമായി പ്രചാരണം നടത്തി വിജേന്ദറിനുള്ള സ്വാധീനം ഫലപ്രദമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

2008 ലെ ബീജിങ് ഒളിമ്പിക്‌സിൽ, വെങ്കല മെഡൽ നേടിയ ആദ്യ ഇന്ത്യൻ ബോക്‌സിങ് താരമാണ് വിജേന്ദർ സിങ്. 2006 ലെയും, 2014 ലെയും കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും, 2010 ലെ ഗെയിംസിലും, 2009 ലെ ലോക ചാമ്പ്യൻഷിപ്പിലും വെങ്കലവും നേടിയിരുന്നു.