- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നിങ്ങൾക്കു ഭരണകൂടത്തെ ഭയമാണോ? നിഷ്പക്ഷമായെങ്കിലും പ്രതികരിക്കൂ; ഇപ്പോൾ പിന്തുണയ്ക്കാത്തവർ, നാളെ മെഡൽ കിട്ടുമ്പോൾ ഞങ്ങൾക്കൊപ്പം നിൽക്കേണ്ടതില്ല'; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ വിമർശനവുമായി വിനേഷ് ഫോഗട്ട്
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്. വിനേഷ് ഫോഗട്ട്, ബജ്രംഗ് പൂനിയ, സാക്ഷി മാലിക്ക് തുടങ്ങിയ ഗുസ്തിതാരങ്ങളുടെ നേതൃത്വത്തിലാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധം ഉയർത്തുന്നത്.
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട ഗുസ്തി താരങ്ങൾ റോഡരികിൽ കിടന്നുറങ്ങിയും, ഗുസ്തി പരിശീലനം നടത്തിയും പ്രതിഷേധം കടുപ്പിക്കുമ്പോഴും വിഷയത്തിൽ മൗനം പാലിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട്.
ഒളിംപിക്സിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യൻ താരങ്ങളുടെ നേട്ടങ്ങളിൽ പ്രതികരിക്കാറുള്ള ക്രിക്കറ്റ് താരങ്ങൾ ഒരു പ്രശ്നം വന്നപ്പോൾ എന്താണു മിണ്ടാത്തതെന്നു വിനേഷ് ഫോഗട്ട് ചോദിക്കുന്നു. ''രാജ്യമാകെ ക്രിക്കറ്റിനെ ആരാധിക്കുകയാണ്, എന്നാൽ ഒരു ക്രിക്കറ്റ് താരവും ഇതുവരെ സംസാരിച്ചിട്ടില്ല. ഞങ്ങൾക്ക് അനുകൂലമായി നിങ്ങൾ സംസാരിക്കണമെന്നു പറയുന്നില്ല. കുറഞ്ഞത് നിഷ്പക്ഷമായെങ്കിലും പ്രതികരിക്കൂ.'' വിനേഷ് ഫോഗട്ട് ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
''യുഎസിൽ 'ബ്ലാക് ലിവ്സ് മാറ്റർ' പ്രക്ഷോഭം ഉയർന്നുവന്നപ്പോൾ ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങൾ അവരെ പിന്തുണച്ചു. അത്രയെങ്കിലും ഞങ്ങൾ അർഹിക്കുന്നില്ലേ? എന്താണ് ക്രിക്കറ്റർമാരെ ഭയപ്പെടുത്തുന്നത്?. സ്പോൺസർഷിപ് പ്രശ്നങ്ങൾ കാരണമാണ് അവർ മിണ്ടാതിരിക്കുന്നതെന്നു ഞങ്ങൾ മനസ്സിലാക്കുന്നു.'' വിനേഷ് ഫോഗട്ട് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
''ഇതു വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. നിങ്ങൾക്കു ഭരണകൂടത്തെ ഭയമാണോ? ആളുകൾ പറയുന്നതു ഗുസ്തി താരങ്ങൾ ശരിയായല്ല ചിന്തിക്കുന്നതെന്നാണ്. എന്നാൽ എല്ലാം ശരിയായാണു നടക്കുന്നത്. മറ്റ് അത്ലീറ്റുകൾ എന്താണു കരുതുന്നതെന്നു പരിശോധിക്കണം. ഇപ്പോൾ പിന്തുണയ്ക്കാത്തവർ, നാളെ മെഡൽ കിട്ടുമ്പോൾ ഞങ്ങൾക്കൊപ്പം നിൽക്കേണ്ടതില്ല'' വിനേഷ് ഫോഗട്ട് വ്യക്തമാക്കി.
അതേ സമയം ഗുസ്തി താരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ സമരം ചെയ്യുന്നതുകണ്ടു വേദന തോന്നുന്നെന്ന് ജാവലിൻ താരം നീരജ് ചോപ്ര പ്രതികരിച്ചു. ''നമ്മുടെ രാജ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് അവർ. അത്ലീറ്റ് ആയാലും അല്ലെങ്കിലും ഓരോ വ്യക്തിയുടേയും അന്തസ് സംരക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്. ഒരിക്കലുമുണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്.'' ചോപ്ര ട്വിറ്ററിൽ കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ