- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാകുമോ?
തിരുവനന്തപുരം: സിപിഎമ്മിന് ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുകയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ ഈ വർഷം മാർച്ചിൽ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരമൊരു പതനത്തിലേക്ക് പാർട്ടി എത്താൻ പാടില്ലെന്നും ചിഹ്നം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമോ? അങ്ങനെയൊരു ഭീഷണിയുണ്ടോ എന്ന ചോദ്യം അന്നേ ഉയർന്നിരുന്നു.
2023 സെപ്റ്റംബറിൽ സിപിഐക്ക് തൃണമൂൽ കോൺഗ്രസിനും, എൻസിപിക്കും ഒപ്പം ഒപ്പം ദേശീയ പാർട്ടി പദവി നഷ്ടമായിരുന്നു. എന്നാൽ, നാല് സംസ്ഥാനങ്ങളിൽ-ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത്- സാന്നിധ്യമുള്ള എഎപിയെ ദേശീയ പാർട്ടിയായി അംഗീകരിക്കുകയും ചെയ്തു.
നിലവിൽ ആറ് പാർട്ടികൾക്കാണ് ദേശീയ പാർട്ടി പദവി-കോൺഗ്രസ്, ബിജെപി, എൻപിപി, ബിഎസ്‌പി. എഎപി, സിപിഎം. രാജ്യത്താകെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനായി സ്വന്തമായി ഒരു സ്ഥിരം ചിഹ്നം ലഭിക്കും എന്നതാണ് ദേശീയ പാർട്ടികൾക്കുള്ള ഏറ്റവും വലിയ പ്രത്യേകത. ദേശീയ മാധ്യമങ്ങളിൽ പ്രചാരണത്തിനുള്ള സമയവും ദേശീയ പാർട്ടികൾക്ക് സൗജന്യമായി മാറ്റി വയ്ക്കാറുണ്ട്. 40 താര പ്രചാരകരെ വരെ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാമെന്നും വ്യവസ്ഥയുണ്ട്.
ദേശീയ പാർട്ടിയാവാൻ എന്തൊക്കെ വേണം?
ഒന്നാമതായി, കുറഞ്ഞത് നാലു സംസ്ഥാനങ്ങളിലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്സഭാ തിരഞ്ഞെടുപ്പിലോ ആറുശതമാനം വോട്ടും നാല് എംപിമാരും വേണം. രണ്ടാമത്തേത്, നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി ഉണ്ടാകണം. നിലവിൽ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ ത്രിപുര എന്നിവിടങ്ങളിൽ മാത്രമാണ് സംസ്ഥാന പാർട്ടി പദവിയുള്ളത്. ( ബംഗാളിന് 2026 വരെ മാത്രം) ഈ രണ്ട് ചട്ടവും പാർട്ടിക്ക് വലിയ വെല്ലുവിളിയാണ്.
മൂന്നാമത്തെ മാനദണ്ഡം പാലിച്ച് ദേശീയ പാർട്ടി പദവി നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു സിപിഎം. കുറഞ്ഞത് മൂന്നു സംസ്ഥാനങ്ങളിൽ നിന്നായി ലോക്സഭയിൽ രണ്ടു ശതമാനം സീറ്റ്, അതായത് ഇപ്പോഴത്തെ കണക്ക് പ്രകാരം 11 സീറ്റ് ലഭിക്കണം. ഇതായിരുന്നു സിപിഎമ്മിന് മുന്നിലെ വെല്ലുവിളി. മന്ത്രി കെ രാധാകൃഷ്ണനെയും, കെ കെ ശൈലജയെയും പോലെ ജനപ്രീതിയുള്ളവരെ മത്സരിപ്പിച്ചെങ്കിലും ഇക്കുറി രാധാകൃഷ്ണൻ മാത്രമാണ് കരകയറിയത്.
മൂന്നുസംസ്ഥാനങ്ങളിൽ നിന്നായി 11 എംപി.മാരെ കിട്ടാൻ കേരളത്തിൽ നിന്ന് സിപിഎമ്മിന് കുറഞ്ഞത് എട്ടുസീറ്റെങ്കിലും ലഭിക്കണമായിരുന്നു.
കേരളത്തിൽ ഇത്തവണ 15 സീറ്റിലാണ് സിപിഎം മത്സരിച്ചത്. ഇടുക്കിയിൽ ജോയ്സ് ജോർജും പൊന്നാനിയിൽ കെ.എസ്.ഹംസയും ഉൾപ്പടെ എല്ലാവരും മൽസരിച്ചത് പാർട്ടി ചിഹ്നത്തിലായിരുന്നു. സ്വന്തം ചിഹ്നത്തിൽ പരമാവധി വോട്ട് സമാഹരിച്ച് കൂടുതൽ പേരെ ലോക്സഭയിലേക്ക് ജയിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ ആ നീക്കം ഫലിച്ചില്ല.
ദേശീയ പാർട്ടി പദവി നഷ്ടമാകുമോ?
ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് കനത്ത തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും സിപിഎമ്മിന് ദേശീയപാർട്ടി പദവിയും ചിഹ്നവും നഷ്ടമാകില്ല. 2033 വരെ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിക്ക് ഭീഷണിയുണ്ടാകില്ല. കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളിൽ സിപിഎമ്മിന് സംസ്ഥാന പാർട്ടി പദവിയുള്ളതുകൊണ്ടാണ് നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. ഇതിൽ പശ്ചിമബംഗാളിലെ സംസ്ഥാന പാർട്ടി പദവി 2026ൽ നഷ്ടമാകും. ഇതോടെയാണ് സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിക്ക് ഭീഷണി ഉയർന്നത്.
എന്നാൽ, ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ സിക്കാറിൽ സീറ്റ് നേടിയതോടെ അവിടെയും സിപിഎമ്മിന് സംസ്ഥാന പാർട്ടി പദവി ലഭിക്കും. ഇതോടെ ബംഗാളിലെ പദവി നഷ്ടമായാലും കേരളം, തമിഴ്‌നാട്, ത്രിപുര, തമിഴ്‌നാട്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവിയുടെ ബലത്തിൽ 2033 വരെ സിപിഎമ്മിന് ദേശീയ പാർട്ടിയായി തുടരാം.
രാജസ്ഥാനിലെ 25 ലോക്സഭ സീറ്റുകളിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് സിക്കാർ ലോക്സഭ സീറ്റ് സിപിഎമ്മിന് കോൺഗ്രസ് നൽകിയത്. സിക്കാർ മണ്ഡലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി അമ്രാ റാമായിരുന്നു. സ്ഥാനാർത്ഥി. അമ്രാ റാം 72, 896 വോട്ടിനാണ് ബിജെപിയുടെ സുമേധാനന്ദ് സരസ്വതിയെ കീഴടക്കിയത്. ദന്ത റാംഗർ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായിട്ടുള്ള കർഷക-തൊഴിലാളി നേതാവാണ് അമ്രാ റാം. ഏതായാലും, കോൺഗ്രസ് കനിഞ്ഞു നൽകിയ സിക്കാർ സീറ്റ് സിപിഎമ്മിന് അനുഗ്രഹമായി.
ദേശീയതലത്തിൽ സിപിഎമ്മിന് നാല് സീറ്റുകളാണ് ലഭിച്ചത്. തമിഴ്‌നാട്ടിലെ മധുരയിൽ രണ്ട് ലക്ഷത്തിലേറെ വോട്ടുകൾക്കും ഡിണ്ടിഗലിൽ നാല് ലക്ഷത്തിലേറെ വോട്ടുകൾക്കും പാർട്ടി വിജയിച്ചു. കേരളത്തിലെ ആലത്തൂരാണ് സിപിഎം വിജയിച്ച മണ്ഡലം.