- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതീഷ് കുമാർ വീണ്ടും മറുകണ്ടം ചാടുമെന്ന് സൂചന
പാറ്റ്ന: ഇന്ത്യ സഖ്യം തകർച്ചയിലേക്ക് നീങ്ങുകയാണോ? സഖ്യത്തിലെ മുഖ്യ നേതാവും, ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വീണ്ടും കൂടാരം മാറുമെന്നാണ് അഭ്യൂഹം. അദ്ദേഹം അവസാനമിനിറ്റിൽ യുടേൺ ചെയ്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ചേരുമെന്നാണ് സംസാരം.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ, മമത ബാനർജിയും, അരവിന്ദ് കെജ്രിവാളും ബംഗാളിലും പഞ്ചാബിലും കോൺഗ്രസുമായി സഖ്യമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 72 കാരനായ നിതീഷ് ഇനിയും മറുകണ്ടം ചാടിയാൽ അത് അഞ്ചാമത്തെ ചാട്ടമാകും. 2013 ന് ശേഷം എൻഡിഎയ്ക്കും മഹാഗഡ്ബന്ധനും മധ്യേ ചാഞ്ചാടുകയായിരുന്നു നിതീഷ്. സ്വന്തം സംസ്ഥാനത്ത് അധികാരം നിലനിർത്തുകയും ചെയ്തു.
നിതീഷ് ആടിയുലയുക ആണെന്നതിന്റെ സൂചനകൾ കഴിഞ്ഞ കുറെ ആഴ്ചകളായി വന്നുകൊണ്ടിരിക്കുകയാണ്. കുടുംബ രാഷ്ട്രീയത്തിന് എതിരായ പ്രസ്താവന, അതിന് ലാലു പ്രസാദ് യാദവിന്റെ മകൾ നൽകിയ മറുപടി എന്നിവ അകൽച്ച കൂട്ടി. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനുള്ള ക്ഷണത്തോട് പ്രതികരിക്കാതിരുന്നതും ഊഹാപോഹങ്ങളുടെ ശക്തി കൂട്ടി.
ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിന് ഭാരത് രത്ന ബഹുമതി സമ്മാനിക്കാൻ ബിജെപി സർക്കാർ തയ്യാറായതും വഴിത്തിരിവിന് കാരണമായി. ബിഹാറിൽ തന്റെ സർക്കാർ അധികാരത്തിൽ വന്നതുമുതൽ യു.പി.എ. സർക്കാരിനോട് ആവശ്യപ്പെട്ട കാര്യം ഇപ്പോഴെങ്കിലും സാധിച്ചുതന്നതിന് എൻ.ഡി.എ. സർക്കാരിനോട് നന്ദി അറിയിക്കുന്നതായി നിതീഷ് കുമാർ പറഞ്ഞു. കർപൂരി താക്കൂറിന്റെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് ജെ.ഡി.യു. സംഘടിപ്പിച്ച് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കർപൂരി താക്കൂറിന് ഭാരതരത്ന നൽകുന്നതുമായി ബന്ധപ്പെട്ട് 2005-ൽ ബിഹാറിൽ ഞാൻ അധികാരത്തിൽ വന്നതുമുതൽ കേന്ദ്ര സർക്കാരിനോട് അപേക്ഷിച്ചുതുടങ്ങിയതാണ്, 2023 വരെയും എന്റെ അപേക്ഷ തുടർന്നു. ഒടുവിൽ മോദി സർക്കാരാണ് എന്റെ അപേക്ഷ അംഗീകരിച്ചത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്രസർക്കാരിനോടുമുള്ള നന്ദി അറിയിക്കുന്നു,' - നിതീഷ് കുമാർ പറഞ്ഞു.
കർപൂരി താക്കൂറിന്റെ മകനും സഹപ്രവർത്തകനുമായ രാമനാഥ് ഠാക്കൂറിനോട് താൻ ഇതേപ്പറ്റി സംസാരിച്ചിരുന്നുവെന്നും നിതീഷ് പറഞ്ഞു. ' ഭാരതരത്നയുടെ കാര്യം രാമനാഥിനെയാണ് അവർ വിളിച്ച് അറിയിച്ചത്. ബിഹാറിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ എന്നെ വിളിക്കുകയോ അറിയിക്കുകയോ ചെയ്തില്ലെങ്കിലും മാധ്യമങ്ങളിലൂടെ എന്റെ നന്ദി പ്രകാശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,' - മുഖ്യമന്ത്രി പറഞ്ഞു.
കർപൂരി താക്കൂറിന് ഭാരതരത്ന ലഭിക്കുന്നതിനായി താനും തന്റെ പാർട്ടിയും ഇതുവരെ പ്രയത്നിച്ചതെല്ലാം അവഗണിച്ചുകൊണ്ട് പ്രധാനമന്ത്രി ക്രെഡിറ്റ് മുഴുവൻ തട്ടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും നിതീഷ് കുമാർ കുറ്റപ്പെടുത്തി. ഇന്നത്തെ കാലത്ത് എല്ലാവരും കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനും അവരെ ഉയർത്തിവിടാനുമാണ് ശ്രമിക്കുന്നതെന്നും എന്നാൽ കർപൂരി ഠാക്കൂറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ കുടുംബരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാത്തതെന്നും നിതീഷ് പറഞ്ഞു.
കോൺഗ്രസ് പാർട്ടി രാഹുൽ ഗാന്ധിയേയും ബിഹാറിൽ ആർ.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവ് മകൻ തേജസ്വി പ്രസാദ് യാദവിനെയും പരിഗണന നൽകി കുടുംബരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ പരോക്ഷമായി കുറ്റപ്പെടുത്തുകയായിരുന്നു നിതീഷ്. അതേസമയം, ജെ.ഡി.യു. സംഘടിപ്പിച്ച പരിപാടിയിൽ നിന്നും വിട്ടുനിന്ന ആർ.ജെ.ഡി. ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിൽ മറ്റൊരിടത്ത് സമാനമായ പരിപാടി സംഘടിപ്പിച്ചു. ബിഹാറിന്റെ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വിയും പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലെ വ്യക്തത കുറവും, തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാത്തതും നിതീഷിനെ ചൊടിപ്പിച്ചു. സീറ്റ് പങ്കിടൽ ചർച്ചകൾ വൈകിയതും മുഷിച്ചിലിന് കാരണമായി. ഇന്ത്യ സഖ്യം കഴിഞ്ഞ വർഷം ജൂലൈയിൽ കൊട്ടിഘോഷിച്ച് തുടങ്ങാൻ മുൻകൈയെടുത്തത് നിതീഷ് കുമാറാണ്. എന്തായാലും, മോദിയെയും ബിജെപിയെയും പരാജയപ്പെടുത്താൻ രൂപീകരിച്ച ഇന്ത്യ സഖ്യത്തെ അതിന്റെ ശി്ല്പി തന്നെ തകർക്കുമോ എന്നാണ് കണ്ടറിയേണ്ടത്.