ലക്‌നൗ: അമേഠി ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷന് ഒരുസംശയവുമില്ല. 'രാഹുൽ ഗാന്ധി വീണ്ടും ഈ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. അഞ്ചുവർഷം മുമ്പ് സ്മൃതി ഇറാനിയോട് തോറ്റ് മണ്ഡലം നഷ്ടപ്പെട്ടെങ്കിലും ഇത്തവണ ജയിക്കും'- പ്രദീപ് സിംഘാൾ ആത്മവിശ്വാസത്തോടെ പറയുന്നു.

അഞ്ചാം ഘട്ടത്തിൽ മെയ് 20 നാണ് അമേഠിയിലെ വോട്ടെടുപ്പ്. ഒരുമാസത്തിലേറെ സമയം. എന്തുകൊണ്ടാണ് അമേഠിയിൽ രാഹുലിനെ സ്ഥാനാർത്ഥിയായി ഇതുവരെ പ്രഖ്യാപിക്കാത്തത്? ഏപ്രിൽ 26 ന് വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞാൽ അമേഠിയിലും രാഹുലിനെ സ്ഥാനാർത്ഥി ആയി പ്രഖ്യാപിക്കുമെന്നാണ് പ്രദീപ് സിംഘാളിന്റെ സഹപ്രവർത്തകൻ സർവേഷ് കുമാർ സിങ് ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞത്.

എന്നാൽ, ഇത് വെറും ഊഹാപോഹം മാത്രമാണെന്നും പ്രഖ്യാപനം വൈകുന്നതിന്റെ ഔദ്യോഗിക കാരണം വ്യക്തമല്ലെന്നും നേതാക്കൾ പറഞ്ഞു. അമേഠിയിൽ, പത്രികാ സമർപ്പണം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും.

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമോ? പ്രിയങ്ക സോണിയ ഗാന്ധി ഒഴിഞ്ഞ റായ് ബറേലി സീറ്റിൽ മാറ്റുരയ്ക്കുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. സസ്പെൻസ് തുടരുകയാണ്. വയനാട്ടിൽ സ്ഥാനാർത്ഥിയായ രാഹുൽ പാർട്ടി പറഞ്ഞാൽ, അമേഠിയിലും മത്സരിക്കുമെന്ന് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. യുപിയിൽ രാഹുലോ, പ്രിയങ്കയോ മത്സരിച്ച് ബിജെപിയുമായി നേർക്കുനേർ പോരാട്ടത്തിന് തയ്യാറാകണമെന്നും കോൺഗ്രസിൽ നിന്നും തന്നെ ആവശ്യം ഉയരുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ആരെങ്കിലും ഒരാൾ നെഹ്റു കുടുംബത്തിൽ നിന്ന് യുപിയിൽ മത്സരിക്കുമെന്ന് എകെ ആന്റണി ഇന്നലെ വ്യക്തമാക്കിയിരുന്നു.

അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് തീരുമാനത്തിനായി കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രക്ക് ശേഷം ഇപ്പോൾ രാജ്യത്തുള്ളത് പുതിയ രാഹുലാണ്. എല്ലാ പ്രതിപക്ഷ കക്ഷികൾക്കും സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. റോബർട്ട് വധേര ആയിരിക്കില്ല യുപിയിലെ മണ്ഡലങ്ങളിൽ മത്സരിക്കുക. അത് രാഹുലോ പ്രിയങ്കയോ തന്നെയായിരിക്കും. രാഹുൽ കേരളം വിട്ടുപോകരുത്. അദ്ദേഹം കേരളത്തിൽ തന്നെ നിൽക്കണം. അദ്ദേഹം കേരളത്തിന്റെ മകനാണെന്നും ആന്റണി പറഞ്ഞു.

വയനാടിനെ കൂടാതെ ഉത്തർപ്രദേശിലെ അമേഠിയിലും മത്സരിക്കാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി പാർട്ടിയെ അറിയിച്ചതായി ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് ചെയ്തിരുന്നു. 2004 മുതൽ 2019 വരെ അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി വിജയിച്ചിരുന്നു. 2019ൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. 55,000 വോട്ടുകൾക്കായിരുന്നു രാഹുലിന്റെ പരാജയം.

രാഹുൽ അമേഠിയെ കൈവെടിഞ്ഞെന്ന വികാരം രാഹുൽ ആരാധകർ പോലും പങ്കുവയ്ക്കുന്നു. മണ്ഡലത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്തില്ലെങ്കിലും മണ്ഡലത്തിൽ കൂടുതലായി അദ്ദേഹം വരണമെന്നാണ് ചില വോട്ടർമാർ പറയന്നത്. രാഹുലായാലും ഏതുനേതാവായാലും വെറുതെ പത്രികയും സമർപ്പിച്ച്, ആളുകളെ കയ്യും വീശി കാണിച്ച് പോയാൽ വോട്ട് കിട്ടില്ല, അക്കാലം പോയി, അമേഠിയിലെ ചില നേതാക്കൾ പറഞ്ഞു.

എൺപത് ലോകസഭാ സീറ്റുള്ള ഉത്തർപ്രദേശിൽ കോൺഗ്രസിന് വലിയ നിലയിൽ സ്വാധീന ശേഷിയുള്ള രണ്ടേ രണ്ടു മണ്ഡലങ്ങളാണ് അമേഠിയും റായ്‌ബെറേലിയും. പരമ്പരാഗതമായി ഗാന്ധി കുടുംബത്തിലുള്ളവരെ വിജയിപ്പിക്കുന്ന മണ്ഡലമായിരുന്നു രണ്ടും. പക്ഷേ രാഹുലിന് 2019 ൽ അപ്രതീക്ഷിത തോൽവി പിണഞ്ഞു. സോണിയ ഗാന്ധി റായ്‌ബെറേലിയിൽ ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ യുപിയിൽ കോൺഗ്രസിന് കിട്ടിയ ഒറ്റ സീറ്റായിരുന്നു സോണിയയുടേത്.

വയനാട് മണ്ഡലത്തിൽ രാഹുൽ പത്രിക സമർപ്പിച്ചിരുന്നു.ഇനി പതിനഞ്ചാം തീയതി ആയിരിക്കും രാഹുൽ മണ്ഡലത്തിൽ തിരിച്ചെത്തുക. അതിനുശേഷം ഏഴ് ദിവസം മണ്ഡലത്തിൽ രാഹുൽ ഗാന്ധി സജീവമാകും.