- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനിതാസംവരണം വഴി പാർലമെന്റിലെ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ മാറ്റംവരുന്നില്ല; ഭരണഘടനാ ഭേദഗതി ബില്ലിന് സംസ്ഥാന നിയമസഭകളുടെ അംഗീകാരം വേണ്ടെന്ന വിലയിരുത്തലിലേക്ക് കേന്ദ്ര സർക്കാർ; വനിതാ ബിൽ ഉടൻ പ്രസിഡന്റിന് അയയ്ക്കാൻ സാധ്യത
ന്യൂഡൽഹി: വനിതാ സംവരണം നടപ്പാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ലിന് സംസ്ഥാന നിയമസഭകളുടെ അംഗീകാരം വേണ്ടെന്ന വിലയിരുത്തലിലേക്ക് കേന്ദ്ര സർക്കാർ. ഭരണഘടന ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന വകുപ്പുകളെ വ്യാഖ്യാനിച്ച് വിലയിരുത്തലിൽ എത്തും. ബില്ലിന് നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്നാണ് കേന്ദ്ര വിലയിരുത്തൽ.
പാർലമെന്റിൽ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമ്പോഴാണ് പ്രധാനമായും നിയമസഭകളുടെ അംഗീകാരം ആവശ്യമുള്ളത്. വനിതാസംവരണം വഴി പാർലമെന്റിലെ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ മാറ്റംവരുന്നില്ല. ഓരോ സംസ്ഥാനത്തിനും പാർലമെന്റിലുള്ള പ്രതിനിധികളുടെ എണ്ണത്തിൽ ഈ ഭേദഗതികാരണം മാറ്റംവരുന്നില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ വനിതാ ബിൽ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് ഉടൻ അയയ്ക്കും.
ഭരണഘടനാ ഭേദഗതിക്കുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്നത് ഭരണഘടനയിലെ 368-ാം അനുച്ഛേദത്തിലാണ്. ഇതുപ്രകാരം രണ്ടുതരത്തിലാണ് ഭേദഗതി നടപ്പാക്കാനാവുക. ചില ഭേദഗതിബില്ലുകൾ ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ (സ്‌പെഷ്യൽ മെജോറിറ്റി) പാസായാൽ മതി. ഇരുസഭകളിലും അവിടത്ത ആകെ അംഗങ്ങളുടെ പകുതിയിലേറെ വോട്ട് ലഭിക്കുകയും വേണം. എന്നാൽ, മറ്റുചില വിഷയങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിക്ക് മേൽപ്പറഞ്ഞതിനുപുറമേ, രാജ്യത്തെ പകുതിയെങ്കിലും സംസ്ഥാന നിയമസഭകളുടെ പ്രമേയം വഴിയുള്ള അംഗീകാരം വേണം. വനിതാ സംവരണത്തിനായുള്ള ഭേദഗതി ഇതിനുകീഴിൽ വരുമോയെന്നതാണ് ചോദ്യം.
നിയമസഭകളുടെകൂടി അംഗീകാരം ആവശ്യമായ വിഷയങ്ങളേതെല്ലാമാണെന്ന് 368-ാം അനുച്ഛേദത്തിന്റെ രണ്ടാം ഉപവകുപ്പിൽ പറയുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പ്, സുപ്രീംകോടതിയും ഹൈക്കോടതികളും സംബന്ധിച്ച വിഷയം, കേന്ദ്ര-സംസ്ഥാന അധികാര വിഭജനം, ഏഴാം പട്ടികയിൽ വരുന്നവ, പാർലമെന്റിൽ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം, 368-ാം വകുപ്പിന്റെതന്നെ ഭേദഗതി എന്നിവയാണത്. നിയമസഭകളിൽ പകുതിയെണ്ണത്തിന്റെ അംഗീകാരം ലഭിച്ചാൽ ബാക്കിയുള്ളവയുടെ തീരുമാനത്തിനായി കാത്തിരിക്കേണ്ടതുമില്ല. വനിതാ ബില്ലിന് അതു കിട്ടുമെന്നത് ഉറപ്പാണ്.
ലോക്‌സഭയിൽ 454 അനുകൂലിക്കുമ്പോഴും 2 പേര് എതിർത്തെങ്കിൽ രാജ്യസഭയുടെ അംഗീകാരം ഒറ്റമനസോടെയായിരുന്നു വനിതാ ബിൽ പാസാക്കിയത്. ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയും വനിതാ സംവരണ ബിൽ പാസാക്കിയതോടെ കാലം കാത്തിരുന്ന പച്ചക്കൊടിയാണ് പാർലമെന്റിൽ നിന്നും ഉയർന്നത് . സെൻസസും മണ്ഡല പുനർ നിർണയവും കഴിഞ്ഞാൽ മാത്രമേ സംവരണം സാധ്യമാകൂ . വേഗത്തിൽ നടപ്പാക്കണമെന്ന ഭേദഗതി, വോട്ടിങ്ങിനു തൊട്ടുമുൻപായി ഇടത് എംപിമാർ പിൻവലിച്ചു . ഒബിസി വിഭാഗത്തിന് ഉപസംവരണം വേണമെന്ന ഭേദഗതി വോട്ടിനിട്ടപ്പോൾ പരാജയപ്പെട്ടു .
ലോക്‌സഭയിൽ ഭേദഗതി വോട്ടിനിടാതെ കോൺഗ്രസ് പിൻവലിഞ്ഞെങ്കിലും രാജ്യസഭയിൽ അവസാന നിമിഷം വരെ ആവശ്യം ഉയർത്തി . കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ കൊണ്ടുവന്ന ഭേദഗതിയാണ് സഭ തള്ളിയത്. വനിതാ സംവരണ ബില്ല് രാജ്യസഭയിൽ രണ്ടാം തവണയാണ് പാസാക്കുന്നത്. 2010 മാർച്ചിൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് ആദ്യം പാസായത് . പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയതിനാൽ പുതിയ ബില്ല് ആയിട്ടാണ് ഇത്തവണ അനുവദിച്ചത്. മുൻ ബില്ലിലെ പോലെ പാർലമെന്റിലേക്കും നിയമസഭയിലേക്കും 33 ശതമാനം സംവരണം എന്നതിൽ മാറ്റം വരുത്തിയില്ലെങ്കിലും പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് ഉപസംവരണം ഏർപ്പെടുത്തിയിട്ടുണ്ട് .




