ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്‌സഭയിലും പാസാക്കിയതോടെ ഇത് രാഷ്ട്രീയ നേട്ടമാക്കാൻ ശ്രമം തുടങ്ങി ബിജെപി. വനിതാ സംവരണ ബിൽ ബിജെപിയുടെ നേട്ടമായി അവതരിപ്പിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി കാര്യങ്ങൾ മാറ്റുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. നരേന്ദ്ര മോദി സർക്കാറിന് മൂന്നാമൂഴം നൽകുക എന്ന പ്രചരണം കൂടുതൽ ഊർജ്ജിതമാക്കാനാണ് ശ്രമം. ഇതിന്റെ തുടക്കമെന്ന നിലയിൽ ബിൽ രാജ്യസഭയിലും പിന്നിട്ടതോടെ പ്രധാനമന്ത്രിക്ക് ബിജെപി ആസ്ഥാനത്ത് വനിതാ പ്രവർത്തകർ സ്വീകരണം നൽകി.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചരിത്രം രചിക്കപ്പെടുന്നതിന് സാക്ഷിയായി എന്ന് പ്രധാനമന്ത്രി സ്വീകരിച ചടങ്ങിൽ പറഞ്ഞു. വരും തലമുറകൾ ഇത് ഓർക്കും. എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും അഭിനന്ദനം. ചില തീരുമാനങ്ങൾ രാജ്യത്തിന്റെ തലയിലെഴുത്ത് മാറ്റുമെന്ന് മോദി പറഞ്ഞു. വർഷങ്ങളുടെ സ്വപ്നം യാഥാർഥ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിത സംവരണ ബിൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും. ബിൽ പാസാക്കിയതിന് പിന്നാലെ ആരംഭിച്ച ബിജെപി ആഘോഷങ്ങൾ തുടരുകയാണ്. ബിജെപി ദേശീയ ആസ്ഥാനത്ത് മഹിള മോർച്ച, ബിജെപി വനിത എംപിമാർ എന്നിവർ ചേർന്ന് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകി. നിർമ്മല സീതാരാമനും സ്മൃതി ഇറാനിയും അടക്കമുള്ളവർ പ്രധാനമന്ത്രിക്ക് സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ വനിതാ സംവരണ ബില്ല് ഉടൻ രാഷ്ട്രപതിക്കയക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്നലെ രാത്രി ഏറെ വൈകിയാണ് ബില്ല് രാജ്യസഭയിലും പാസായത്. രാജ്യസഭയിൽ കൂടി പാസായതോടെ രാഷ്ട്രപതിയുടെ അനുമതിക്ക് വേണ്ടി ബില്ല് അയക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ബില്ലിൽ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.

ബിൽ നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാട്ടി സംസ്ഥാനങ്ങളിൽ പ്രചാരണം നടത്താനാണ് ബിജെപിയുടെ നീക്കം. വരുന്ന 5 നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും വനിത സംവരണം രാഷ്ട്രീയ ആയുധമാക്കും. നരേന്ദ്ര മോദി സർക്കാരിന് മൂന്നാമൂഴം വേണമെന്ന പ്രചരണം ഇപ്പോഴേ തുടങ്ങാനാണ് തീരുമാനം. ജി 20യിലെ നേട്ടവും ബിജെപി തെരഞ്ഞെടുപ്പിൽ ആയുധമാക്കും.

ഇന്നലെ രാജ്യസഭയിൽ 215 പേരാണ് ബില്ലിനെ അനുകൂലിച്ചത്. എന്നാൽ ആരും എതിർത്തില്ല. ബില്ലിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാർ എന്നിവരുടെ ഭേദഗതി നിർദ്ദേശങ്ങൾ തള്ളിയിരുന്നു. മണ്ഡല പുനർനിർണ്ണയത്തിനും സെൻസെസ്സിനും ശേഷമാകും ബിൽ പ്രകാരം വോട്ടെടുപ്പു നടത്തുക. കഴിഞ്ഞ ദിവസം ബില്ല് ലോക്‌സഭയിലും പാസായിരുന്നു.

എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊർജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും ചർച്ചക്കിടെ മോദി പറഞ്ഞു. ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് മോദി നന്ദി അറിയിച്ചു.