- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യം കാത്തിരുന്ന നിമിഷം! രാഷ്ട്രപതി ഒപ്പ് വെച്ചതോടെ വനിത സംവരണ ബിൽ യാഥാർത്ഥ്യമായി; വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും; സെൻസെസ്, മണ്ഡല പുനർ നിർണ്ണയ നടപടികൾ പൂർത്തിയാകുന്നതോടെ പ്രാവർത്തികമാകും
ന്യൂഡൽഹി: രാജ്യം കാത്തിരുന്ന നിമിഷം! ലോക്‌സഭയും രാജ്യസഭയും കടന്നെത്തിയ വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പ് വെച്ചതോടെ നിയമം യാഥാർത്ഥ്യമാകുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും. ബില്ലിൽ നേരത്തെ ഉപരാഷ്ട്രപതി ഒപ്പ് വെച്ചിരുന്നു. തുടർന്നാണ് രാഷ്ട്രപതിക്ക് കൈമാറിയത്. നീണ്ട ചർച്ചകൾക്കു ശേഷം ലോക്‌സഭയും, രാജ്യസഭയും ബിൽ നേരത്തെ പാസാക്കിയിരുന്നു.
നിയമനിർമ്മാണ സഭകളിൽ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിത സംവരണ ബില്ലിന് രാജ്യസഭയും ലോക്‌സഭയും നേരത്തെ അംഗീകാരം നൽകിയിരുന്നു. ബാലറ്റ് പേപ്പർ ഉപയോഗിച്ച് ലോക്സഭയിലും ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യസഭയിലും വോട്ടെടുപ്പ് നടത്തിയാണ് ബിൽ പാസാക്കിയത്.
രാജ്യസഭയിൽ 215 പേർ ബില്ലിലെ അനുകൂലിച്ചിരുന്നു. എന്നാൽ ആരും എതിർത്തില്ല. അതിനു മുമ്പ് ലോക്‌സഭയിലും ബിൽ പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊർജ്ജമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.
രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും മോ?ദി പറഞ്ഞു. ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് മോദി നന്ദി അറിയിച്ചിരുന്നു.
വനിത സംവരണം 2026 ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. സെൻസെസ്, മണ്ഡല പുനർ നിർണ്ണയ നടപടികൾ പൂർത്തിയായാലേ നിയമം നടപ്പാക്കാനാകൂ. വരുന്ന ലോക് സഭ തെരഞടുപ്പിന് ശേഷമേ ഈ നടപടികൾ തുടങ്ങൂയെന്ന് അമിത്ഷായും വ്യക്തമാക്കിയതോടെ വനിത സംവരണം 2024ലുണ്ടാകില്ലെന്ന് സ്ഥിരീകരണമായിരുന്നു.
പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വനിതാ സംവരണ ബില്ലിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ നേരത്തെ ഒപ്പുവച്ചിരുന്നു. ബില്ലിൽ ഉപരാഷ്ട്രപതി ഒപ്പുവച്ച കാര്യം അദ്ദേഹത്തിന്റെ ഓഫീസാണ് എക്സിലൂടെ അറിയിച്ചത്.
''ഭരണഘടനയുടെ അനുച്ഛേദം 111 പ്രകാരം അംഗീകാരത്തിനായി രാഷ്ട്രപതിക്ക് മുമ്പാകെ സമർപ്പിക്കുന്നതിന് വേണ്ടി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭരണഘടനാ (128ാം ഭേദഗതി) ബിൽ, 2023-ൽ രാജ്യസഭാ ചെയർമാൻ ഒപ്പുവെച്ചു,'' ഉപരാഷ്ട്രപതിയുടെ ഓഫീസ് എക്സിൽ കുറിച്ചു. ഒപ്പിട്ട ബില്ലിന്റെ കോപ്പി ധൻകറിൽ നിന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഖ്വാൾ ഏറ്റുവാങ്ങുന്ന ചിത്രവും ഉപരാഷ്ട്രപതിയുടെ ഓഫീസ് പങ്കുവച്ചു.
സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നയരൂപീകരണത്തിൽ ജനപ്രതിനിധികളായി സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പിക്കുക എന്നതാണ് വനിതാ സംവരണ ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്. 2010ൽ ഡോ. മന്മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ തയ്യാറാക്കിയ ബില്ലിൽനിന്ന് ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന് സംവരണം ഉൾപ്പെടുത്തുന്നതിനുള്ള രണ്ട് ഭേദഗതി മാത്രമാണ് പുതിയ ബില്ലിലുള്ളത്.
ആറ് പേജുള്ള ബില്ലിൽ പട്ടികജാതി-പട്ടികവർഗക്കാർക്കുള്ള ഉപ സംവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും എസ്സി, എസ്ടി സംവരണ സീറ്റുകളിലെ സ്ത്രീപ്രാതിനിധ്യവും 33 ശതമാനം സ്ത്രീസംവരണത്തിൽ ഉൾപ്പെടും. സംവരണ ക്വാട്ടയിൽ മൂന്നിലൊന്ന് സീറ്റുകൾ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ളതായിരിക്കും.
അതേസമയം, ഒബിസി വിഭാഗങ്ങൾക്ക് (മറ്റ് പിന്നാക്കവിഭാഗം) സംവരണമില്ല. ജാതി സെൻസസ് നടത്തണമെന്നും ഒബിസി വിഭാഗങ്ങൾക്ക് എല്ലാ മേഖലയിലും പ്രത്യേക സംവരണം വേണമെന്നും കോൺഗ്രസ് ആവശ്യമുയർത്തിയിരുന്നു. ലോക്‌സഭാ, നിയമസഭാ സംവരണ മണ്ഡലങ്ങൾ പാർലമെന്റ് നിശ്ചയിക്കുന്നതിന് അനുസരിച്ച് മാറ്റാവുന്നതാണ്.
നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണ് നിയമമന്ത്രി അർജുൻ റാം മേഘ്വാൾ അതരിപ്പിച്ച വനിതാ സംവരണ ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
സെൻസസിനും മണ്ഡല പുനർനിർണയത്തിനും ശേഷം സംവരണം നടപ്പിലാക്കുമെന്നാണ് ബില്ലിൽ പറയുന്നത്. സെൻസസ് നടത്താനുള്ള തീയതി പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിനാൽ തന്നെ നിയമം നടപ്പിലാകാൻ ഇനിയും വൈകും.




