- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വൈ.എസ്.ആറിന്റെ രക്തം ആന്ധ്രയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുമോ? വൈ എസ് ശർമിള കോൺഗ്രസിൽ ചേർന്നു; എഐആസിസി ആസ്ഥാനത്ത് സ്വീകരിച്ചത് ഖാർഗെയും രാഹുലും ചേർന്ന്; ഇനി രാഷ്ട്രീയ പോരാട്ടത്തിനായി സഹോദരിയും സഹോദരനും നേർക്കുനേർ
ന്യൂഡൽഹി: വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശർമിള കോൺഗ്രസിൽ ചേർന്നു. വൈഎസ്ആറിന്റെ മകനെ നേരിടാൻ മകളെ കളത്തിലിറക്കിയിരിക്കയാണ് കോൺഗ്രസ്. രക്തത്തെ രക്തം കൊണ്ട് നേരിടുന്ന ശൈലി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടേയും രാഹുൽഗാന്ധിയുടേയും സാന്നിധ്യത്തിലാണ് അവർ പാർട്ടിയിൽ ചേർന്നത്. ആന്ധ്രയിൽ കോൺഗ്രസിന് പുതിയ ആവേശമായി ഇത് മാറും. തെലുങ്കാനയിൽ ജയിച്ച ശേഷമാണ് കോൺഗ്രസ് പുതിയ നീക്കം നടത്തുന്നത്.
തെലങ്കാനയിൽ ബി.ആർ.എസിന്റെ ആധിപത്യം അവസാനിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻവിജയം നേടിയിരുന്നു. ആന്ധ്രയിലും സമാന നേട്ടമാണ് ആഗ്രഹിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാകും ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് ശർമിളയുടെ വരവ് വഴിയൊരുക്കുമെന്നാണ് ഹൈക്കമാൻഡ് പ്രതീക്ഷ. ആന്ധ്രയിൽ കോൺഗ്രസ് അധ്യക്ഷയായി ശർമിള മാറുമെന്നാണ് സൂചന.
വൈ.എസ്.ആർ. തെലങ്കാന പാർട്ടിയുടെ സ്ഥാപക അധ്യക്ഷയായിരുന്നു ശർമിള. ഇക്കൊല്ലം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശർമിളയ്ക്ക് കോൺഗ്രസ് വലിയ ഉത്തരവാദിത്വങ്ങൾ നൽകുമെന്നാണ് സൂചന. എ.ഐ.സി.സി ജനറൽ സെക്രട്ടറി പദവും രാജ്യസഭാംഗത്വവും അവർക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ.
ഹെലിക്കോപ്ടർ അപകടത്തിൽ മരിച്ച ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ വിയോഗവും പിന്നാലെ നടത്തിയ ആന്ധ്ര വിഭജനവും തെലുങ്കാനയിലും ആന്ധ്രയിലും കോൺഗ്രസിന് തിരിച്ചടിയായി. വൈ.എസ്.ആറിനെ മകൻ ജഗന്റെ മുഖ്യമന്ത്രി മോഹം ഹൈക്കമാൻഡ് തടഞ്ഞതോടെ അദ്ദേഹം പാർട്ടി വിട്ട് വൈ.എസ്.ആർ പാർട്ടിയുമായി ആന്ധ്ര പിടിച്ചു.
ഒരുകാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയിൽ തിരിച്ചുവരവാണ് വൈ.എസ്.ആറിന്റെ മകളിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. വൈ എസ് ആറിന്റെ ഭാര്യയും കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ഏതായാലും അന്ധ്രയിലെ അടുത്ത തിരഞ്ഞെടുപ്പ് പോരാട്ടം വൈ എസ് ആറിന്റെ മക്കൾ തമ്മിലാകാനാണ് സാധ്യത.
തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതിയെ മുട്ടുകുത്തിച്ച് കോൺഗ്രസ് അധികാരം പിടിച്ചതിനു പിന്നാലെയാണ് ശർമിള കോൺഗ്രസിൽ ചേരുന്നതിനോട് അനുകൂലമായ നിലപാട് സ്വീകരിച്ചത്. തെലുങ്കാനയിൽ രേവന്ദ് റെഡ്ഡിയെ മുന്നിൽ നിർത്തിയായിരുന്നു കോൺഗ്രസിന്റെ തിരിച്ചു വരവ്. അതേ ശൈലി തന്നെയാകും ആന്ധ്രയിലും പരീക്ഷിക്കു.
ശർമിളയ്ക്ക് പുറമേ പത്തോളം വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംഎൽഎമാരും മുൻ എംഎൽഎമാരും കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചനകളുണ്ട്. തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രയിലും വൻ രാഷ്ട്രീയ നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. 2012ലാണ് ശർമിള രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. പിന്നീട് ജഗന്മോഹൻ റെഡ്ഡി അഴിമതിക്കേസിൽ അറസ്റ്റിലായപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത് ശർമിളയും അമ്മ വൈ.എസ്. വിജയമ്മയുമായിരുന്നു.
ആ തിരഞ്ഞെടുപ്പിൽ പാർട്ടി മികച്ച വിജയം നേടി. 2021ൽ സഹോദരനുമായി രാഷ്ട്രീയ ഭിന്നതയുണ്ടെന്ന് ശർമിള വ്യക്തമാക്കി. അതേ വർഷം ജൂലൈയിൽ വൈഎസ്ആർ തെലങ്കാന പാർട്ടി രൂപീകരിച്ച് കെ.ചന്ദ്രശേഖര റാവു സർക്കാരിനെതിരെ പ്രചാരണം ആരംഭിക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്