- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി ചലോ മാർച്ചിനിടെ യുവ കർഷകൻ കൊല്ലപ്പെട്ടു; ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരണമടഞ്ഞത് പഞ്ചാബിലെ ഭട്ടിൻഡയിൽ നിന്നുള്ള 21 കാരൻ; പ്രതിഷേധം കൂടുതൽ കടുക്കാൻ സാധ്യത; അഞ്ചാം റൗണ്ട് ചർച്ചയ്ക്ക് കർഷകരെ ക്ഷണിച്ച് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡൽഹി: ഡൽഹി ചലോ മാർച്ച് പുനരാരംഭിച്ചതിന് പിന്നാലെ യുവ കർഷകൻ ഹരിയാന സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 160 ഓളം കർഷകർക്ക് പരിക്കേറ്റു. ഫെബ്രുവരി 13 ന് ആരംഭിച്ച ഡൽഹി ചലോ മാർച്ചിൽ ഇതാദ്യാമായാണ് ഒരു കർഷകൻ കൊല്ലപ്പെടുന്നത്. പഞ്ചാബിലെ ഭട്ടിൻഡ ജില്ലയിലെ ബാലോക് ഗ്രാമത്തിൽ നിന്നുള്ള ശുഭ്കരൺ സിങ്ങാണ് (21) കൊല്ലപ്പെട്ടത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. ഇതോടെ, പ്രതിഷേധം കടുക്കാൻ സാധ്യതയുണ്ട്.
ശംഭു അതിർത്തിയിൽ കർഷകരെ ക്രൂരമായിട്ടാണ് പൊലീസ് നേരിട്ടത്. കണ്ണീർ വാതകം പ്രയോഗിച്ച് തടയാൻ ശ്രമിച്ചെങ്കിലും, മാർച്ചുമായി മുന്നോട്ടെന്ന നിലപാടുമായി കർഷകർ നീങ്ങുകയാണ്. സംഘർഷം ഉണ്ടായാൽ ഉത്തരവാദിത്വം സർക്കാരുകൾക്കാണെന്ന് കർഷക നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡൽഹി ചലോ മാർച്ച് നവംബർ 7 ന് തീരുമാനിച്ചതാണെന്നും സംഘർഷത്തിന് താല്പര്യം ഇല്ലെന്നും നേതാക്കൾ പറഞ്ഞിരുന്നു.. ബാരിക്കേഡുകൾ ഇട്ട് തങ്ങളെ തടയുന്നത് അവകാശങ്ങൾ നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ കർഷക നേതാക്കൾ കേന്ദ്ര സർക്കാർ സഹകരിച്ചാൽ സമാധാനപരമായി മാർച്ച് നടത്തുമെന്നും അറിയിച്ചു.
അതിനിടെ, സമരം ചെയ്യുന്ന കർഷകർക്കു യന്ത്രങ്ങൾ നൽകരുതെന്നു നാട്ടുകാരോടു ഹരിയാന പൊലീസ് നിർദ്ദേശിച്ചു. കർഷകർക്ക് ട്രാക്ടർ, ക്രെയിൻ, മണ്ണുമാന്തി യന്ത്രം എന്നിവ നൽകരുതെന്നാണു പൊലീസ് നിർദ്ദേശം. പ്രതിഷേധത്തിനായി ഇവ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഇത്തരം വാഹനങ്ങളും യന്ത്രങ്ങളും സമരസ്ഥലത്തുനിന്നും മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടു. മണ്ണുമാന്ത്രി യന്ത്രങ്ങളെത്തിച്ച അജ്ഞാതരായ ഡ്രൈവർമാർക്കെതിരെ അംബാല പൊലീസ് കേസെടുത്തിട്ടുണ്ട്.
മാർച്ച് തടയുന്നതിനായി കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിങ് കണ്ടെയ്നറുകൾ തുടങ്ങിയവയും പൊലീസ് റോഡിൽ നിരത്തിയിട്ടുണ്ട്. പൊലീസിന്റെ കണ്ണീർ വാതകഷെൽ പ്രയോഗങ്ങൾ ചെറുക്കുന്നതിനായി വലിയ സന്നാഹവുമായാണ് കർഷകരും എത്തിയത്. യുദ്ധടാങ്കുകൾക്കു സമാനമായി സജ്ജീകരിച്ച മണ്ണുമാന്തി യന്ത്രങ്ങളിൽ താൽക്കാലിക രൂപമാറ്റം വരുത്തി എത്തിച്ചിട്ടുണ്ട്. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ കാബിൻ ഇരുമ്പുപാളികൾ വച്ച് മറച്ച് മാർച്ച് നടത്താനാണ് കർഷകരുടെ തീരുമാനം. ഇരുമ്പുപാളികൾ കണ്ണീർ വാതക ഷെല്ലിൽനിന്നും റബ്ബർ പെല്ലറ്റുകളിൽനിന്നും സംരക്ഷണം നൽകുമെന്നാണു കർഷകരുടെ കണക്കുകൂട്ടൽ. കണ്ണീർ വാതകം ശ്വസിക്കാതിരിക്കുന്നതിനായി മുഖം തുണികൊണ്ട് കനത്തിൽ മറയ്ക്കും. വെള്ളത്തിൽ നനച്ച ചാക്കുകൾ പ്രതിരോധത്തിനായി ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്
അതേ സമയം ചർച്ചയ്ക്ക് വീണ്ടും താൽപര്യം അറിയിച്ച് കേന്ദ്രസർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. അവതരിപ്പിച്ച പദ്ധതിയിൽ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ചർച്ച നടന്നാൽ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നും സർക്കാർ വിശദമാക്കി. പ്രശ്നങ്ങൾക്ക് ഉറപ്പായും പരിഹാരം കാണും എന്നും കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട പറഞ്ഞു.
കർഷകസമരം തീർക്കാൻ മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ സഹായം കേന്ദ്രസർക്കാർ തേടി. അമരീന്ദർ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് സമരം തീർക്കണം എന്ന് നിലപാടാണ് ഉള്ളതെന്ന് അമരീന്ദർ സിങ് വ്യക്തമാക്കി. കർഷകർ ചില കാര്യങ്ങളിൽ ദേശീയ താല്പര്യം കൂടി പരിഗണിക്കണം എന്ന് അമരീന്ദർ സിങ് പറഞ്ഞു.
അതിനിടെ, അതിർത്തികളിൽ ഒത്തുചേരാൻ പ്രതിഷേധക്കാരെ തങ്ങൾ അനുവദിക്കുകയാണെന്ന കേന്ദ്രസർക്കാർ ആരോപണം പൂർണമായി തെറ്റാണെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. ഹരിയാന പൊലീസ്, കണ്ണീർ വാതക ഷെല്ലുകളും, റബർ ബുള്ളറ്റുകളും, ഡ്രോണുകളും മെയ്്ക്കരുത്തും പ്രയോഗിച്ച് കർഷകരെ നേരിടുമ്പോൾ തങ്ങൾ ഉത്തരവാദിത്വത്തോടെയാണ് ക്രമസമാധാന പാലിക്കുന്നതെന്നും പഞ്ചാബ് സർക്കാർ അവകാശപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ