ഹൈദരാബാദ്: വൈഎസ്ആർ കോൺഗ്രസിന്റെ നിർമ്മാണത്തിലിരിക്കുന്ന പ്രധാന ഓഫീസ് കെട്ടിടം മുനിസിപ്പൽ അധികൃതർ പൊളിച്ചുനീക്കി. ശനിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് കെട്ടിടം ഇടിച്ചുനിരത്തിയത്.

ഗുണ്ടൂർ ജില്ലയിലെ തടേപള്ളിയിലാണ് ഓഫീസ് നിർമ്മാണം പുരോഗമിച്ചിരുന്നത്. അനധികൃത കെട്ടിട നിർമ്മാണം എന്നാരോപിച്ചാണ് നടപടി.വൈഎസ്ആർ പാർട്ടി മേധാവി ജഗൻ മോഹൻ റെഡ്ഡി, ടിഡിപി നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രതികാര രാഷ്ട്രീയമാണമാണ് ഇതിന് പിന്നിലെന്ന് ആരോപിച്ചു. ഹൈക്കോടതി ഉത്തരവുകൾ ലംഘിച്ചാണ് കെട്ടിടം ഇടിച്ചുനിരത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രപ്രദേശ് തലസ്ഥാന മേഖല വികസന അഥോറിറ്റി (എപിസിആർഡിഎ) അധികൃതരാണ് കെട്ടിടം ഇടിച്ചു നിരത്തിയത്. കൈയേറിയ സ്ഥലത്താണ് ഓഫിസ് നിർമ്മിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നടപടി.

സംസഥാനത്തെ നിയമരാഹിത്യത്തിന് ജഗന്മോഹൻ റെഡ്ഡി ടിഡിപിയും, ബിജെപിയും ജനസേനയും അടങ്ങുന്ന എൻഡിഎ സർക്കാരിനെ വിമർശിച്ചു. അടുത്ത അഞ്ചുവർഷം ചന്ദ്രബാബു നായിഡുവിന്റെ ഭരണം എങ്ങനെയായിരിക്കും എന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

' ചന്ദ്രബാബു നായിഡുവിന്റെ പ്രതികാര രാഷ്ട്രീയം അടുത്ത ഘട്ടത്തിലേക്ക്. ഒരു സ്വേച്ഛാധിപതിയെ പോലെ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയുടെ പ്രധാന ഓഫീസ് എക്‌സ്‌കവേറ്ററുകളും ബുൾഡോസറുകളും ഉപയോഗിച്ച് ഇടിച്ചുനിരത്തി', റെഡ്ഡി എക്‌സിലെ പോസ്റ്റിൽ കുറിച്ചു. ഹൈക്കോടതിയുടെ വിലക്ക് നിലനിൽക്കെയാണ് സി ആർ ഡി എയുടെ നടപടിയെന്നും വൈഎസ്ആർസിപി ആരോപിച്ചു. ഇത് കോടതിയലക്ഷ്യമാണെന്നും പാർട്ടി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇത്തരം പ്രതികാര രാഷ്ട്രീയത്തിന് എതിരെ തങ്ങൾ ശക്തമായി പോരാടുമെന്നും ജഗന്മോഹൻ റെഡ്ഡി വ്യക്തമാക്കി.

അതേസമയം, കെട്ടിതം ജലസേചന വകുപ്പിന്റെ ഭൂമിയിലാണ് നിർമ്മിക്കുന്നതെന്ന് സി ആർ ഡി എയും, എം ടി എം സി അധികൃതരും പ്രതികരിച്ചു.