ന്യൂഡൽഹി: രാജ്യസഭയിലെ 12 ശതമാനം എംപിമാർ ശതകോടീശ്വരന്മാരെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസിന്റെ റിപ്പോർട്ട്. രാജ്യസഭയിൽ നിലവിലുള്ള 223 രാജ്യസഭാ എംപിമാരിൽ 27 പേരാണ് ശതകോടീശ്വരന്മാരായുള്ളത്. ആന്ധ്രയിൽ നിന്നുള്ള 11 എംപിമാരിൽ അഞ്ചുപേർ (45 ശതമാനം) ശതകോടീശ്വര പട്ടികയിലുണ്ട്. തെലങ്കാനയിലെ ഏഴിൽ മൂന്ന് എംപിമാരും (43 ശതമാനം) ശതകോടീശ്വരന്മാരാണ്. തെലങ്കാനയിൽ നിന്നുള്ള ഏഴ് രാജ്യസഭാംഗങ്ങളുടെ ആകെ സ്വത്ത് 5596 കോടി രൂപയാണ്. ആന്ധ്രയിലെ 11 എംപിമാരുടെ ആകെ സ്വത്ത് 3823 കോടിയാണ്.

യുപിയിൽ നിന്നുള്ള മുപ്പത് രാജ്യസഭാംഗങ്ങൾക്കായി 1941 കോടി രൂപയുടെ സ്വത്തുണ്ട്. തെലങ്കാനയിൽ നിന്നുള്ള ടിആർഎസ് എംപി ബണ്ടി പാർത്ഥസാരഥിയാണ് ഏറ്റവും സമ്പന്നനായ രാജ്യസഭാംഗം. ബണ്ടിയുടെ ആകെ സ്വത്ത് 5300 കോടി രൂപയാണ്. 2577 കോടി രൂപ സ്വത്തുള്ള ആന്ധ്രയിൽ നിന്നുള്ള വൈഎസ്ആർസിപി അംഗം അയോധ്യ രാമി റെഡ്ഡിയാണ് സ്വത്തിൽ രണ്ടാമൻ. 1001 കോടി രൂപയുടെ സ്വത്തുമായി ജയാ ബച്ചൻ മൂന്നാമതുണ്ട്. കേരളത്തിൽ നിന്നുള്ള സമ്പന്നൻ പി വി അബ്ദുൾവഹാബാണ് 242 കോടി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിന് ആധാരം.

അതേസമയം രാജ്യസഭയിലെ 225 സിറ്റിങ് എംഎപിമാരിൽ 75 പേർക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇതിൽ നാലുപേരുടെ കേസ് സ്ത്രീകൾക്കെതിരായുള്ള കുറ്റകൃത്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കോടികൾ കൊണ്ട് അമ്മാനമാടുന്ന രാജ്യസഭാംഗങ്ങൾ

225 സിറ്റിങ് എംപിമാരിൽ 27 പേർ ശതകോടീശ്വരന്മാരാണ്. ബിജെപിയുടെ ആറ്, കോൺഗ്രസിന്റെ നാല്, വൈഎസ്ആർസിപിയുടെ ഒൻപത്, എഎപിയുടെ മൂന്ന്, ടിആർഎസിന്റെ മൂന്ന്, ആർജെഡിയുടെ രണ്ട് എംപിമാർക്ക് 100 കോടിക്കു മുകളിൽ സ്വത്തുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആന്ധ്ര പ്രദേശിൽനിന്നുള്ള 11 എംപിമാരിൽ അഞ്ച് പേർ ശതകോടീശ്വരന്മാരാണ്. തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള നിന്നുള്ള മൂന്ന്, ഡൽഹിയിൽനിന്നുള്ള ഒന്ന്, പഞ്ചാബിൽനിന്നുള്ള ഏഴ്, ഹരിയാനയിൽനിന്നുള്ള ഒന്ന്, മധ്യപ്രദേശിൽനിന്നുള്ള രണ്ട് എംപിമാർക്കും 100 കോടിക്കു മുകളിൽ സ്വത്തുണ്ട്.

പത്തുകോടിക്കും അതിനു മുകളിലും സമ്പത്തുള്ള രാജ്യസഭാംഗങ്ങൾ 84 പേരാണ് (37%). അഞ്ച് കോടിക്കും പത്തു കോടിക്കുമിടയിൽ സമ്പത്തുള്ളത് 33 (15%) പേർക്കാണ്. ഒരു കോടിക്കും അഞ്ചുകോടിക്കുമിടയിൽ സമ്പത്തുള്ളത് 77 പേർ, 20 ലക്ഷത്തിനും ഒരു കോടിക്കുമിടയിൽ സമ്പത്തുള്ളത് 23 പേർ, 20 ലക്ഷത്തിൽത്താഴെ സമ്പത്തുള്ളത് എട്ടുപേർക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എംപിമാരുടെ ശരാശരി സമ്പാദ്യം 80.93 കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെ സമ്പാദ്യം 18,210 കോടി രൂപയും. ബിജെപി എംപിമാരുടെ ആകെ സമ്പാദ്യം 2,579 കോടി രൂപയാണ്. കോൺഗ്രസ് എംപിമാരുടെ ആകെ സമ്പാദ്യം 1,549 കോടിയാണ്. വൈഎസ്ആർസിപിയുടെ ഒൻപത് എംപിമാരുടെ ആകെ സമ്പാദ്യം 3,561 കോടി, ഏഴ് ടിആർഎസ് എംപിമാരുടെ ആകെ സമ്പാദ്യം 5,596 കോടി, പത്ത് എഎപി എംപിമാരുടെ ആകെ സമ്പാദ്യം 1,316 കോടി രൂപയുമാണ്.

പത്തുലക്ഷത്തിൽത്താഴെ സ്വത്തുള്ള നാല് എംപിമാരാണുള്ളത്. പഞ്ചാബിൽനിന്നുള്ള എഎപി അംഗം സന്ത് ബൽബീർ സിങ് (3,79,972), മണിപ്പുരിൽനിന്നുള്ള ബിജെപി അംഗം മഹാരാജ സനഡോബ ലെയ്‌ഷെംബ (548,594), ഡൽഹിയിൽനിന്നുള്ള എഎപി അംഗം സഞ്ജയ് സിങ് (6,60,513), ബംഗാളിൽനിന്നുള്ള തൃണമൂൽ അംഗം പ്രകാശ് ചിക് ബരായിക് (925,000) എന്നിവരാണവർ.

അതേസമയം 166 എംപിമാർക്ക് ബാധ്യതകളുമുണ്ട്. ഏറ്റവും കൂടുതൽ ബാധ്യതകളുള്ളത് ആന്ധ്രയിൽനിന്നുള്ള വൈഎസ്ആർസിപി അംഗം നത്വാനി പരിമളിന് 209 കോടിയിലേറെ ബാധ്യതയുണ്ട്. ആകെ 369 കോടിയോളം രൂപയാണ് സ്വത്ത്. വൈഎസ്ആർസിപിയുടെ അല്ല അയോഗ്യ രാമി റെഡ്ഡിക്ക് 154 കോടി രൂപയിലേറെ ബാധ്യതയുണ്ട്. ഇദ്ദേഹത്തിന് ആകെ 2577 കോടിയാണ് സ്വത്ത്. 1001 കോടിയിലധികം സ്വത്തുള്ള ജയ ബച്ചന് 105 കോടിയിലേറെ രൂപ ബാധ്യതയുണ്ട്.

ക്രിമിനൽ കേസുകളും ധാരാളം

രാജ്യസഭയിലെ 33 ശതമാനം പേർക്കെതിരെയാണ് ക്രിമിനൽ കേസുകളുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. നാലു സിറ്റിങ് എംപിമാർക്കെതിരെ കൊലക്കുറ്റമാണുള്ളത്. രണ്ട് എംപിമാരുടെ പേര് കൊലക്കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിജെപിയിൽനിന്നുള്ള 85 രാജ്യസഭാ എംപിമാരിൽ 23 പേർക്കെതിരെ ക്രിമിനൽ കേസ് ഉണ്ട്. കോൺഗ്രസിന്റെ 30ൽ പത്തുപേർക്കെതിരെയും കേസുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ 13 എംപിമാരിൽ നാല്, ആർജെഡിയുടെ ആറ് എംപിമാരിൽ അഞ്ച്, സിപിഎമ്മിന്റെ അഞ്ച് എംപിമാരിൽ നാല്, എഎപിയുടെ പത്ത് എംപിമാരിൽ മൂന്ന്, വൈഎസ്ആർസിപിയുടെ ഒൻപത് എംപിമാരിൽ മൂന്ന്, എൻസിപിയുടെ മൂന്ന് എംപിമാരിൽ രണ്ടുപേർക്കെതിരെയാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളുള്ള എംപിമാരുള്ളത് മഹാരാഷ്ട്രയിൽനിന്നാണ്. പിന്നാലെ ബിഹാറും ഉത്തർപ്രദേശും വരുന്നു. മഹാരാഷ്ട്രയിൽനിന്നുള്ള 19ൽ 12 എംപിമാർക്കെതിരെയും ക്രിമിനൽ കേസുണ്ട്. ബിഹാറിൽനിന്നുള്ള 16ൽ പത്ത് പേർ, ഉത്തർപ്രദേശിൽനിന്നുള്ള 30ൽ ഏഴുപേർ, തമിഴ്‌നാട്ടിലെ 18ൽ ആറുപേർ, കേരളത്തിലെ ഒൻപതിൽ ആറുപേർ, ബംഗാളിലെ 16ൽ അഞ്ചുപേർ എന്നിങ്ങനെയാണ് ക്രിമിനൽ കേസുള്ള എംപിമാരുടെ എണ്ണം.