ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ബഹളം വച്ചതിന് കോൺഗ്രസിലെ അധിർ രഞ്ജൻ ചൗധരിയടക്കം 33 പ്രതിപക്ഷ എംപിമാരെ ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ശീതകാല സമ്മേളനത്തിന്റെ അവശേഷിക്കുന്ന കാലയളവിലേക്കാണ് സസ്‌പെൻഷൻ. കഴിഞ്ഞാഴ്ച ഉണ്ടായ പാർലമെന്റ് അതിക്രമത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ അഭിസംബോധന ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറുടെ ചേംബറിൽ പ്രതിഷേധിച്ചതോടെയാണ് കടുത്ത നടപടി.

ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടതിന് 13 പ്രതിപക്ഷ എം പിമാർക്കെതിരെ കഴിഞ്ഞാഴ്ച നടപടി സ്വീകരിച്ചിരുന്നു. ഇതുകൂടാതെ, പ്രിവിലേജ് കമ്മിറ്റിയുടെ ശുപാർശ വരുന്നത് വരെ മൂന്നു എംപിമാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇതോടെ, ആകെ 46 എംപിമാർ ഇപ്പോൾ സസ്‌പെൻഷിലാണ്. ഇതിൽ 43 പേർ പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടതിന് നടപടി നേരിടുന്നവരാണ്.

ഇന്നുസസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ, കോൺഗ്രസിന്റെ ലോക്‌സഭായിലെ നേതാവ് അധിർ രഞ്ജൻ ചൗധരി, ഉപനേതാവ് ഗൗരവ് ഗൊഗോയി എന്നിവർ ഉൾപ്പെടുന്നു. കേരളത്തിൽ നിന്നുള്ള ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കമുള്ള എംപിമാരെയാണു സസ്‌പെൻഡ് ചെയ്തത്. ഡോ. കെ.ജയകുമാർ, അബ്ദുൽ ഖാലിഖ്, വിജയ് വസന്ത് എന്നിവർക്ക് അവകാശ ലംഘന സമിതി റിപ്പോർട്ട് വരുന്നതു വരെയും ബാക്കി 30 പേർക്ക് ഈ സമ്മേളന കാലാവധി വരെയുമാണു സസ്‌പെൻഷൻ.

കേന്ദ്രസർക്കാർ സ്വേച്ഛാധിപത്യരീതിയിലാണ് പെരുമാറുന്നതെന്നും, പാർലമെന്റിനെ ബിജെപി ആസ്ഥാനമായാണ് കണക്കാക്കുന്നതെന്നും അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു. സമ്മേളനം ആരംഭിച്ചപ്പോൾ മുതൽ പ്രതിപക്ഷം സർക്കാരുമായി സഹകരിച്ചുവരികയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബഹളത്തെ തുടർന്ന് ലോക്‌സഭ ചൊവ്വാഴ്ച 11 മണി വരെ പിരിഞ്ഞു. അതിക്രമം ചോദ്യംചെയ്ത എംപിമാർ കൂട്ടമായി സസ്‌പെൻഷൻ നേരിടുകയും അക്രമികൾക്കു പാർലമെന്റിലെത്താൻ പാസ് നൽകിയ ബിജെപി എംപി: പ്രതാപ് സിംഹ ലോക്‌സഭാംഗമായി തുടരുകയും ചെയ്യുന്നതിലൂടെ രാഷ്ട്രീയ മര്യാദയുടെ സർവസീമകളും ഭരണപക്ഷം ലംഘിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

രാജ്യസഭ നാലുമണിവരെ പിരിഞ്ഞു. പിരിയുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് തന്നെ ചേംബറിലെത്തി തന്നെ കാണണമെന്ന് ചെയർമാൻ ജഗ്ദീപ് ധൻകർ ആവശ്യപ്പെട്ടു. ഡിസംബർ 13 നടന്നത് എല്ലാവർക്കും ആശങ്കയുളവാക്കിയ സംഭവമാണെന്നും ഈ സ്ഥാപനം പരമാവധി സുരക്ഷയോടെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടേത് കൂട്ടായ ഉത്തരവാദിത്വമാണെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു. സംഭവത്തെ കുറിച്ച് ഉന്നതതലസമിതി അന്വേഷണം നടത്തി വരികയാണെന്നും സമിതിയുടെ കണ്ടെത്തലുകൾ സഭയിൽ പങ്കുവയ്ക്കുമെന്നും ധൻകർ അറിയിച്ചു.