- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി 78 പ്രതിപക്ഷ എം പിമാർക്ക് കൂട്ടത്തോടെ സസ്‌പെൻഷൻ; ലോക്‌സഭയിൽ 33 എം പിമാരും രാജ്യസഭയിൽ 45 എംപിമാരും പുറത്ത്; പ്രതിപക്ഷത്തെ ചൊടിപ്പിച്ചത് പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ മോദിയും അമിത്ഷായും സഭയിൽ മറുപടി പറയാതെ പുറത്ത് സംസാരിച്ചത്
ന്യൂഡൽഹി: രണ്ടോ മൂന്നോ എംപിമാരെയല്ല, 78 എം പിമാരെയാണ് ഇന്ന് പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. പാർലമെന്റിലെ സുരക്ഷാ വീഴ്ചയെ ചൊല്ലി സഭകൾ അലങ്കോലപ്പെട്ടതോടെയാണ് കടുത്ത നടപടിയിലേക്ക് ഇരുസഭാദ്ധ്യക്ഷന്മാരും നീങ്ങിയത്. അടുത്ത പൊതുതിരഞ്ഞടുപ്പിന് മുമ്പേയുള്ള പാർലമെന്റിന്റെ അന്തിമ ഫുൾ സിറ്റിംഗിലാണ് പ്രതിപക്ഷ എംപിമാരിലെ കാൽഭാഗത്തെ പുറത്തുനിർത്തുന്നത്. ലോക്‌സഭയിലും രാജ്യസഭയിലും പ്രമുഖ കോൺഗ്രസ് നേതാക്കൾ എല്ലാം പുറത്തായി എന്നതാണ് ശ്രദ്ധേയം. ലോക്‌സഭയിൽ അധിർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയി എന്നിവരെ സസ്‌പെൻഡ് ചെയ്തപ്പോൾ, രാജ്യസഭയിൽ ജയ്‌റാം രമേശ്, കെ സി വേണുഗോപാൽ, രൺദീപ് സുർജേവാല തുടങ്ങിയവർ പുറത്തായി.
പാർലമെന്റ് സുരക്ഷാ വീഴ്ചയെ കുറിച്ച് പ്രസ്താവന നടത്താൻ വിസമ്മതിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് തികഞ്ഞ ധാർഷ്ട്യമെന്നാണ് ഗൊഗോയി വിമർശിച്ചത്. പാർലമെന്റിൽ സംസാരിക്കുന്നതിനേക്കാൾ, സ്വകാര്യ ടിവി ചാനലിനോട് സംസാരിക്കുന്നതാണ് ഉചിതമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഇതൊരു പരാജയം സമ്മതിക്കാൻ വിമുഖതയുള്ള അരക്ഷിതനായ ആഭ്യന്ത്ര മന്ത്രിയാണ്, ഗൊഗോയി വിമർശിച്ചു.
ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നത് ദേശീയ സുരക്ഷയെ അപകടത്തിലാക്കുമെന്നാണ് കേന്ദ്രത്തിന്റെ ആശങ്കയെന്ന വാദവും പ്രതിപക്ഷം തള്ളുന്നു. അങ്ങനെയെങ്കിൽ, പത്രങ്ങൾക്ക് എക്‌സ്‌ക്ലൂസീവ് അഭിമുഖങ്ങൾ ഷായും മോദിയും നൽകിയത് എന്തുകൊണ്ടെന്നും, പാർലമെന്റിൽ സംസാരിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
പാർലമെന്റിന്റെ സുരക്ഷ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ചുമതലയാണെങ്കിലും, കർണാടക, ഹരിയാന, യുപി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള അക്രമികളുടെ പാർലമെന്റിന് പുറത്തെ ഗൂഢാലോചനയ്ക്ക് ആരെയാണ് ഷാ പഴിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തുക, ജനകീയ പ്രശ്‌നങ്ങളും, ദേശീയ സുരക്ഷയും ഉയർത്തുന്നവരിൽ പരമാവധി പേരെ സസ്‌പെൻഡ് ചെയ്യുക ഈയൊരു ലക്ഷ്യം വച്ചാണ് സഭ ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. സസ്‌പെൻഷന് വേണ്ടിയാണ് ചർച്ചയ്ക്ക് വേണ്ടിയല്ല പാർലമെന്റ്, കെ സി പറഞ്ഞു.
പ്രതിപക്ഷത്തെ സമ്പൂർണമായി സസ്‌പെൻഡ് ചെയ്തിട്ട് സഭ നടത്താൻ സർക്കാരിന് ധാർമികാവകാശമില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. ജനങ്ങളുടെ ശബ്ദം അടിച്ചമർത്തിയിരിക്കുകയാണ്. അവർ മൂന്നു സുപ്രധാന ബില്ലുകൾ പാസാക്കുകയാണ്. പ്രതിപക്ഷത്തെ പൂർണമായി സസ്‌പെൻഡ് ചെയ്തിട്ട് അവർ സഭ എങ്ങനെ നടത്തും, മമത ചോദിച്ചു. എതിർശബ്ദമില്ലാതെ ബില്ലുകൾ പാസാക്കാനാണ് നീക്കമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വിമർശിച്ചു. അതേസമയം, അച്ചടക്കമില്ലാത്ത പെരുമാറ്റത്തിനാണ് എംപിമാരെ സസ്‌പെൻഡ് ചെയ്തതെന്ന് കേന്ദ്രസർക്കാർ പറയുന്നു.
പാർലമെന്റ് ചരിത്രത്തിലാദ്യമായാണ് 78 എം പിമാർക്ക് ഒരു ദിവസം കൂട്ട സസ്‌പെൻഷൻ നൽകിയിരിക്കുന്നത്. ആദ്യം ലോക് സഭയിൽ 33 എംപിമാരെ ആദ്യം സസ്‌പെൻഡ് ചെയ്യ്തു. പിന്നാലെ രാജ്യസഭയിൽ 45 എം പിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇതോടെ ഈ സമ്മേളന കാലയളവിൽ സസ്‌പെൻഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 92 ആയി.
കോൺഗ്രസിന്റെ ലോക്‌സഭയിലെ കക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരി, കെ സി വേണുഗോപാൽ, ജയറാം രമേശ്, ബിനോയ് വിശ്വം എന്നിവരടക്കമുള്ള 78 എം പിമാരെയാണ് ഇന്ന് സസ്‌പെൻഡ് ചെയ്തത്. പതിനൊന്ന് പേർക്ക് മൂന്ന് മാസവും മറ്റുള്ളവർക്ക് സഭ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെയുമാണ് സസ്‌പെൻഷൻ. മൂന്ന് മാസത്തേക്ക് സസ്‌പെൻഷനിലായവർക്കെതിരായ തുടർനടപടി എത്തിക്‌സ് കമ്മിറ്റി തീരുമാനിക്കും.
കേരളത്തിൽ നിന്നുള്ള നിരവധി എം പിമാർക്കും ഇന്ന് സസ്‌പെൻഷൻ ലഭിച്ചിട്ടുണ്ട്. കെ മുരളീധരൻ, ആന്റോ ആന്റണി, എൻ കെ പ്രേമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ മാണി, ജെബി മേത്തർ, ബിനോയ് വിശ്വം, സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസൻ എന്നിവരാണ് ഇന്ന് സസ്‌പെൻഷൻ ലഭിച്ച കേരളത്തിൽ നിന്നുള്ള എം പിമാർ.
സഭയിൽ മറുപടി നൽകാതെ പ്രധാനമന്ത്രിയും അമിത്ഷായും ഇംഗ്ലിഷ് ചാനലിനോടും, ഹിന്ദി ദിനപത്രത്തോടും സംസാരിച്ച നടപടിയാണ് പ്രതിപക്ഷത്തെ കൂടുതൽ പ്രകോപിപ്പിച്ചത്. സുരക്ഷ വീഴ്ചയിൽ അന്വേഷണം ശരിയായ ദിശയിലെന്ന് സഭാധ്യക്ഷന്മാർ അവകാശപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. ലോക് സഭ സ്പീക്കറും, രാജ്യസഭ ചെയർമാനും സുരക്ഷ വീഴ്ചയിൽ അന്വേഷണം തുടരുകയാണെന്ന് ഇന്നും സഭയെ അറിയിച്ചെങ്കിലും പ്രതിഷേധം തുടർന്നു. പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക് സഭ നാല് തവണയും രാജ്യസഭ മൂന്ന് തവണയുമാണ് ഇന്ന് പിരിയേണ്ടി വന്നത്. സി ആർ പി സി, ഐ പി സി, എവിഡൻസ് ആക്ട് എന്നിവയിൽ നിർണ്ണായകമാറ്റങ്ങൾ കൊണ്ടുവരുന്ന മൂന്ന് ബില്ലുകൾ പാസാക്കിയെടുക്കാൻ സർക്കാർ ശ്രമം നടത്തുമ്പോഴാണ് എം പിമാർ പ്രതിഷേധം തുടർന്നത്. പ്രതിപക്ഷത്തെ കൂട്ടത്തോടെ പുറത്താക്കുമ്പോൾ ഏകപക്ഷീയമായി ബില്ലുകൾ പാസാക്കിയെടുക്കാനുള്ള അവസരം കൂടി സർക്കാരിന് കൈവരികയാണ്.
മറുനാടന് മലയാളി ബ്യൂറോ