ന്യൂഡൽഹി: സെപ്റ്റംബർ 18 മുതൽ പാർലമെന്റിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിന് മുമ്പായി 17ന് വൈകീട്ട് എല്ലാ പാർട്ടികളുടെയും യോഗം വിളിച്ച് കേന്ദ്രസർക്കാർ. കേന്ദ്രപാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ''പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുമ്പായി സെപ്റ്റംബർ 17ന് വൈകീട്ട് 4.30ന് എല്ലാ പാർട്ടികളുടെയും നേതാക്കളുടെ യോഗം വിളിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് അറിയിപ്പ് അതത് പാർട്ടി നേതാക്കൾക്ക് ഈ മെയിൽ വഴി അയച്ചിട്ടുണ്ട്. ''-കേന്ദ്രമന്ത്രി പ്രഹ്ലാദ്‌ജോഷി എക്‌സിൽ അറിയിച്ചു.

പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാനുള്ള കാരണത്തെ കുറിച്ച് സർക്കാർ ഇതുവരെ വിശദീകരിച്ചിട്ടില്ല. ജി20 ഉച്ചകോടിയുടെയും ചന്ദ്രയാൻ 3യുടെയും വിജയത്തെ കുറിച്ച് സൂചിപ്പിക്കാനാണ് പ്രത്യേക സമ്മേളനം വിളിക്കുന്നതെന്നാണ് ചില ബിജെപി നേതാക്കളുടെ അവകാശ വാദം. ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്നാണ് ചിലർ പറയുന്നത്.

പ്രത്യേക സെഷനിൽ ചോദ്യോത്തര വേളയോ ശൂന്യവേളയോ ഉണ്ടാകില്ലെന്നും സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നും സർക്കാർ അറിയിച്ചിരുന്നു. പ്രത്യേക സെഷൻ നടക്കാൻ നാലുദിവസം മാത്രം ബാക്കി നിൽക്കെ, അജണ്ട എന്താണെന്ന് സർക്കാർ പറയുന്നില്ലെന്ന് വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തുവന്നു

'ഇന്ന് സെപ്റ്റംബർ 13. പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം അഞ്ച് ദിവസം കഴിഞ്ഞ് ആരംഭിക്കും. ഒരാൾ ( ഒരുപക്ഷേ മറ്റേയാളും) ഒഴികെ ആർക്കും അജണ്ടയെക്കുറിച്ച് അറിവില്ല'- കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്‌സിൽ കുറിച്ചു. സ്‌പെഷ്യൽ സെഷനുകളോ പ്രത്യേക സിറ്റിങ്ങുകളോ നടക്കുകയും അജണ്ട മുൻകൂട്ടി അറിയുകയും ചെയ്ത നിരവധി അവസരങ്ങളും ജയറാം രമേശ് വ്യക്തമാക്കി.

ടി.എം.സി രാജ്യസഭാ എംപി ഡെറക് ഒബ്രിയനും വിമർശനവുമായി രംഗത്തെത്തി. പ്രത്യേക പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് രണ്ട് പ്രവൃത്തി ദിവസങ്ങൾ ബാക്കിയുണ്ട്. അജണ്ടയെക്കുറിച്ച് ഇതുവരെ ഒരു വാക്കും ഇല്ലെന്നും അത് രണ്ടുപേർക്ക് മാത്രമേ അറിയൂ. എന്നിട്ടും നമ്മൾ ഇപ്പോഴും സ്വയം ഒരു പാർലമെന്ററി ജനാധിപത്യം എന്ന് വിളിക്കുന്നു.- ഡെറക് ഒബ്രിയൻ എക്‌സിൽ കുറിച്ചു.