ന്യൂഡൽഹി: മണിപ്പൂർ കലാപത്തിലും സ്ത്രീകൾക്കെതിരായ അതിക്രമത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തും. തീയതി സ്പീക്കർ തീരുമാനിക്കും. വിഷയത്തിൽ നിന്നും കേന്ദ്ര സർക്കാർ ഒളിച്ചോടില്ല. പ്രതിപക്ഷം മനഃപൂർവം പാർലമെന്റ് സ്തംഭിപ്പിക്കുന്നുവെന്നും സർക്കാർ കുറ്റപ്പെടുത്തി. ആരു ചർച്ചയ്ക്ക് മറുപടി പറയണമെന്ന ഉപാധി വെക്കരുതെന്നും സർക്കാർ വൃത്തങ്ങൾ ആവശ്യപ്പെട്ടു.

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇന്ന് വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം ശ്രമിച്ചിരുന്നു. ഹൈബി ഈഡൻ എംപി വിഷയത്തിൽ ലോക്‌സഭയിൽ നോട്ടീസ് നൽകി. സഭയിൽ അടിയന്തരമായി ചർച്ച ചെയ്യണം എന്നതായിരുന്നു പ്രതിപക്ഷ ആവശ്യം. ഇതിന് ഭരണപക്ഷം തയ്യാറായില്ല. ഇതോടെ സഭയിൽ ബഹളം ഉണ്ടായി. തുടർന്ന് സഭ താൽക്കാലികമായി നിർത്തിവെക്കുകയാണ് ഉണ്ടായത്.

മണിപ്പൂർ വിഷയത്തിൽ ഇന്നലെ പാർലമെന്റ് സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിൽ സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമത്തെ രൂക്ഷമായി അപലപിച്ചിരുന്നു. രാജ്യം തന്നെ അപമാനിക്കപ്പെട്ടുവെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മോദി പറഞ്ഞു.

പാർലമെന്റിന് അകത്ത് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചു നിന്നതോടെ ഇന്നലെ ലോക്സഭയും രാജ്യസഭയും ബഹളത്തിൽ മുങ്ങി. തുടർന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിയുകയും ചെയ്തു. മണിപ്പൂർ വിഷയത്തിൽ ആർഎസ്‌പി നേതാവ് എൻ കെ പ്രേമചന്ദ്രനും ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.

മണിപ്പുരിൽ കുക്കി ഗോത്രവിഭാഗക്കാരായ 2 സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. യുവതിയെ വലിച്ചുകൊണ്ടുപോകുന്നതായി വിഡിയോയിൽ കാണുന്ന പച്ച ഷർട്ട് ധരിച്ച ഹുയിറം ഹെറോദോസ് സിങ് അടക്കമുള്ള നാലുപേരാണ് പിടിയിലായത്. പ്രധാന പ്രതി ഹെറോദോസിന്റെ വീട് ഇന്നലെ വൈകീട്ട് നാട്ടുകാർ അഗ്‌നിക്കിരയാക്കി.