ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ വിമർശിച്ചു കൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവും എംപി.യുമായ ശശി തരൂർ. തിരഞ്ഞെടുപ്പിൽ രാഷ്ട്രപതി മത്സരിക്കില്ലെങ്കിലും ബിജെപി. സർക്കാർ അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം അവർ വഴി നടത്തുകയാണെന്ന് ശശി തരൂർ ആരോപിച്ചു. സർക്കാരിനെ സമ്പൂർണമായി പ്രകീർത്തിക്കുന്ന പ്രസംഗമായിരുന്നു രാഷ്ട്രപതി നടത്തിയതെന്നും ശശി തരൂർ പറഞ്ഞു.

സർക്കാർ ചെയ്ത എല്ലാ കാര്യങ്ങളെയും പുകഴ്‌ത്താൻ ശ്രമിച്ചുള്ള സമ്പൂർണമായ ഒരു തിരഞ്ഞെടുപ്പ് പ്രസംഗമാണ് രാഷ്ട്രപതി നടത്തിയത്. സർക്കാർ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് പരാമർശിച്ചില്ലെന്നും ശശി തരൂർ പറഞ്ഞു. നേരത്തെ കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞും കോൺഗ്രസ് നയിച്ച യു.പി.എ. സർക്കാരിനെ വിമർശിച്ചുമുള്ളതായിരുന്നു ദ്രൗപദി മുർമുവിന്റെ പ്രസംഗം. രാഷ്ട്രപതിയായ ശേഷം പാർലമെന്റിൽ അവർ നടത്തുന്ന ആദ്യ പ്രസംഗമായിരുന്നു ചൊവ്വാഴ്ചത്തേത്.

തുടർച്ചയായി രണ്ടുതവണ സ്ഥിരതയുള്ള ഒരു സർക്കാരിനെ തിരഞ്ഞെടുത്തതിന് ജനങ്ങളോട് അവർ നന്ദിയറിയിച്ചു. നോട്ട് നിരോധനം, മുത്തലാഖ്, ആർട്ടിക്കിൾ 370, തീവ്രവാദത്തിനെതിരായി സർക്കാർ കൈക്കൊണ്ട സമീപനം എന്നിവയെയെല്ലാം പ്രകീർത്തിച്ച് സംസാരിച്ചു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചായിരുന്നു ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ ദ്രൗപതി മുർമു അഭിസംബോധന ചെയ്തത്.

രാജ്യം വികസനത്തിന്റെ പാതയിൽ മുന്നേറുന്നുവെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ജനങ്ങളുടെ ആത്മവിശ്വാസം വർധിച്ചു, ലോകം നമ്മെ മറ്റൊരു കോണിലൂടെ നോക്കുകയാണെന്നും നമ്മോടുള്ള അവരുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായതായും ലോകത്തിന് പരിഹാരങ്ങൾ നൽകുന്നരീതിയിലേക്ക് രാജ്യം വളർന്നതായും മുർമു പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വികസിത ഭാരതനിർമ്മാണ കാലമാണ്. സ്ത്രീകളും യുവാക്കളും രാജ്യത്തെ ഒരുപടി മുന്നിൽ നിന്ന് നയിക്കണമെന്നും മുർമു പറഞ്ഞു. രാഷ്ട്രനിർമ്മാണത്തിൽ നൂറ് ശതമാനം സമർപ്പണം വേണം. ഇച്ഛാശക്തിയുള്ള സർക്കാരാണുള്ളത്. സത്യസന്ധതയെ അങ്ങേയറ്റം വിലമതിക്കുന്നു. രാജ്യം അഴിമതിയിൽ നിന്ന് മോചിതമായി. സർക്കാരിന്റെ നയങ്ങളിലെ ദൃഢത കൊണ്ട് ഭീകരതയെ ശക്തമായി നേരിടാനും നമുക്ക് കഴിഞ്ഞെന്ന് രാഷ്ട്രപതി പറഞ്ഞു.

ഭീകരതയെ ധീരമായി നേരിടുന്ന സർക്കാർ കശ്മീരിൽ സമാധാനം കൊണ്ടുവന്നു. മിന്നലാക്രമണത്തിലും മുത്തലാഖ് നിരോധനത്തിലും കണ്ടത് സർക്കാരിന്റെ ദൃഢനിശ്ചയം ആയിരുന്നു. അഴിമതി സാമൂഹികനീതിയുടെ മുഖ്യശത്രു ആണെന്ന മുന്നറിയിപ്പും രാഷ്ട്രപതി നടത്തി. രാജ്യത്ത് പൂർണ ദാരിദ്ര നിർമ്മാർജനം സാധ്യമാകണമെന്നും 2047 ലേക്കുള്ള അടിത്തറ പണിയുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്വയം പര്യാപ്തമായ രാജ്യം കെട്ടിപ്പടുക്കണം. ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്ത ഇന്ത്യ സൃഷ്ടിക്കണമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ അവർ പറഞ്ഞു. സ്ത്രീകളും യുവാക്കളും മുന്നിൽ നിന്ന് നയിക്കണം.

എല്ലാവർക്കും വികസനം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റൽ നെറ്റ്‌വർക്ക് ലോകത്തിന് തന്നെ മാതൃകയാണ്. ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മാറി. സൗജന്യങ്ങൾക്കെതിരെ രാഷ്ട്രപതി പരോക്ഷ മുന്നറിയിപ്പ് നൽകി. എളുപ്പ വഴി രാഷ്ട്രീയം വേണ്ട. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആണ് വേണ്ടത്. കോവിഡ് കാലത്ത് ലോകം പതറിയപ്പോൾ സർക്കാർ പാവപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ വലിയ ഇടപെടൽ നടത്തി. രാജ്യത്തെ കർഷകർക്കായി നിരവധി പദ്ധതികൾ നടപ്പാക്കി.2.25 ലക്ഷം കോടി ചെറുകിട കർഷകർക്കായി മാറ്റിവച്ചു.

മാവോയിയ്സ്റ്റ് ഭീഷണിയുള്ള ജില്ലകളുടെ എണ്ണം കുറഞ്ഞു. ജമ്മു കശ്മീരിൽ സമാധാനപരമായ സാഹചര്യം കൊണ്ട് വരാൻ കഴിഞ്ഞു. അതിർത്തിയിൽ ഇന്ത്യ ശക്തമാണ്. സർക്കാർ സ്‌കൂളുകളിൽ ശുചി മുറികൾ ഒരുക്കാനായി. വിദ്യാഭ്യാസം പാതിവഴിയിൽ അവസാനിപ്പിക്കുന്നത് കുറഞ്ഞു. പിന്നാക്ക ആദിവാസി വിഭാഗങ്ങൾക്കായി ക്ഷേമപദ്ധതികൾ കൊണ്ടുവന്നു. കർത്തവ്യ പഥ് സർക്കാർ പൂർത്തീകരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു.ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പൂർത്തിയാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.