ന്യൂഡൽഹി: മണിപ്പുർ കലാപ വിഷയത്തിൽ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ കോൺഗ്രസ് നേതാവും എം പിയുമായ രാഹുൽ ഗാന്ധി വെള്ളിയാഴ്ച കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. മാസങ്ങളായി മണിപ്പുർ കത്തുമ്പോൾ പാർലമെന്റിൽ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചേർന്നതല്ലെന്ന് എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു. ഇതിന് മറുപടിയായി രാഹുൽ ഗാന്ധിയുടെ മാനസിക നില തെറ്റിയെന്നാണ് പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാതെയാണ് രാഹുൽ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

മണിപ്പുരിലെ അക്രമത്തെക്കുറിച്ച് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രം ചർച്ചയ്ക്ക് സമ്മതിക്കുമെന്ന് രാഹുൽ കരുതിയിരുന്നില്ല. ഈ വിഷയത്തിൽ രാഹുലിന്റെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

മണിപ്പൂരിലെ ചർച്ചയ്ക്ക് ഞങ്ങൾ സമ്മതിക്കുമെന്ന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഒരിക്കലും കരുതിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞതുപോലെ ഈ വിഷയത്തിൽ ശ്രദ്ധ പുലർത്തണമെന്ന് ജോഷി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടതായി ഞാൻ കരുതുന്നു, അത് അങ്ങനെയാണ് കാണപ്പെടുന്നത്. രാഹുൽ മറുപടി കേട്ടില്ല. അദ്ദേഹം സഭയിൽ വന്നില്ല. ഗ്രാൻഡ് ഓൾഡ് പാർട്ടി എന്ന് വിളിക്കപ്പെടുന്നവർ നിരുത്തരവാദപരമായി പെരുമാറുന്നത് വളരെ ദൗർഭാഗ്യകരമാണെന്നും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേർത്തു.

രാഹുൽ പറഞ്ഞത്

ലോക്‌സഭയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനു പ്രധാനമന്ത്രി നൽകിയ മറുപടിയെ രാഹുൽ വിമർശിച്ചു. രണ്ടു മണിക്കൂറിലധികം നീണ്ട പ്രസംഗത്തിൽ മണിപ്പുരിനായി രണ്ടു മിനിറ്റു മാത്രമാണ് നീക്കിവച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മണിപ്പൂരിൽ കലാപം അവസാനിപ്പിക്കൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യം ഇല്ലായിരുന്നുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സൈന്യത്തിന് രണ്ട് ദിവസത്തിൽ അവസാനിപ്പിക്കാമായിരുന്ന പ്രശ്നമായിരുന്നു. മണിപ്പൂരിൽ ഇന്ത്യ ഇല്ലാതാകുമ്പോൾ നരേന്ദ്ര മോദി പാർലമെന്റിൽ ഇരുന്ന് തമാശ പറഞ്ഞ് ഊറിച്ചിരിക്കുകയായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നടത്തിയ മറുപടി പ്രസംഗത്തെ കുറിച്ചായിരുന്നു വിമർശനം.

മണിപ്പൂരിലെ സമാധാനം തല്ലിക്കെടുത്തി സംസ്ഥാനത്തെ രണ്ടാക്കി മാറ്റിയത് ബിജെപിയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ കുട്ടികൾ മരിക്കുന്നു സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നുവെന്നൊക്കെ പറയുമ്പോൾ പ്രധാനമന്ത്രി ചിരിക്കുകയും തമാശ പറയുകയുമാണ്. ഇത് പ്രധാന മന്ത്രിക്ക് യോജിച്ചതല്ല. കോൺഗ്രസ് അല്ല വിഷയം മണിപ്പൂരാണ്. രാജ്യം ദുഃഖത്തിൽ ആയിരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

''ഇന്നലെ പ്രധാനമന്ത്രി രണ്ടു മണിക്കൂർ ചിരിച്ചും തമാശ പറഞ്ഞും മുദ്രാവാക്യം മുഴക്കിയും സംസാരിക്കുന്നത് ഞാൻ കണ്ടു. മണിപ്പുർ സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണെന്നും അവിടെ ആളുകൾ മരിച്ചെന്നും പ്രധാനമന്ത്രി മറന്നതായി തോന്നുന്നു. പാർലമെന്റിന്റെ നടുത്തളത്തിലിരുന്ന് പ്രധാനമന്ത്രി നാണമില്ലാതെ ചിരിക്കുകയായിരുന്നു. ഇന്നലത്തെ വിഷയം കോൺഗ്രസോ ഞാനോ ആയിരുന്നില്ല. മണിപ്പുരിൽ എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ട് അതു തടയുന്നില്ല എന്നതായിരുന്നു.

ഞാൻ 19 വർഷമായി രാഷ്ട്രീയത്തിലുണ്ട്, മിക്കവാറും എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ചിട്ടുണ്ട്. എന്നാൽ മണിപ്പുരിൽ ഞാൻ കണ്ടതും കേട്ടതും ഇതുവരെയില്ലാത്ത കാര്യങ്ങളാണ്. മണിപ്പുരിനെക്കുറിച്ച് പാർലമെന്റിൽ സംസാരിച്ചതുപോലെ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എങ്ങനെ സംസാരിക്കാനാകുമെന്നു മനസ്സിലാകുന്നില്ല. മണിപ്പുരിലെ അക്രമം തടയാൻ പ്രധാനമന്ത്രിക്ക് കഴിയും. പക്ഷേ അദ്ദേഹം അതു ചെയ്യുന്നില്ല; അദ്ദേഹം അവിടെ പോകുകയെങ്കിലും ചെയ്യണം. ഇന്ത്യൻ സൈന്യത്തിൽ എനിക്കു പൂർണ വിശ്വാസമുണ്ട്. സൈന്യത്തിന് 2-3 ദിവസത്തിനുള്ളിൽ അവിടെ സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് എല്ലാവർക്കും അറിയാം. പക്ഷേ സർക്കാർ അങ്ങനെ ചെയ്യുന്നില്ല.'' രാഹുൽ പറഞ്ഞു.

മണിപ്പൂരിൽ കണ്ടതും കേട്ടതും താൻ മുൻപ് എവിടെയും കേട്ടിട്ടില്ല. മണിപ്പൂരിൽ ഇന്ത്യയെ കൊന്നുവെന്ന് ബിജെപി പറയുന്ന സാഹചര്യത്തിലല്ല താൻ പറഞ്ഞത്. മെയ്തെയ് വിഭാഗത്തിൽ ഉള്ളവരെ കാണാൻ പോയപ്പോൾ അവർ തനിക്കൊപ്പമുള്ള കുകി വിഭാഗത്തെ കൊണ്ട് വരരുത് എന്ന് ആവശ്യപ്പെട്ടു. കുക്കി വിഭാഗക്കാരുടെ നിലപാടും ഇത് തന്നെയായിരുന്നു. മണിപ്പൂർ ഇന്നൊരു സംസ്ഥാനമല്ലെന്നും രണ്ടായി വിഭജിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പൂരിൽ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന തന്റെ പരാമർശം പൊള്ളയായ വാക്കുകളല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മണിപ്പുരിൽ ഭാരത് മാതാവ് കൊല്ലപ്പെട്ടെന്നു പറഞ്ഞത് മണിപ്പുർ ഇപ്പോൾ ഇല്ലെന്ന് അറിയാമായിരുന്നതിനാലാണ്. മണിപ്പുരിൽ ഹിന്ദുസ്ഥാനെ ബിജെപി കൊലപ്പെടുത്തി. ഭാരത് മാതായ്‌ക്കെതിരെ എവിടെ ആക്രമണമുണ്ടായാലും അതു തടയാൻ താൻ ശ്രമിച്ചിരുന്നതായും പാർലമെന്റ് രേഖകളിൽനിന്ന് ആദ്യമായി ഭാരത് മാതാ എന്ന വാക്കു നീക്കം ചെയ്തത് അപമാനകരമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.