ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റേത് തൊഴില്‍ മേഖലകള്‍ക്ക് പ്രധാന്യം നല്‍കുന്ന ബജറ്റ് എന്നായിരുന്നു ആമുഖത്തില്‍ വിശദീകരിച്ചത്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ബീഹാറിനും ആന്ധ്രാപ്രദേശിനും വാരിക്കോരി കൊടുക്കുന്ന ബജറ്റായി ഇത് മാറി. ആന്ധ്രാപ്രദേശില്‍ പുതിയ സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് പ്രത്യേക സാമ്പത്തിക സഹായം ഉറപ്പാക്കും. ബീഹാറില്‍ പുതിയ വിമാനത്താവളവും റോഡുകളുമെല്ലാം നിര്‍മ്മിക്കാന്‍ കോടികള്‍ വകയിരുത്തി. ദേശീയ ജനാധിപത്യ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നത് ആന്ധ്രയിലെ ടിഡിപിയും ബീഹാറിലെ ജെഡിയുവുമാണ്. ഈ സാഹചര്യത്തിലാണ് ആന്ധ്രയ്ക്കും ബിഹാറിനുമുള്ള പ്രഖ്യാപനങ്ങള്‍ ശ്രദ്ധേയമാകുന്നത്.

ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വികസനത്തിന് ധനസഹായം പ്രഖ്യാപിച്ചു. 15000 കോടി രൂപ ലഭ്യമാക്കും. വരും വര്‍ഷങ്ങളിലും പണം നല്‍കും. ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതിയും പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായവും നല്‍കും. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും ബീഹാറിലെ മുഖ്യന്‍ നിതീഷ് കുമാറിനും കേന്ദ്ര സര്‍ക്കാരിലുള്ള സ്വാധീനത്തിന്റെ പ്രതിഫലനം കൂടിയായി ഇത്. ലോക്‌സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പാകുന്നത് ഈ രണ്ട് പാര്‍ട്ടികളുടേയും പിന്തുണയുടെ കരുത്തിലാണ്. അതുകൊണ്ട് തന്നെ ബീഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്തത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിധേയമാകും.

ആന്ധ്രാപ്രദേശിന് ഒരു തലസ്ഥാനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത മോദി സര്‍ക്കാര്‍ തിരിച്ചറിയുന്നുവെന്നും അതിനായി 15,000 കോടി രൂപ ക്രമീകരിക്കുമെന്നുമാണ് ബജ്റ്റ് പ്രഖ്യാപനം. ആവശ്യകത തിരിച്ചറിഞ്ഞ്, ബഹുമുഖ ക്രമീകരണത്തിലൂടെ 50,000 കോടി രൂപ ക്രമീകരിക്കുമെന്നും വിശദീകരിക്കുന്നു. ഗയയിലെ വ്യാവസായിക പാതയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും, ബഹുമുഖ ബാങ്കുകളില്‍ നിന്നുള്ള ബാഹ്യ സഹായത്തിനുള്ള ബീഹാര്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ത്വരിതപ്പെടുത്തുമെന്നും നിര്‍മ്മല അറിയിച്ചു. ബീഹാറിലെ സഹായങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷം ബഹളം വയ്ക്കുകയും ചെയ്തു.

ബിഹാറിലെ റോഡ് പദ്ധതികള്‍ക്കായി 26,000 കോടിരൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ 2400 മെഗാവാട്ടിന്റെ ഊര്‍ജ പ്ലാന്റും വരും. ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടിയും നല്‍കും. ആന്ധ്രയിലെ കര്‍ഷകര്‍ഷ് പ്രത്യേക സഹായം പ്രഖ്യാപിച്ചു. ബിഹാറില്‍ മെഡിക്കല്‍ കോളേജ് യഥാര്‍ഥ്യമാക്കാനും സഹായം ഉണ്ട്. ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്കും സഹായവും നല്‍കും. അങ്ങനെ നീളുന്നു ബീഹാറിനും ആന്ധ്രയ്ക്കുമുള്ള പ്രഖ്യാപനം. എന്നാല്‍ രണ്ടു സംസ്ഥാനത്തിനും പ്രത്യേക പദവി എന്ന ആവശ്യം അംഗീകരിച്ചുമില്ല. മറ്റ് സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കുമെന്നതിനാലാണ് ഈ നീക്കം.

ആദ്യ രണ്ട് മോദി സര്‍ക്കാരിലും ബിജെപിക്ക് കേവല ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കേവല ഭൂരിപക്ഷത്തിന് മുപ്പത് സീറ്റിന്റെ കുറവുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നത് നിതീഷും നായിഡുവുമാണ്. അവര്‍ക്ക് മതിയായ കേന്ദ്രമന്ത്രി പദവികള്‍ നല്‍കിയില്ല. ഈ സാഹചര്യത്തില്‍ ബജറ്റില്‍ രണ്ടു സംസ്ഥാനങ്ങള്‍ക്കും വാരിക്കോരി കൊടുക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഇതാണ് നിര്‍മ്മലയുടെ 2024ലെ സമ്പൂര്‍ണ്ണ ബജറ്റിലും നിറയുന്നത്.