- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കേന്ദ്ര ബജറ്റ് ജനപ്രിയമാകുമെന്ന വിലയിരുത്തലിൽ രാജ്യം
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതിനാൽ കേന്ദ്ര ബജറ്റ് ജനപ്രിയമാകുമെന്ന് പ്രതീക്ഷ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇടക്കാല ബജറ്റാണ് ഇത്തവണ എന്നാണ് സൂചന. 2024-25 സാമ്പത്തിക ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നും പൊതുതിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള നടപടി ക്രമം മാത്രമായിരിക്കും ബജറ്റെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്.
ക്ഷേമ ചെലവുകൾ വർധിപ്പിക്കാനും 2025-26 സാമ്പത്തിക വർഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5% ആയി കുറയ്ക്കാനും സർക്കാർ നടപടിയെടുത്തേക്കും. .നികുതി കുറയ്ക്കുന്നതിനും കൃഷിക്കും ഗ്രാമീണ മേഖലകൾക്കും പിന്തുണ നൽകുന്നതിനുമുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കും . പ്രതികൂല കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, പണപ്പെരുപ്പം എന്നിവ മറികടക്കുന്നതിന് നടപടികൾ ഉണ്ടാകും. കർഷക അനുകൂലമാണ് ബജറ്റ് എന്ന പ്രതീതിയുണ്ടാക്കാനും ശ്രമിക്കും. ആദായ നികുതി ഇളവുകൾക്കും സാധ്യതയുണ്ട്.
ഡിജിറ്റലൈസ്ഡ് ഇന്ത്യ, ഗ്രീൻ ഹൈഡ്രജൻ, ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ), ബ്രോഡ്ബാൻഡ് എന്നിവയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ ഫണ്ട് അനുവദിച്ചേക്കും. ഭക്ഷ്യ-വളം സബ്സിഡികൾക്കായി ഏകദേശം 4 ട്രില്യൺ രൂപ അനുവദിച്ചേക്കും. ചെലവ് കുറഞ്ഞ ഭവന പദ്ധതികൾക്കുള്ള പണം സർക്കാർ 15 ശതമാനത്തിലധികം വർദ്ധിപ്പിച്ചേക്കാം. ഓഹരി വിറ്റഴിക്കലിലൂടെ 510 ബില്യൺ രൂപ സമാഹരിക്കുമെന്നും സൂചനയുണ്ട്.
കടമെടുപ്പു പരിധി വെട്ടിക്കുറച്ച് സാമ്പത്തിക പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയുള്ള ആദ്യ കേന്ദ്ര ബജറ്റിനെ സംസ്ഥാനം കാത്തിരിക്കുന്നത് പ്രതീക്ഷയിലാണ്. കേരളവും ഏറെ പദ്ധതി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, സിൽവർലൈൻ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിനായി 837 കോടി രൂപ, വിഴിഞ്ഞം കേന്ദ്രീകരിച്ച് ലോജിസ്റ്റിക്സ് ഹബ്, കേരളത്തിലെ മറ്റു തുറമുഖങ്ങളുടെ വികസനത്തിനും കൂടുതൽ സഹായവും പ്രതീക്ഷിക്കുന്നു.
കൊച്ചി മെട്രോയുടെ തുടർ വികസനം, തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾക്കു സഹായം, കടമെടുപ്പു പരിധി വെട്ടിക്കുറച്ചതോടെ നിലച്ച പുതിയ ദേശീയപാത പദ്ധതികൾക്കായി പ്രത്യേക നിർദ്ദേശം തുടങ്ങിയ പ്രതീക്ഷകൾ കേരളത്തിനുണ്ട്. തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, കൊല്ലം ചെങ്കോട്ട ഹൈവേ, മൈസൂരു മലപ്പുറം ഹൈവേ തുടങ്ങിയ പദ്ധതികളെല്ലാം യാഥാർഥ്യമാകണമെങ്കിൽ കേന്ദ്രം ഇളവു നൽകണം.
റബറിന്റെ താങ്ങുവില 170 രൂപയിൽ നിന്ന് 250 രൂപയായി വർധിപ്പിക്കുന്നതുൾപ്പെടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.