ന്യൂഡൽഹി: ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ പീനൽ കോഡ്, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകൾ ലോക്സഭയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റം പൂർണ്ണമായി റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

ബില്ലുകൾ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടും. രാജ്യത്തെ നിലവിലുള്ള ക്രിമിനൽ നിയമങ്ങൾ ബ്രിട്ടീഷുകാരുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ പാർലമെന്റിൽ പുതിയ ബില്ലുകൾ അവതരിപ്പിച്ചത്. പുതിയ നിയമങ്ങളുടെ പേരിലും സവിശേഷതയുണ്ട്. ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയാണ് നിയമങ്ങൾക്ക് പേരിട്ട് അവതരിപ്പിച്ചത്.

നീതി ഉറപ്പിക്കാനാണ് മാറ്റമെന്ന് അമിത് ഷാ ബില്ലിനേക്കുറിച്ച് പറഞ്ഞു. 19ാം നൂറ്റാണ്ടിലെ നിയമങ്ങൾക്ക് പകരമാണ് പുതിയ നിയമം. പരിശോധന നടപടികൾക്ക് വീഡിയോ ദൃശ്യങ്ങൾ തെളിവായി ശേഖരിക്കും. കോടതികളിൽ വേഗത്തിൽ കേസുകൾ തീർപ്പാക്കാൻ നിയമം സഹായിക്കും. പരാതിക്കാരന് 90 ദിവസത്തിനുള്ളിൽ തൽസ്ഥിതി റിപ്പോർട്ട് കിട്ടും. ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടുമെന്ന് ഷാ വിശദമാക്കി. പുതിയ ബില്ലിന്റെ സെക്ഷൻ 150 ൽ രാജ്യത്തിനെതിരായ പ്രവർത്തനങ്ങളെ സംബന്ധിച്ചും പറയുന്നുണ്ട്.

'ഓഗസ്റ്റ് 16 മുതൽ, സ്വാതന്ത്ര്യത്തിന്റെ 75 മുതൽ 100 വർഷം വരെയുള്ള പാതയിലേക്ക് കടക്കുകയാണ്. അടിമത്ത മാനസികാവസ്ഥ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രതിജ്ഞയെടുത്തതാണ്. അതിന്റെ ഭാഗമായിട്ടാണ് ഞങ്ങൾ ഐപിസി (1857), സിആർപിസി (1858), ഇന്ത്യൻ എവിഡൻസ് ആക്ട് (1872) എന്നിവ അവസാനിപ്പിക്കുന്നത്', അമിത് ഷാ പറഞ്ഞു.

അവകാശ സംരക്ഷണം ഉറപ്പാക്കാൻ അവയുടെ സ്ഥാനത്ത് തങ്ങൾ മൂന്ന് പുതിയ നിയമങ്ങൾ കൊണ്ടുവരും. ശിക്ഷയല്ല നീതി നൽകാനാണ് അത് ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. ക്രിമിനൽ നിയമങ്ങളിലെ അടിമത്തത്തിന്റെ 475 അടയാളങ്ങൾ സർക്കാർ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകളിപ്പോൾ ഭയപ്പാടോടെയാണ് കോടതിയിൽ പോകുന്നത്. കോടതിയിൽ പോകുന്നത് ശിക്ഷയാണെന്നാണ് അവർ കരുതുന്നതും ഷാ പറഞ്ഞു.

ഐപിസിക്ക് പകരം 'ഭാരതീയ ന്യായ സംഹിത'യാണ് പുതിയ നിയമം. ഐപിസിയിൽ 511 സെക്ഷുകൾ ഉണ്ടായിരുന്നതെങ്കിൽ ഭാരതീയ ന്യായ സംഹിതയിൽ 356 സെക്ഷനുകളാണ് ഉണ്ടാവുക. 175 സെക്ഷനുകൾ ഭേദഗതി ചെയ്യും. സിആർപിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സഹിംത എന്ന പേരിലാണ് പുതിയ നിയമം അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്ന പേരിലും പുതിയ നിയമം വരും. വിവാദമായ രാജ്യദ്രോഹ നിയമം (ഐപിസിയുടെ 124 എ വകുപ്പ്) ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന നിയമങ്ങളായി പുതിയ സംഹിതയിൽ മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.

'ആരെങ്കിലും, മനഃപൂർവ്വം അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് വാക്കുകളിലൂടെ, സംസാരത്തിലൂടെ, എഴുത്തിലൂടെ, ദൃശ്യങ്ങളിലൂടെ,ഇലക്ട്രോണിക് ആശയവിനിമയം വഴി അല്ലെങ്കിൽ സാമ്പത്തിക മാർഗങ്ങൾ എന്നിവയിലൂടെ വിഘടനവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ഇന്ത്യയുടെ പരമാധികാരമോ ഐക്യമോ അഖണ്ഡതയോ അപകടപ്പെടുത്തുന്നതോ പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യുകയോ ചെയ്താൽ ജീവപര്യന്തം തടവോ ഏഴ് വർഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും' പുതിയ നിയമം അവതരിപ്പിച്ച ബില്ലിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

2020-ലാണ് ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡെൻസ് ആക്ട് എന്നിവ പരിഷ്‌കരിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചത്. അന്നത്തെ ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായിരുന്ന പ്രൊഫസർ ഡോ രൺബീർ സിങ് അധ്യക്ഷനായ സമിതിയിൽ അന്നത്തെ എൻഎൽയു-ഡി രജിസ്ട്രാർ പ്രൊഫസർ ഡോ. ജി.എസ്. ബാജ്‌പേയ്, ഡിഎൻഎൽയു വിസി പ്രൊഫസർ ഡോ ബൽരാജ് ചൗഹാൻ, മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി എന്നിവരും ഉൾപ്പെടുന്നു.