ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ തയാറാക്കാനുള്ള സമയം വീണ്ടും നീട്ടി. വീണ്ടും 6 മാസം കൂടി സമയം അനുവദിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം രാജ്യസഭാ സ്ഥിരം സമിതി അംഗീകരിച്ചു. ഇത് ഏഴാം തവണയാണു ചട്ടം വിജ്ഞാപനം ചെയ്യാനുള്ള സമയപരിധിയിൽ മന്ത്രാലയം സാവകാശം തേടുന്നത്. അതേസമയം, ലോക്‌സഭാ സമിതിയുടെ തീരുമാനം ആയിട്ടില്ല. ജൂൺ 30 വരെയാണു രാജ്യസഭ സമയം നീട്ടി നൽകിയത്.

പാർലമെന്റ് നിയമം പാസാക്കി 6 മാസത്തിനകം ചട്ടങ്ങൾ തയാറാക്കണമെന്നതാണു വ്യവസ്ഥ. ഇക്കാര്യം കർശനമായി പാലിക്കണമെന്നു പലപ്പോഴും രാജ്യസഭാ സമിതി ആവശ്യപ്പെടാറുണ്ടെങ്കിലും പൗരത്വ നിയമത്തിന്റെ കാര്യത്തിൽ സർക്കാർ തുടർച്ചയായി അവധി ചോദിക്കുകയാണ്. കോവിഡ് മൂലമാണു നീണ്ടുപോയതെന്നാണു ആഭ്യന്തര മന്ത്രി അമിത് ഷാ ഇതേക്കുറിച്ചു പ്രതികരിച്ചിരുന്നത്. ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കാനാകില്ല.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുന്നതിനുള്ളതാണു നിയമം. 2019ലാണ് ബിൽ പാർലമെന്റ് പാസാക്കിയത്. 2019 ഡിസംബർ 12നു പ്രസിഡന്റ് അംഗീകാരം നൽകി. നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിൽ 83 പേരാണ് മരിച്ചത്.

ഹിന്ദു, സിഖ്, പാഴ്‌സി, ക്രിസ്ത്യൻ, ബുദ്ധ, ജൈന മതങ്ങളിൽപ്പെട്ട അഭയാർഥികൾക്കാണ് പൗരത്വം നൽകുക. പൗരത്വ നിയമത്തിന് ചട്ടങ്ങളുണ്ടാക്കി തുടങ്ങിയെന്നും കോവിഡ് മഹാമാരി മൂലമാണ് കാലതാമസമുണ്ടായതെന്നും നവംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ നിയമമായി കഴിഞ്ഞുവെന്നും അത് നടപ്പാവില്ലെന്ന് ആരും തെറ്റിദ്ധരിക്കേണ്ടന്നും അമിത് ഷാ പറഞ്ഞിരുന്നു.

അതേസമയം, വൻ പ്രതിഷേധത്തെ തുടർന്ന് ഒട്ടുമിക്ക വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽപ്പെട്ട അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളും അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളും ഇങ്ങനെ ഒഴിവാക്കിയവയിൽപ്പെടും. 2019 ഡിസംബർ 11നാണ് പാർലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയത്.

തുടർന്ന് പൗരത്വ സമരത്തിനെതിരെ അരങ്ങേറിയ ശാഹീൻ ബാഗ് വനിതകളുടെ സമരം അന്തർദേശീയ ശ്രദ്ധയാകർഷിക്കുകയും അതേ മാതൃകയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം സ്ത്രീകൾ സമരരംഗത്തിറങ്ങുകയും ചെയ്തു.രാജ്യവ്യാപകമായുണ്ടായ സമരത്തെ സംഘ് പരിവാറും പൊലീസും ചേർന്ന് നേരിടുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.