- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
എംപിമാർക്ക് നൽകിയ ഭരണഘടനയിൽ നിന്ന് 'മതേതരത്വവും സോഷ്യലിസവും' ഒഴിവാക്കി; രണ്ട് വാക്കുകൾ ഉൾപ്പെടുത്താത്തത് ആശങ്കപ്പെടുത്തുന്ന കാര്യം; വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ അവസരം ലഭിച്ചില്ല; ആരോപണവുമായി കോൺഗ്രസ്
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി എംപിമാർക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഒഴിവാക്കി. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് വാക്കുകൾ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഈ രണ്ടു വാക്കുകൾ ഒഴിവാക്കിയത് അവിചാരിതമല്ലെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.
'ഇന്നലെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ഞങ്ങൾ നടന്നുകയറുമ്പോൾ ഒപ്പമുണ്ടായിരുന്ന ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ല. ഈ രണ്ട് വാക്കുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയില്ലായെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്' -അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ തന്ത്രപൂർവം വരുത്തിയ മാറ്റമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ ഇന്നലെ തന്നെ ഇക്കാര്യം ഉന്നയിക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ അതിനുള്ള അവസരം പോലും ലഭിച്ചില്ല. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയതെന്നു ഞങ്ങൾക്കറിയാം. ഇപ്പോൾ നൽകിയ ഭരണഘടനയിൽ ആ വാക്കുകൾ ഇല്ല എന്നത് ആശങ്കപ്പെടുത്തുന്നതാണ്. കേന്ദ്ര സർക്കാറിന്റെ ഉദ്ദേശ്യം സംശയാസ്പദമാണ് -വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
അതേസമയം, ചൊവ്വാഴ്ച രാവിലെ ചൗധരി പാർലമെന്റിൽ ഭരണഘടനയുടെ ആമുഖം വായിച്ചിരുന്നു. ഈ അവസരത്തിൽ അദ്ദേഹം സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഉപയോഗിച്ചിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് അംഗങ്ങൾക്ക് രാജ്യത്തിന്റെ ഭരണഘടനയുടെ പകർപ്പും പാർലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങളും നൽകിയത്.
അതേസമയം പുതിയ പാർലമെന്റിൽ ആദ്യ ബില്ലായി വനിതാ ബിൽ എത്തിയിരുന്നു. വനിത സംവരണ ബില്ലിന്മേൽ ഇന്ന് ലോക്സഭയിൽ ചർച്ച നടക്കും. പുതിയ പാർലമെന്റ് മന്ദിരത്തിൽ രാവിലെ 11 മണിക്കാണ് ചർച്ച. ഭരണപക്ഷത്ത് നിന്നും മന്ത്രി സ്മൃതി ഇറാനിയും പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും.
ഇന്നലെയാണ് നിയമ മന്ത്രി അർജുൻ സിങ് മേഘ്വാൾ വനിത ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. നാരിശക്തീ വന്ദൻ അധിനിയം എന്ന പേരിൽ അവതരിപ്പിച്ച ബില്ല് സ്ത്രീകൾക്ക് ലോക്സഭയിലും നിയമസഭയിലും 33 ശതമാനം സംവരണമാണ് ലക്ഷ്യം വെയ്ക്കുന്നത്. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും.
ബില്ല് അടുത്ത വർഷം തന്നെ നടപ്പാക്കണം എന്ന് പ്രതിപക്ഷം ഇന്ന് ചർച്ചയിൽ ശക്തമായി ആവശ്യപ്പെടും. വനിതാ സംവരണ ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ ലോക്സഭയിലെ വനിതകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാവുമെന്ന് അർജുൻ സിങ് മേഘ്വാൾ സഭയിൽ പറഞ്ഞു. നിലവിൽ 82 അംഗങ്ങളാണ് സഭയിലുള്ളത്. ഇത് 181 ആവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മണ്ഡല പുനർ നിർണയം പൂർത്തിയായതിനു ശേഷമേ വനിതാ സംവരണം പ്രാബല്യത്തിൽ വരൂ. പതിനഞ്ചു വർഷത്തേക്കു സംവരണം തുടരാനാണ് ബില്ലിലെ വ്യവസ്ഥ. ഓരോ മണ്ഡല പുനർ നിർണയത്തിനു ശേഷവും വനിതാ സംവരണ സീറ്റുകൾ മാറും. മണ്ഡല പുനർ നിർണയം പൂർത്തിയാക്കാൻ സമയമെടുക്കുമെന്നതിനാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാവാനിടയില്ല.
മറുനാടന് ഡെസ്ക്