- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
'ഇന്ത്യ' സഖ്യത്തിന്റെ വീരോചിത ചെറുത്തു നിൽപ്പും ഫലം കണ്ടില്ല; ഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭയിൽ പാസാക്കി കേന്ദ്രസർക്കാർ; ബില്ലിന് അനുകൂലമായി വോട്ടു ചെയ്തത് 131 പേർ; എതിർത്ത് വോട്ടു ചെയ്തു 102 പേർ; ബിൽ ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം; ബിൽ സുപ്രീംകോടതി വിധിയെ ലംഘിക്കുന്നതല്ലെന്ന് അമിത് ഷാ; വോട്ടിനായി വീൽചെറിൽ രാജ്യസഭയിലെത്തി മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്
ന്യൂഡൽഹി: ഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭയും കടന്നു. 'ഇന്ത്യ' സഖ്യത്തിന്റെ വീരോചിത ചെറുത്തു നിൽപ്പിനിടെയാണ് ഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭയിൽ പാസായാത്. ബില്ലിന് അനുകൂലമായി വോട്ടു ചെയ്തത് 131 പേരാണ്. അതേസമയം എതിർത്ത് വോട്ടു ചെയ്തു 102 പേരുമാണ്. ബിൽ പാസായെങ്കിലും ഇത് പ്രതിപക്ഷ ഐക്യത്തിന്റെ ശക്തിപ്രകടനമായി മാറിയത്. ബില്ലിലെ എതിർത്ത് വോട്ടു ചെയ്യാൻ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗും രാജ്യസഭയിൽ എത്തി. വീൽചെയറിലാണ് മന്മോഹൻ സിങ് സഭയിൽ എത്തിയത്. വീൽച്ചെയർ കൊണ്ടുവരാനുള്ള സൗകര്യം കണക്കിലെടുത്ത് അദ്ദേഹത്തിന് നേരത്തെ പിൻനിരയിലിലേക്ക് സീറ്റ് അനുവദിച്ചിരുന്നു.
പ്രതിപക്ഷപ്രക്ഷോഭത്തെത്തുടർന്ന് പലവട്ടം നിർത്തിവെച്ച സഭയിൽ അമിത് ഷാ തന്നെയാണ് ഗവൺമെന്റ് ഓഫ് കാപ്പിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ അവതരിപ്പിച്ചത്. നേരത്തെ, ബിൽ ലോക്സഭ കടന്നിരുന്നു. പ്രതിപക്ഷത്തുള്ള കക്ഷികൾ കനത്ത വിമശനമാണ് ബില്ലിനെതിരെ സഭയിൽ ഉയർത്തിയത്.
ഓക്സ്ഫഡ് ഡിക്ഷനറിയിലെ മനോഹരമായ, നീണ്ടവാക്കുകൾ കൊണ്ട് അസത്യം അവതരിപ്പിച്ചാൽ അത് സത്യമാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ ബില്ലിന്മേലുള്ള മറുപടി ചർച്ചയിൽ പറഞ്ഞു. ബില്ലിനെ എതിർക്കുന്ന പ്രതിപക്ഷത്തിനും എ.എ.പിക്കുമെതിരെ കടുത്ത വിമർശമാണ് കേന്ദ്രമന്ത്രി നടത്തിയത്. ഡൽഹി ഭരണ നിയന്ത്രണ ബിൽ ഒരുതരത്തിലും സുപ്രീംകോടതി വിധിയെ ലംഘിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു.. ബിൽ പാസാക്കുന്നതിനായി രാജ്യസഭയിൽ ചർച്ചയ്ക്കു വച്ചപ്പോഴായിരുന്നു ആഭ്യന്തരമന്ത്രിയുടെ പരാമർശം.
''ഡൽഹി ഭരണനിയന്ത്രണ ബിൽ സുപ്രീം കോടതി വിധിയെ ലംഘിക്കില്ല. രാജ്യതലസ്ഥാനത്ത് മികച്ചതും അഴിമതിരഹിതവുമായ ഭരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ ബിൽ'' അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോഴാണ് ഈ ബിൽ ആദ്യമായി കൊണ്ടുവന്നതെന്നും അതിൽനിന്ന് ഒരു വരി പോലും മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തന്നെ കൊണ്ടുവന്ന ബില്ലിനെതിരെയാണ് അവർ ഇപ്പോൾ ആം ആദ്മി പാർട്ടിയോടു ചേർന്ന് എതിർക്കുന്നത്. കോൺഗ്രസ് ഇപ്പോൾ എഎപിയുടെ മടിയിലാണ് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി സർക്കാർ അഴിമതിക്കേസുകളുടെ ഫയൽ നശിപ്പിക്കാൻ ശ്രമിച്ചെന്നും അമിത് ഷാ ആരോപിച്ചു. മുഖ്യമന്ത്രിയുടെ വസതി നിർമ്മാണം, മദ്യനയ അഴിമതി എന്നീ ഫയലുകൾ നശിപ്പിക്കാൻ നീക്കമുണ്ടായി. ഡൽഹി സർക്കാരിന്റെ അഴിമതി ഇല്ലാതാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ അറിയിച്ചു. എൻഡിഎ സർക്കാർ ഭേദഗതികൾ കൊണ്ടുവരുന്നത് അടിയന്തരാവസ്ഥ നടപ്പിലാക്കാൻ അല്ലെന്നും കോൺഗ്രസിന് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും അമിത് ഷാ പറഞ്ഞു.
നേരത്തെ, ഡൽഹിയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നില്ല, മുഖ്യമന്ത്രിമാർക്ക് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, 2015-ൽ പ്രക്ഷോഭങ്ങളിലൂടെ ഒരു സർക്കാർ അധികാരത്തിൽ വന്നപ്പോൾ, ചിലർ കേന്ദ്രം അധികാരം കൈയിലെടുക്കുകയാണെന്ന് ആരോപിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾ ഞങ്ങൾക്ക് അധികാരം തന്നിട്ടുള്ളതിനാൽ അത്തരത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലെന്നും അമിത് ഷാ പറഞ്ഞു.
'ഞങ്ങൾ ഭേദഗതികൾ കൊണ്ടുവരുന്നത് അടിയന്തരാവസ്ഥ നടപ്പിലാക്കാനല്ല. കോൺഗ്രസിന് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ല', അമിത് ഷാ പറഞ്ഞു. ഇടപെടാൻ ശ്രമിച്ച തൃണമൂൽ എംപി. ഡെറിക് ഒബ്രിയാനെ രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ പലവട്ടം മുന്നറിയിപ്പ് നൽകി.
ബിൽ ഫെഡറലിസത്തിന്റെ എല്ലാ തത്വങ്ങളേയും വെല്ലുവിളിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഘ്വി പറഞ്ഞു. ഷീലാ ദീക്ഷിതിന്റെ വീട്ടിലെ പത്ത് എയർ കണ്ടീഷണറുകൾ ഉണ്ടെന്നും കുളിമുറിയിലടക്കം എ.സിയുണ്ടെന്നും വിമർശിച്ച കെജ്രിവാളിന്റെ വസതിയിൽ 15 കുളിമുറികളും ഒരു കോടി വിലമതിക്കുന്ന കർട്ടനുകളുമാണുള്ളതെന്ന് ബിജെപി. നേതാവ് സുധാംഷു ദ്വിവേദി ആരോപിച്ചു. അതേസമയം ബിൽ ഭരണഘടനാവിരുദ്ധമാണെന്ന് കോൺഗ്രസ് എംപി. പി. ചിദംബരം പറഞ്ഞു. ഭരണഘടനാപരമായി ബിൽ നിലനിൽക്കുമെന്ന് മുൻ സുപ്രീംകോടതി ജഡ്ജി കൂടിയായ എംപി. രഞ്ജൻ ഗൊഗോയി പറഞ്ഞു.
ലോക്സഭയിൽ വൈ.എസ്.ആർ. കോൺഗ്രസിന്റേയും ബിജു ജനതാദളിന്റേയും പിന്തുണയോടെയായിരുന്നു ബിൽ പാസാക്കിയത്. രാജ്യസഭയിൽ ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം എൻ.ഡി.എക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇതേ പാർട്ടികളുടെ പിന്തുണയോടെയാണ് ബിൽ പാസാക്കിയെത്തിയത്.
ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിടി) ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ ഈ വിധി മറികടക്കാനാണ് കേന്ദ്ര സർക്കാർ ബിൽ കൊണ്ടുവന്നത്.
ഡൽഹി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അഥോറിറ്റി രൂപീകരിക്കാൻ പ്രത്യേക ഓർഡിനൻസ് (ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി (അമെൻഡ്‌മെന്റ്) ഓർഡിനൻസ് 2023) മെയ് 19നാണ് സർക്കാർ അവതരിപ്പിച്ചത്. പുതുതായി രൂപീകരിച്ച നാഷനൽ ക്യാപിറ്റൽ സിവിൽ സർവീസ് അഥോറിറ്റിയിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.
മറുനാടന് ഡെസ്ക്