ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് എതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ തന്റെ പ്രസംഗത്തിന് ശേഷം പോകും വഴി ഫളയിങ് കിസ് നൽകിയെന്നാണ് മന്ത്രിയുടെ ആരോപണം. ' സ്ത്രീ വിരുദ്ധനായ ഒരാൾക്ക് മാത്രമേ വനിതാ എംപിമാർ ഇരിക്കുന്ന സീറ്റുകളിലേക്ക് നോക്കി ഫ്‌ളയിങ് കിസ് നടത്താൻ കഴിയു', സ്മൃതി ഇറാനി പറഞ്ഞു. രാഹുൽ ഗാന്ധി അന്തസ്സില്ലാതെയാണ് പെരുമാറിയതെന്നും മന്ത്രി കുറ്റപ്പെടുത്തി.

സ്ത്രീകളെ അപമാനിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ ഫ്‌ളയിങ് കിസ് എന്ന് കാട്ടി ബിജെപി വനിതാ എംപിമാർ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. രാഹുലിന് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

എനിക്ക് മുമ്പായി സംസാരിക്കാൻ അവസരം ലഭിച്ചയാൾ പോകുന്നതിന് മുമ്പ് ഒരു അസഭ്യം പ്രകടിപ്പിച്ചു. പാർലമെന്റിലെ വനിതാ അംഗങ്ങൾ ഇരിക്കുന്നതിന് നേരെ ഒരു ഫ്ളൈയിങ് കിസ് നൽകാൻ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാർലമെന്റിൽ മുമ്പൊരിക്കലും കണ്ടിട്ടില്ല' സ്മൃതി പറഞ്ഞു.

രാഹുലിന്റെ വളർത്തുദോഷമാണ് ഇത്തരം പെരുമാറ്റത്തിന് കാരണമെന്ന് ബിജെപി എംപി പൂനം മഹാജൻ പറഞ്ഞു.' പ്രസ് ഗ്യാലറിയിൽ ഇരിക്കുന്നവർക്ക് പോലും രാഹുൽ ചെയ്തത് കാണാമായിരുന്നു. വളരെ നാണംകെട്ട പ്രവൃത്തിയായി പോയി. നിങ്ങൾ പാർലമെന്റ് അംഗമായിരിക്കുമ്പോൾ, ഏതുഭാഷയാണ് ഉപയോഗിക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം', പൂനം മഹാജൻ പറഞ്ഞു.

നേരത്തെ അവിശ്വാസ പ്രമേയ ചർച്ചയിൽ, കഴിഞ്ഞ രണ്ടുമാസമായി നൂറിലേറെ പേരുടെ ജീവനെടുത്ത കലാപം ഉണ്ടായിട്ടും, പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തതിനെ രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. മണിപ്പൂരിൽ ഇന്ത്യയെ ബിജെപി കൊല ചെയ്തുവെന്ന രാഹുലിന്റെ പരാമർശം സഭയിൽ വലിയ പ്രതിഷേധത്തിനിടയാക്കി. ഈ പരാമർശത്തിന് രാഹുൽ മാപ്പ് പറയണമെന്ന് മുതിർന്ന മന്ത്രിമാർ ആവശ്യപ്പെട്ടു.

മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവം. താൻ മണിപ്പുർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ല.മണിപ്പുരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. മണിപ്പുർ ഇപ്പോൾ രണ്ടായിരിക്കുന്നു. മണിപ്പുരിലുള്ളവരുമായി സംസാരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുൽ വിമർശിച്ചു.

മണിപ്പുരിൽ ഭാരത മാതാവാണു കൊല്ലപ്പെട്ടതെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുൽ കുറ്റപ്പെടുത്തി. രാമായണത്തിലെ കഥാപാത്രങ്ങളെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. രാവണൻ കുംഭകർണനും മേഘനാഥനും പറയുന്നതാണു കേട്ടിരുന്നത്. മോദി കേൾക്കുന്നത് അദാനിയെയും അമിത്ഷായെയുമാണെന്നു രാഹുൽ പരിഹസിച്ചു.

നേരത്തെ, എംപി സ്ഥാനം തിരികെ നൽകി സഭയിലേക്ക് തിരികെ കൊണ്ടുവന്നതിന നന്ദിയറിയിച്ചാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. ''സ്പീക്കർ സർ, ലോക്‌സഭയിൽ എംപിയെന്ന നിലയിൽ എന്നെ തിരികെ കൊണ്ടുവന്നതിന് പ്രത്യേകം നന്ദി. ഇതിനു മുൻപ് ഞാൻ ഇവിടെ പ്രസംഗിച്ച സമയത്ത് അദാനിയെക്കുറിച്ച് പറഞ്ഞ് താങ്കൾക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടാക്കി. ഒരുപക്ഷേ, താങ്കളുടെ മുതിർന്ന നേതാവിനും അത് വലിയ വേദനയുണ്ടാക്കി. ആ വേദനയുടെ ഫലം താങ്കൾക്കും അനുഭവിക്കേണ്ടി വന്നിരിക്കും. അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. പക്ഷേ, ഞാൻ പറഞ്ഞത് സത്യമാണ്. ഇന്ന് ബിജെപിയിലെ എന്റെ സുഹൃത്തുക്കൾ ഒന്നുകൊണ്ടും പേടിക്കേണ്ട. കാരണം, എന്റെ പ്രസംഗം അദാനിയേക്കുറിച്ചല്ല.' രാഹുൽ പറഞ്ഞു.

''ഇന്ന് ഹൃദയത്തിന്റെ ഉള്ളിൽനിന്ന് സംസാരിക്കാനാണ് എനിക്ക് ഇഷ്ടം. എന്നത്തേയും പോലെ ഇന്ന് സർക്കാരിനെതിരെ കടുത്ത ഭാഷയിൽ ആക്രമണം നടത്താൻ ഞാൻ താൽപര്യപ്പെടുന്നില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് ഞാൻ മണിപ്പുരിൽ പോയിരുന്നു. പക്ഷേ, നമ്മുടെ പ്രധാനമന്ത്രി ഇതുവരെ അവിടെ പോയില്ല. ഈ നിമിഷം വരെ അദ്ദേഹം അവിടെ പോയിട്ടില്ല. കാരണം, അദ്ദേഹത്തെ സംബന്ധിച്ച് മണിപ്പുർ ഇന്ത്യയിലല്ല. നിങ്ങൾ( ബിജെപി) മണിപ്പൂരിനെ രണ്ടായി ഭിന്നിപ്പിച്ചു. രാഹുൽ പറഞ്ഞു.