ചെന്നൈ: രാഷ്ട്രീയ ലക്ഷ്യത്തോടു കൂടി പൊതുസമ്മതി ഉള്ളവരെ തങ്ങളിലേക്ക് അടുപ്പിച്ചു നിർത്താറുണ്ട് ബിജെപി. ഇതിന്റെ ഭാഗമായി തന്നെയാണ് ഇളയരാജയെന്ന സംഗീത സംവിധായകനെയും അവർ രാജ്യസഭയിൽ എത്തിച്ചത്. എന്നാൽ, അദ്ദേഹം സഭയിൽ പോലും ഹാജരാകാത്ത അവസ്ഥയാണുള്ളത്. സത്യപ്രതിജ്ഞ ചെയ്യാൻ മാത്രമാണ് അദ്ദേഹം സഭയിൽ എത്തിയത്. പാർലമെന്റ് ശീതകാലസമ്മേളനത്തിൽ രാജ്യസഭാ എംപി.യും സംഗീതസംവിധായകനുമായ ഇളയരാജ ഒരു ദിവസം പോലും പങ്കെടുത്തില്ല.

എംപി.യായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിനുശേഷമുള്ള ഇളയരാജയുടെ ആദ്യസമ്മേളനം കൂടിയായിരുന്നു. ഡിസംബറിലെ 13 ദിവസത്തെ ശീതകാലസമ്മേളനത്തിൽ ഇളയരാജ ഒരിക്കൽപോലും ഹാജരായില്ലെന്ന് സഭാരേഖകൾ വ്യക്തമാക്കുന്നു. 2022 ജൂലായ് ആറിനാണ് രാഷ്ട്രപതി ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ഇളയരാജയെ കൂടാതെ കേരളത്തിൽനിന്ന് പി.ടി. ഉഷ, തെലുങ്ക് തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്, ധർമസ്ഥല ക്ഷേത്രം പ്രസിഡന്റ് വീരേന്ദ്ര ഹെഗ്ഡെ എന്നിവരെയും നാമനിർദ്ദേശം ചെയ്തിരുന്നു.

ഇതിൽ പി.ടി. ഉഷ 13 ദിവസം പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തു. വീരേന്ദ്ര ഹെഗ്ഡെ അഞ്ചുദിവസവും വിജയേന്ദ്ര പ്രസാദ് രണ്ടുദിവസവും സമ്മേളനത്തിന്റെ ഭാഗമായെന്നാണ് സഭാരേഖകൾ. ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യംചെയ്യുകവഴി ബിജെപി. നേതൃത്വത്തിന്റെ പ്രശംസ പിടിച്ചുപറ്റിയതോടൊണ് സംഗീതജ്ഞൻ ഇളയരാജയ്ക്ക് രാജ്യസഭാംഗത്വം ലഭിക്കുന്നത്. മുൻകേന്ദ്രമന്ത്രി സുബ്രഹ്മണ്യൻ സ്വാമിയുടെ രാജ്യസഭാകാലാവധി കഴിയുന്ന മുറയ്ക്ക് അദ്ദേഹത്തെ നോമിനേറ്റ് ചെയ്തതും.

അംബേദ്കറെയും മോദിയെയും താരതമ്യംചെയ്തുള്ള പുസ്തകത്തിനെഴുതിയ മുഖവുരയിലാണ് ഇളയരാജ ഇരുവരുടെയും ജീവിത പശ്ചാത്തലത്തിലും പ്രവർത്തനരീതിയിലും സമാനതകളുണ്ടെന്ന് അഭിപ്രായപ്പെട്ടത്. ഇത് സാമൂഹികമാധ്യമങ്ങളിൽ ഡി.എം.കെ. അനുകൂലികളുടെയും ഇടതുചിന്തകരുടെയും വിമർശനത്തിന് കാരണമായി. എന്നാൽ, ബിജെപി.യുടെ ദേശീയ-സംസ്ഥാന നേതാക്കൾ ഇളയരാജയ്ക്ക് പിന്തുണയുമായെത്തി. സംഗീതജ്ഞൻ എ.ആർ. റഹ്മാൻ കേന്ദ്രസർക്കാരിനെ പരോക്ഷമായി വിമർശിച്ചതിനുപിന്നാലെയാണ് ഇളയരാജ മോദിയെ സ്തുതിച്ചത്.

ചലച്ചിത്രസംഗീത സംവിധാനത്തിലേക്ക് കടക്കുംമുമ്പ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗായകസംഘത്തിൽ പ്രവർത്തിച്ചയാളാണ് ഇളയരാജ. ചേട്ടൻ പാവലർ വരദരാജന്റെ വരികളാണ് കമ്യൂണിസ്റ്റുപാർട്ടിക്കു വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തി പാടിയിരുന്നത്. ഇളയരാജയുടെ ഇളയ സഹോദരൻ ഗംഗൈ അമരൻ 2017-ൽ ബിജെപി.യിൽ ചേർന്നിരുന്നു.