- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
വിമാനത്താവളങ്ങൾ അമ്പത് എന്നത് ശബരിമല വിമാനത്താവള പ്രതീക്ഷ കൂട്ടും; വന്ദേഭാരത് ട്രെയിനുകൾ ഓടിക്കുന്നതിനായി ട്രാക്ക് മാറ്റി സ്ഥാപിക്കമ്പോൾ കെ റെയിൽ അപ്രസക്തമാകും; റെയിൽവേയ്ക്ക് 2.4 ലക്ഷം കോടി; 35 ഹൈഡ്രജൻ ഫ്യുവൽ തീവണ്ടികൾ; അടിസ്ഥാന സൗകര്യത്തിന് ഊന്നൽ; ടൂറിസവും അർട്ടിഫിഷ്യൽ ഇന്റലിജൻസിലും പ്രതീക്ഷ; കേന്ദ്ര ബജറ്റ് ഭാവിയിലെ യാത്ര വഴിയോ?
ന്യൂഡൽഹി: നിർമ്മലാ സീതാരാമന്റെ കേന്ദ്ര ബജറ്റിലുള്ളത് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വമ്പൻ പദ്ധതികൾ. രാജ്യത്ത് 50 പുതിയ വിമാനത്താവളത്തിൽ നിർമ്മിക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം. ഇതിന്റെ ഗുണം കേരളത്തിന് അടക്കം കിട്ടിയേക്കും. ശബരിമല വിമാനത്താവള പദ്ധതിയുമായി കേരളം മുമ്പോട്ടു പോകുമ്പോഴാണ് ഈ പ്രഖ്യാപനങ്ങൾ. ആകാശ യാത്രയാണ് ഭാവിയിലെ യാത്രാ വഴിയെന്ന തിരിച്ചറിവാണ് കേന്ദ്ര ബജറ്റ് മുമ്പോട്ട് വയക്കുന്നത്. പത്ത് ലക്ഷം കോടിയാണ് അടിസ്ഥാന സൗകര്യ വികസനത്തിന് മാറ്റി വച്ചിരിക്കുന്നത്.
ഹെലിപ്പാഡുകൾ, വാട്ടർ എയ്റോ ഡ്രോണുകൾ, ലാൻഡിങ് ഗ്രൗണ്ടുകൾ എന്നിവ നവീകരിച്ച് വ്യോമഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിനിടെ പ്രഖ്യാപിച്ചു. നഗര വികസനത്തിനായി പ്രതിവർഷം 10,000 കോടിവീതം നീക്കിവെക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്. പി.എം ആവാസ് യോജനയ്ക്ക് 79,000 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇതെല്ലാം തൊഴിൽ അവസരങ്ങൾ ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നു.
റെയിൽവേയ്ക്ക് 2.4 ലക്ഷം കോടിയാണ് നീക്കിവച്ചിട്ടുള്ളത്. ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും ഉയർന്ന തുകയാണിത്. രാജ്യത്തെ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് വികസിപ്പിക്കും. ആഭ്യന്തര - രാജ്യാന്തര വിനോദസഞ്ചാരികൾക്ക് പാക്കേജിന്റെ ഭാഗമായി ഇവ സന്ദർശിക്കാനുതകുന്ന തരത്തിലാവും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക. ഇതിന്റെ ഗുണവും കേരളത്തിന് കിട്ടാൻ സാധ്യതയുണ്ട്. സംസ്ഥാന അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ടും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്.
സാങ്കേതിക വിദ്യാ രംഗത്ത് പുതിയ പദ്ധതികൾക്ക് പിന്തുണ നൽകി കേന്ദ്ര ബജറ്റ്. രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി 'മേക്ക് എഐ ഫോർ ഇന്ത്യ', മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ' എന്നീ ലക്ഷ്യങ്ങളും പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കും.
ഇതിന് പുറമെ രാജ്യത്തെ 5ജി സാങ്കേതിക വിദ്യാ വികാസത്തിന് വേണ്ടി വിവിധ എഞ്ചിനീയറിങ് കോളേജുകളിലായി നൂറ് 5ജി ലാബുകൾക്ക് തുടക്കമിടും. 5ജി സേവനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള വിവിധ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണിത്. വിദ്യാഭ്യാസം, കാർഷികരംഗം, ആരോഗ്യരംഗം എന്നീ മേഖലകളിൽ പ്രയോജനപ്പെടുന്ന 5ജി സാങ്കേതിക വിദ്യകളുടെ വികാസവും ഈ ലാബുകളിലൂടെ സാധ്യമാക്കും.
നിലവിൽ കേന്ദ്രം ലഭ്യമാക്കിയ ഡിജി ലോക്കർ സേവനം കൂടുതൽ മേഖലകളിൽ പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങൾക്കായി ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖകൾ സുരക്ഷിതമായി അതാത് സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുൾപ്പടെയുള്ള സൗകര്യം ഒരുക്കുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
റെയിൽവേയ്ക്ക് റിക്കോർഡ് തുക
ധനമന്ത്രി നിർമല സീതാരാമന്റെ അഞ്ചാം ബജറ്റിൽ റെയിൽവേയ്ക്കായി നീക്കിവച്ചത് റെക്കോർഡ് മൂലധനച്ചെലവ്. 2.40 ലക്ഷം കോടി രൂപയാണ് റെയിൽവേയ്ക്കായി ബജറ്റിലുള്ളത്. എക്കാലത്തെയും വലിയ തുകയാണിത്. 2013-14 ബജറ്റിൽ റെയിൽവേയ്ക്കായി നൽകിയതിന്റെ ഒൻപതിരട്ടിയാണ് ഇത്തവണ നീക്കിവയ്ക്കുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു.
കൽക്കരി, വളം, ഭക്ഷ്യ ധാന്യം എന്നിവയ്ക്കായി നൂറ് നിർണായക ഗതാഗത അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. 75,000 കോടിയാണ് ഇതിനു വേണ്ടിവരുന്ന നിക്ഷേപം. ഇതിൽ 15,000 കോടി സ്വകാര്യ മേഖലയിൽനിന്നു കണ്ടെത്തും. രാജധാനി, ശതാബ്ദി, തുരന്തോ, ഹംസഫർ, തേജസ് തുടങ്ങിയ ട്രെയിനുകളിലെ ആയിരത്തിലേറെ കോച്ചുകൾ നവീകരിക്കും. കൂടുതൽ റൂട്ടുകളിൽ വന്ദേഭാരത് ട്രെയിനുകൾ ഓടിക്കുന്നതിനായി ട്രാക്ക് മാറ്റി സ്ഥാപിക്കും.
ടൂറിസ്റ്റുകളെ ആകർഷിക്കാൻ നൂറിലേറെ വിസ്താഡോം കോച്ചുകൾ നിർമ്മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 35 ഹൈഡ്രജൻ ഫ്യുവൽ തീവണ്ടികൾ നിർമ്മിക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. 4500 ഓട്ടോമൊബൈൽ കാരിയർ കോച്ചുകളും അയ്യായിരം എൽഎച്ച്ബി കോച്ചുകളും 58000 വാഗണുകളും നിർമ്മിക്കും.
മറുനാടന് മലയാളി ബ്യൂറോ