- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ലോക്സഭയിൽ രാമക്ഷേത്ര ചർച്ച; ബഹിഷ്കരിച്ച് മുസ്ലിം ലീഗ് എംപിമാർ
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ് എംപിമാർ. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടക്കുന്ന ചർച്ച എംപിമാർ ബഹിഷ്ക്കരിച്ചു. ലീഗ് എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, എംപി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരാണു പ്രതിഷേധിച്ചത്.
അയോധ്യ ലോക്സഭയിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി ആരോപിച്ചു. ഇന്നലെ രാത്രിയാണ് ചർച്ചയെക്കുറിച്ച് എംപിമാരെ വിവരമറിയിച്ചത്. ഇതിനെതിരെ ഇന്ത്യാ മുന്നണിയിലെ കക്ഷികൾ ആഞ്ഞടിച്ചു മുന്നോട്ടുവരേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സഭയിൽ അയോധ്യ വിഷയത്തിൽ ചർച്ച പുരോഗമിക്കുയാണ്. ഈ തെരഞ്ഞെടുപ്പിലെ മുഖ്യപ്രചരണ വിഷയം അയോധ്യയാണെന്ന് വ്യക്തമാക്കുന്നതാണ് പാർലമെന്റിലെ നടപടികൾ. അതേസമയം ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പള്ളിയും മദ്രസയും പൊളിച്ചുമാറ്റിയതിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി സിപിഎം എംപിമാർ. എളമരം കരീം, എ.എ റഹീം എന്നിവരാണു സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് രാജ്യസഭാ ചെയർമാനോട് ആവശ്യപ്പെട്ടത്.
ഉത്തരാഖണ്ഡിൽ കൈയേറ്റം ആരോപിച്ച് മദ്രസയും പള്ളിയും പൊളിച്ചുമാറ്റിയതു പ്രതിഷേധാർഹമെന്ന് എംപിമാർ പറഞ്ഞു. പ്രതിഷേധിച്ചവരെ പൊലീസിനെ ഉപയോഗിച്ച് നേരിട്ട സംസ്ഥാന സർക്കാർ നടപടിക്കെതിരെയാണ് നോട്ടിസ്. സംഭവത്തിൽ രാജ്യസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.
അതിനിടെ, ഹൽദ്വാനിയിലുണ്ടായ സംഘർഷത്തിൽ ഉത്തരാഖണ്ഡ് പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. തിരിച്ചറിഞ്ഞ 19 പേരെയും തിരിച്ചറിയാത്ത അയ്യായിരം പേരെയും പ്രതിചേർത്താണു കേസ്. അറസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചതായി നൈനിത്താൾ എസ്.എസ്പി പി.എൻ മീണ അറിയിച്ചു.
പ്രദേശത്ത് കർഫ്യൂവിൽ ഇളവ് വരുത്തിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എ.പി അൻഷുമാൻ പറഞ്ഞു. ഹൽദ്വാനി നഗരപരിധി മുഴുവനുണ്ടായിരുന്ന നിയന്ത്രണങ്ങൾ ബൻഭൂൽപുര മേഖലയിൽ മാത്രമാക്കി ചുരുക്കിയതായും അദ്ദേഹം അറിയിച്ചു.