ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കും, മല്ലികാർജ്ജുൻ ഖർഗെക്കും പിന്നാലെ പ്രധാനമന്ത്രിക്കെതിരായ ജയറാം രമേശിന്റെ പ്രസ്താവനയും രേഖയിൽ നിന്ന് നീക്കി.ഇതിനോടകം ഉയർന്ന ആരോപണങ്ങളിൽ പ്രധാനമന്ത്രി വ്യക്തത വരുത്തണമെന്ന ജയറാം രമേശിന്റെ പ്രസംഗത്തിലെ പരാമർശമാണ് ഏറ്റവുമൊടുവിൽ നീക്കം ചെയ്തത്.അദാനി വിവാദത്തിൽ കനത്ത തിരിച്ചടിയേറ്റ സർക്കാർ, പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം തടയാനുള്ള ഒറ്റക്കെട്ടായി രംഗത്ത് വരികയാണ്.അദാനിയുമായി സഹകരിച്ച പ്രതിപക്ഷ സർക്കാരുകളുടെ പട്ടിക ഉയർത്തി രാഷ്ട്രീയമായി നേരിടാനാണ് കേന്ദ്രത്തിന്റെ നീക്കം.

കഴിഞ്ഞ ഒരാഴ്ചയായി പാർലമെന്റിൽ അദാനി വിവാദം ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു.എന്നാൽ അക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകിയില്ലെന്ന് മാത്രമല്ല,വിമർശനങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കി ജനം അറിയാതിരിക്കാനുള്ള നീക്കവും നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.തിങ്കളാഴ്ച ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം അവസാനിക്കാനിരിക്കേ വിഷയം വീണ്ടും ഉയരാതിരിക്കാനും പ്രധാനമന്ത്രിക്കെതിരായ നീക്കമായി മാറാതിരിക്കാനുമാണ് സർക്കാർ ജാഗ്രത കാട്ടുന്നത്.

കേരളം, രാജസ്ഥാൻ, പശ്ചിമബംഗാൾ സർക്കാരുകൾ അദാനിയെ പദ്ധതികളിൽ സഹകരിപ്പിച്ചിരുന്നെന്ന വാദമുയർത്തിയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി പ്രതിരോധം തീർക്കുന്നത്. വിവാദം അവഗണിക്കാനാണ് സർക്കാർ പാർട്ടി തലങ്ങളിൽ നൽകിയിരിക്കുന്ന നിർദ്ദേശം. സർക്കാരിനെതിരായ ആരോപണങ്ങളിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത പ്രതിരോധമാണ് അദാനി വിവാദത്തിൽ സഭാധ്യക്ഷന്മാർ പാർലമെന്റിൽ തീർത്തത്.

അദാനിയെന്ന വാക്കുച്ചരിക്കുന്നത് പോലും ചട്ടങ്ങൾ ചൂണ്ടിക്കാട്ടി വിലക്കി. ഇക്കാര്യത്തിൽ പ്രത്യേകിച്ച് രാജ്യസഭ അധ്യക്ഷൻ ജഗദീപ് ധൻകർ കാട്ടുന്ന അമിത താൽപര്യത്തിൽ പ്രതിപക്ഷ കക്ഷികളിൽ കടുത്ത അമർഷമാണ് പുകയുന്നത്.മുൻ അധ്യക്ഷൻ വെങ്കയ്യനായിഡുവിന്റെ സഹിഷ്ണുത ജഗദീപ് ധൻകർ കാട്ടുന്നില്ലെന്ന വിമർശനം കോൺഗ്രസ് ഉയർത്തി.