- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
മികച്ച നവാഗത പാർലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം ജോൺ ബ്രിട്ടാസ് എം പിക്ക്; പുരസ്‌കാരം സമ്മാനിച്ചത് മന്ത്രി നിതിൻ ഗഡ്കരി; യെച്ചൂരിക്ക് ശേഷം സി പി എം പാർലമെന്റേറിയനു കിട്ടുന്ന രണ്ടാമത്തെ പുരസ്‌കാരം
ന്യൂഡൽഹി: 2023 ലെ മികച്ച നവാഗത പാർലമെന്റേറിയനുള്ള ലോക്മത് പുരസ്‌കാരം ജോൺ ബ്രിട്ടാസ് എംപി.ക്ക്. പാർലമെന്റ് ചർച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ഇടപെടൽ തുടങ്ങി സഭാനടപടികളിൽ പ്രകടിപ്പിച്ച പ്രാഗത്ഭ്യം മുൻ നിർത്തിയാണ് പുരസ്‌കാരം നൽകുന്നത്.
സീതാറാം യെച്ചൂരിക്ക് ശേഷം ഒരു സിപിഎം. പാർലമെന്റേറിയനു കിട്ടുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. എൻ.കെ. പ്രേമചന്ദ്രനു ശേഷം രണ്ടാമത്തെ മലയാളിക്കും. മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്, എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ശരദ് പവാർ, മുലായം സിങ് യാദവ്, ശരദ് യാദവ്, ജയ ബച്ചൻ, സുപ്രിയ സുലെ, എൻഷികാന്ത് ദുബെ, ഹേമ മാലിനി, ഭാരതി പവാർ തുടങ്ങിയവർക്കാണ് മുമ്പ് ലോക്മത് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്,
ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി. കശ്യപ്, മുൻ കേന്ദ്ര മന്ത്രി പ്രഫുൽ പട്ടേൽ തുടങ്ങിയവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പുരസ്‌കാരം സമ്മാനിച്ചു.
ഇതുമായി ബന്ധപ്പെട്ട ജോൺ ബ്രിട്ടാസിന്റെ കുറിപ്പ് കൂടി വായിക്കാം
2023 ലെ മികച്ച നവാഗത പാർലമെന്റേറിയനുള്ള ലോക്മത് പുരസ്‌കാരം ഇന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് സ്വീകരിച്ചു. ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷനൽ സെന്ററിൽ നടന്ന വിപുലമായ ചടങ്ങിൽ വച്ചായിരുന്നു പുരസ്‌കാരദാനം. ലോക്സഭയിലെ മികച്ച പ്രവർത്തനത്തിനുള്ള ലോക്മത് പുരസ്‌കാരം ഡോ. ശശി തരൂർ എംപി ഏറ്റുവാങ്ങി. ലോക്സഭാ എംപിമാരായ ഡാനിഷ് അലി, മേനകാ ഗാന്ധി, ഹർസിമർത് കൗർ എന്നിവരും രാജ്യസഭാ എംപിമാരായ രാം ഗോപാൽ യാദവ്, സസ്മിത് പാത്ര, സരോജ് പാണ്ഡെ എന്നിവരും ലോക്മത് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. പാർലമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുരസ്‌കാരം. കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ, ജൂറി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേൽ, ലോക്മത് മീഡിയ ഗ്രൂപ്പ് ചെയർമാൻ ഡോ. വിജയ് ദർദ തുടങ്ങീ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള സഭാ നടപടികളിലെ പ്രാഗത്ഭ്യം മുൻനിർത്തിയാണ് ലോക് മത് പുരസ്‌കാരം നല്കുന്നത്. മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്, ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, ശരദ് പവാർ, മുലായം സിങ് യാദവ്, ശരദ് യാദവ്, സീതാറാം യെച്ചൂരി, ജയ ബച്ചൻ, സുപ്രിയ സുലെ, എൻഷികാന്ത് ദുബെ, ഹേമ മാലിനി, ഭാരതി പവാർ തുടങ്ങിയ മുതിർന്ന നേതാക്കളാണ് മുൻ വർഷങ്ങളിലെ ലോക്മത് പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്. ഹൈദരാബാദ് നിന്നുള്ള അസദുദ്ദീൻ ഒവൈസിക്കായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്‌കാരം.
മറുനാടന് മലയാളി ബ്യൂറോ