ന്യൂഡൽഹി: പരിസ്ഥിതി സംവേദക മേഖല നിർദ്ദേശത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. പരിസ്ഥിതി സംരക്ഷണവും വികസനവും പ്രകൃതിയെയും ജനജീവിതത്തെയും ബാധിക്കാത്ത വിധം സന്തുലിതമായി നടപ്പാക്കണമെന്ന് രാജ്യസഭയിൽ ശൂന്യവേളയിൽ അദ്ദേഹം ആവശ്യപ്പെട്ടു.


സുപ്രീംകോടതിയുടെ 2022 ജൂൺ 03ലെ ടി. എൻ.ഗോദവർമ്മൻ തിരുമൽപ്പാട് കേസിലെ വിധിന്യായം പ്രകാരം രാജ്യത്തൊട്ടാകെ സംരക്ഷിത വനങ്ങളുടെ ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി സംവേദക മേഖലയായി പ്രഖ്യാപിക്കണം. അവിടെ മനുഷ്യരുടെ ഇടപെടൽ ഇല്ലാതാക്കണം. ഈ മേഖലയിൽ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം 2011 ഫെബ്രുവരി ഒൻപതിന് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ മാത്രമേ അനുവദിക്കാവൂ എന്നിങ്ങനെയുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഈ നിർദ്ദേശം കേരളത്തിൽ പരക്കെ ആശങ്കയും എതിർപ്പും ഉണ്ടാക്കിയിട്ടുണ്ട്.

കേരളം നീണ്ടു കിടക്കുന്ന ഇടുങ്ങിയ ഒരു ഭൂഭാഗമാണ്. സംസ്ഥാനത്തിന്റെ 30 ശതമാനത്തോളം ഭൂമി ഔദ്യോഗിക വനമാണ്. എന്നാൽ യഥാർത്ഥത്തിൽ 54.70 ശതമാനം ഭൂമിയും വനമേഖലയുടെ കണക്കിൽപ്പെടുന്നതാണ്. കേരളത്തിലെ വനമേഖല 2015ൽ 19,278 ചതുരശ്ര കിലോ മീറ്ററായിരുന്നത് 2021ൽ 21,253 ചതുരശ്ര കിലോമീറ്ററായി ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ ഭൂമിയുടെ 48 ശതമാനം പശ്ചിമഘട്ട മേഖലയാണ്.

സംസ്ഥാനത്തിന്റെ കിഴക്ക്-പടിഞ്ഞാറ് അതിർത്തിക്കിടയിൽ 35 കിലോ മീറ്റർ മുതൽ 120 കിലോ മീറ്റർ വരെ മാത്രം അകലമാണുള്ളത്. 2011ലെ ജനസംഖ്യയനുസരിച്ച് കേരളത്തിലെ ജനസാന്ദ്രത രാജ്യത്തെ നിരക്കിന്റെ ഇരട്ടിയിലേറെയാണ്. സംരക്ഷിതവനങ്ങളുടെ സമീപത്ത് ഉയർന്ന തോതിൽ ജനവാസമുണ്ട്. ഈ മേഖലയിൽ ഒരു പ്രാഥമിക കണക്കു പ്രകാരം തന്നെ 49,330 വീടുകളും കെട്ടിടങ്ങളുമുണ്ട്. ഔദ്യോഗിക പരിശോധന പൂർത്തിയാകുമ്പോൾ ഇത് ഒരു ലക്ഷത്തോളമായി ഉയരും എന്ന് കണക്കാക്കുന്നു.നാലു ലക്ഷത്തോളം ഏക്കർ ജനവാസപ്രദേശങ്ങൾ പുതിയ മേഖലയിൽ പെടും. പതിനായിരക്കണക്കിന് ആദിവാസികളെ നിയമപ്രകാരം താമസിക്കാവുന്ന അവരുടെ പ്രദേശങ്ങളിൽ നിന്ന് കുടിയിറക്കാൻ നിർദ്ദേശം കാരണമാകും.

വന്യ മൃഗസംരക്ഷണകേന്ദ്രങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും പരിസ്ഥിതി സംവേദക പ്രദേശങ്ങൾക്കുമുള്ള പുതുക്കിയ പദ്ധതി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ചിട്ടുണ്ട്. പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രിം കോടതി നിർദ്ദേശങ്ങളിൽനിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് 2022 ജൂലൈ ഏഴിന് നിയമസഭ ഏകകണ്ഠമായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അന്തിമ നോട്ടിഫിക്കേഷൻ സംസ്ഥാനനിർദ്ദേശങ്ങൾക്കൊത്ത് പുറത്തിറക്കണമെന്ന ആവശ്യവും സഭ ഉന്നയിച്ചിരുന്നു. ഇതിനു വേണ്ട നിയമനടപടികൾ സ്വീകരിക്കാനും പ്രമേയത്തിൽ പറഞ്ഞിരുന്നു.

ഇതനുസരിച്ച് കേന്ദ്രസർക്കാർ നടപടിയെടുക്കണം. സംസ്ഥാനനിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് അന്തിമ നോട്ടിഫിക്കേഷൻ ഇറക്കണം. ജനവാസമേഖലകളെയും കൃഷിഭൂമിയെയും പരിസ്ഥിതി സംവേദക പ്രദേശങ്ങളിൽനിന്ന് ഒഴിവാക്കണം. സുപ്രീം കോടതി നിർദ്ദേശങ്ങളിൽനിന്ന് കേരളത്തെ ഒഴിവാക്കാനുള്ള നിയമപരവും നിയമനിർമ്മാണപരവുമായ നടപടികൾ കൈക്കൊള്ളണം. ഇതനുസരിച്ച് 2011ലെ മാർഗ്ഗനിർദ്ദേശം ഭേദഗതിചെയ്യുകയും വേണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

ഇന്ത്യ വൈവിധ്യങ്ങളുള്ള ഒരു വലിയ രാജ്യമാണ് എന്നദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങളെ മുഴുവൻ ബാധിക്കുന്ന ഒരു നയവും ഡൽഹി കേന്ദ്രീകൃതമായി നടപ്പാക്കിക്കൂടാ. അത്തരം ദൂരക്കാഴ്ചയില്ലാത്ത നടപടികൾ വലിയ വിഭാഗം ജനങ്ങളെ ദുരിതത്തിലാഴ്‌ത്തുമെന്നും ബ്രിട്ടാസ് മുന്നറിയിപ്പു നൽകി.