- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
സിൽവർ ലൈനിൽ കേരളത്തിന്റെ ഭാഗത്ത് നിന്ന് പിന്നീട് താത്പര്യം ഒന്നും കണ്ടില്ല
ന്യൂഡൽഹി: പിണറായി സർക്കാർ മുൻകൈയെടുക്കുന്ന കെ റെയിൽ പദ്ധതി ഇപ്പോൽ ഏതാണ്ട് നിലച്ച മട്ടിലാണ്. റെയിൽവേയുടെ സ്ഥലങ്ങൾ വിട്ടുനൽകാൻ സാധിക്കില്ലെന്ന് നേരത്തെ റെയിൽവേ സംസ്ഥാനത്ത അറിയിച്ചിരുന്നു. കേന്ദ്രസർക്കാർ പദ്ധതിക്ക് പൂർണ അനുമതി നൽകിയിട്ടുമില്ല. ഇതിനിടെ സിൽവർ ലൈനുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഭാഗത്ത് നിന്ന് പിന്നീട് താത്പര്യം ഒന്നും കണ്ടില്ലെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിത്. പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സർക്കാരിനോട് ചോദിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
അതേസമയം കേരളത്തിലെ റെയിൽവേ വികസനത്തിന് യുപിഎ കാലത്തിനെ അപേക്ഷിച്ച് ബജറ്റിൽ ഏഴുമടങ്ങ് തുക വകയിരുത്തിയതായി കേന്ദ്ര റെയിൽവേമന്ത്രി അറിയിച്ചു. ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് 2744 കോടി രൂപയാണ് നീക്കിവെച്ചത്. യുപിഎ കാലത്ത് ഇത് 372 കോടി മാത്രമാണ്. യുപിഎ കാലത്തെ അപേക്ഷിച്ച് ഏഴുമടങ്ങ് അധിക വിഹിതമാണ് കേരളത്തിലെ റെയിൽവേ വികസനത്തിനായി വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിൽ 92 മേൽപ്പാലങ്ങളും അണ്ടർപാസുകളും നിർമ്മിച്ചു. ഇക്കാലയളവിൽ 34 ഫുട്ട് ഓവർ ബ്രിഡ്ജുകളും 48 ലിഫ്റ്റുകളുമാണ് പണിതത്. ട്രെയിൻ വേഗം കൂട്ടുന്നതിന് വളവുകൾ നിവർത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട പദ്ധതി രേഖ സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. വളവുകൾ നിവർത്തിയാൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ വന്ദേഭാരതിന് സഞ്ചരിക്കാൻ സാധിക്കും. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. കേരളത്തിൽ റെയിൽവേ വികസനം നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ 35 സ്റ്റേഷനുകളെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. റെയിൽ സാഗർ കേരളത്തിന് ഗുണകരമാകും. വന്ദേഭാരത് സ്ലീപ്പർ ഉടൻ കേരളത്തിന് അനുവദിക്കും.വന്ദേ മെട്രോയും വൈകില്ലെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഒട്ടേറെ റെയിൽവേ പദ്ധതികൾ സംസ്ഥാനത്തിന്റെ അനുമതി കാത്തുകിടക്കുന്നുണ്ട്. ശബരി റെയിലിൽ വലിയ പ്രതീക്ഷയുണ്ട്. ശബരി റെയിലുമായി ബന്ധപ്പെട്ട് രണ്ട് അലൈന്മെന്റുകളാണ് പരിഗണനയിലുള്ളത്. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഭാഗത്ത് നിന്ന് കൂടുതൽ പിന്തുണ ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.