ന്യൂഡൽഹി: ഡൽഹി ഭരണ നിയന്ത്രണ ബിൽ ലോക്‌സഭ പാസാക്കി. ഒരുദിവസം നീണ്ട ചൂടേറിയ വാദ-പ്രതിവാദങ്ങൾക്ക് ശേഷം ബിൽ പാസാക്കിയതിന് പിന്നാലെ പ്രതിപക്ഷ എം പിമാർ ഇറങ്ങിപ്പോയി. രാജ്യതലസ്ഥാനത്ത് ഉദ്യോഗസ്ഥരെ ആരുനിയന്ത്രിക്കും എന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിന് പകരമായുള്ള ബില്ലിനെ ആഭ്യന്തര മന്ത്രി അമിത് ഷാ ന്യായീകരിച്ചു.

രാജ്യതലസ്ഥാനവുമായി ബന്ധപ്പെട്ട് നിയമനിർമ്മാണത്തിന് ഭരണഘടനയിൽ വകുപ്പുകളുണ്ടെന്ന് അമിത്ഷാ പറഞ്ഞു. അതേസമയം, ബിൽ കീറി എറിഞ്ഞ ആം ആദ്മി പാർട്ടി എംപി സുശീൽ കുമാർ റിങ്കു(ജലന്തർ)വിനെ ഈ സമ്മേളന കാലയളവിലേക്ക് സസ്‌പെൻഡു ചെയ്തു. പ്രതിപക്ഷം ഇറങ്ങിപ്പോകുന്നതിനിടെ, റിങ്കു ബിൽ കീറി സ്പീക്കറുടെ ചെയറിനു നേരെ എറിഞ്ഞിരുന്നു. ഇതിന്റെ പേരിൽ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി കൊണ്ടുവന്ന സസ്‌പെൻഷൻ പ്രമേയം സഭ ശബ്ദവോട്ടോടെ അംഗീകരിച്ചു.

ബിൽ പാസാക്കുന്നതിന് മുന്നോടിയായി, ഈ ബിൽ ഡൽഹി ജനതയെ അടിമകളാക്കാനാണ് എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഡൽഹിയിലെ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ബില്ലെന്നും, ബില്ലിനെ ന്യായീകരിക്കാൻ പോന്ന സാധുവായ ഒരു വാദം പോലും അവർക്കില്ലെന്നും കെജ്രിവാൾ ട്വീറ്റിൽ പറഞ്ഞു. ഈ നിയമം ജനങ്ങളെ നിസ്സഹായരാക്കുകയാണ്. 'ഇന്ത്യ; ഇത് ഒരിക്കലും അനുവദിക്കില്ല, തന്റെ ഹിന്ദി ട്വീറ്റിൽ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

അമിത്ഷായാണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി നൽകുന്നതിനെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, രാജഗോപാൽ ആചാരി, രാജേന്ദ്ര പ്രസാദ്, ഡോ. ബി.ആർ.അംബേദ്കർ തുടങ്ങിയവർ എതിർത്തിരുന്നതായി ബിൽ അവതരിപ്പിക്കവെ അമിത് ഷാ ചൂണ്ടിക്കാട്ടി.

''ജനത്തെ സേവിക്കുന്നതിനു പകരം പോരാടാൻ മാത്രമായി ഒരു സർക്കാർ 2015ൽ ഡൽഹിയിൽ അധികാരത്തിലെത്തി. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശമല്ല അവരുടെ വിഷയം. മറിച്ച്, ബംഗ്ലാവുകൾ പണിയുന്നതിൽ ഉൾപ്പെടെ അവർ നടത്തുന്ന അഴിമതികൾ മറച്ചുവയ്ക്കുന്നതിന് വിജിലൻസ് വകുപ്പിന്റെ നിയന്ത്രണം കയ്യടക്കുകയാണ്' അമിത് ഷാ പറഞ്ഞു. 2015 ൽ ആംആദ്മി അധികാരത്തിലേറും മുമ്പ് വിവിധ സർക്കാരുകൾക്ക് കീഴിൽ ഡൽഹി ഭരണം സുഗമമായി നടന്നിട്ടുണ്ടെന്നും ഷാ പറഞ്ഞു.

അതേസമയം, ഇതുപോലെ എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ മാത്രമാണ് ബിജെപി സർക്കാർ ജവഹർലാൽ നെഹ്‌റുവിന്റെ 'സഹായം' തേടുന്നതെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പരിഹസിച്ചു. എല്ലാക്കാര്യങ്ങളിലും നെഹ്‌റുവിനെ മാതൃകയാക്കിയിരുന്നെങ്കിൽ ഇപ്പോൾ മണിപ്പുരും ഹരിയാനയുമൊന്നും സംഭവിക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ സർവീസസ് എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്രത്തിന് കൈവരുന്ന ഓർഡിനൻസ് മെയിലാണ് പുറപ്പെടുവിച്ചിരുന്നത്. ആം ആദ്മി സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധിയെ മറികടക്കാൻ വേണ്ടിയായിരുന്നു അത്. ഉദ്യോഗസ്ഥരുടെയും, ജീവനക്കാരുടെയും സേവന-പ്രവർത്തന വ്യവസ്ഥകൾ അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാനുള്ള ചട്ടങ്ങൾ ഉണ്ടാക്കാൻ ഈ ബിൽ കേന്ദ്രത്തിന് അധികാരം നൽകുന്നു. സർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ പിന്തുണ കെജ്രിവാൾ തേടിയിട്ടുണ്ട്. എന്നാൽ, മൂന്നു സുപ്രധാന പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ രാജ്യസഭയിലും ബിൽ എളുപ്പത്തിൽ പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.