- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പാർലമെന്റിൽ പ്രതിപക്ഷ നിരയിലേക്കെത്തി പ്രധാനമന്ത്രി; സോണിയാ ഗാന്ധിയെ കണ്ടു, ആരോഗ്യ വിവരങ്ങൾ തിരക്കി മോദി; മണിപ്പൂർ വിഷയം കൂടുതൽ വിവാദമാകുമ്പോൾ അനുനയ വഴി തേടുന്നു; പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭയും, രാജ്യസഭയും ഇന്നത്തേക്ക് പരിഞ്ഞു
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭയ്ക്കകത്തെത്തിയ പ്രധാനമന്ത്രി സോണിയ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തെത്തി സംസാരിച്ചു. മണിപ്പൂർ വിഷയത്തിനൊപ്പം സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചും മോദി ചോദിച്ചറിഞ്ഞു. വിമാനം മോശം കാലാവസ്ഥയെ തുടർന്ന് അടിയന്തരമായി ഇറക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതേക്കുറിച്ചു പ്രധാനമന്ത്രി അന്വേഷണം നടത്തി.
അതേസമയം മണിപ്പൂർ വിഷയത്തിൽ ശാശ്വത പരിഹാരത്തിനായാണ് മോദിയുടെ നീക്കം. മണിപ്പൂരിൽ കലാപം രൂക്ഷമാവുന്നതിനിടെ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തുകൊന്നത് വലിയ പ്രതിഷേധത്തിലേക്കാണ് പോവുന്നത്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക്‌സഭയും, രാജ്യസഭയും നിർത്തിവച്ചു. പിന്നീട് സഭാ സമ്മേളനം തുടങ്ങിയപ്പോഴും പ്രതിപക്ഷ പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു.
സഭാ നടപടികളെല്ലാം നിർത്തിവെച്ച് മണിപ്പൂർ സംഘർഷം ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി മറുപടി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാക്കൾ പ്രതിഷേധിച്ചത്. പ്രതിഷേധം കനത്തതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. ഇന്നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചത്. രാവിലെ തന്നെ സഭ നടപടികളുമായി മുന്നോട്ട് പോകാൻ ഭരണപക്ഷം നടപടി തുടങ്ങി. സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ അവതരിപ്പിക്കാൻ മന്ത്രി അനുരാഗ് താക്കൂർ ഒരുങ്ങിയതോടെ 'മണിപ്പൂർ' എന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംപിമാർ പ്രതിഷേധം ഉയർത്തുകയായിരുന്നു. എന്നാൽ മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചതാണെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു.
ലോക്‌സഭ ഉപനേതാവ് കൂടിയായ മന്ത്രി രാജ്‌നാഥ് സിംഗും ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പ്രഹ്‌ളാദ് ജോഷി പറഞ്ഞു. ചർച്ച നടത്താനുള്ള സമയം സ്പീക്കർ അറിയിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ വിഷയത്തിൽ വിശദമായ മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ എംപിമാർ പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെയാണ് സഭ പിരിഞ്ഞതായി സ്പീക്കർ അറിയിച്ചത്.
രാജ്യസഭയിലും പ്രതിഷേധം കനത്തതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞതായി രാജ്യസഭ ചെയർപേഴ്‌സൺ ജഗ്ദീപ് ദൻകർ അറിയിക്കുകയായിരുന്നു. അതേസമയം മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ ഉപനേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ രൂക്ഷമായി പ്രതികരിച്ചു. മണിപ്പൂർ കത്തുമ്പോൾ മോദി പ്രസ്താവന ഇറക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'മണിപ്പൂർ കത്തുകയാണ്, സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു, അവരെ നഗ്‌നരാക്കി റോഡിലൂടെ നടത്തുന്നു, പ്രധാനമന്ത്രി പക്ഷേ ഇപ്പോഴും പ്രതികരിക്കാതെ പുറത്ത് പ്രസ്താവന ഇറക്കിക്കൊണ്ടിരിക്കുകയാണ്', ഖാർഗെ പറഞ്ഞു. മണിപ്പൂരിൽ കുക്കി വിഭാ?ഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ രാജ്യത്ത് വലിയ പ്രതിഷേധം ഉയരുന്നതിനിടെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞിരുന്നു.
'മണിപ്പൂരിലെ സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണ്. ദേഷ്യത്തിലും സങ്കടത്തിലും എന്റെ ഹൃദയം നിറയുകയാണ്. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു',എന്നായിരുന്നു മോദിയുടെ വാക്കുകൾ. മണിപ്പൂർ സംഘർഷത്തിൽ ഇതാദ്യമായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
അതിനിടെ സർക്കാരിന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി രംഗത്തെത്തി. സർക്കാരിന് ഇടപെടാൻ കുറച്ച് സമയം കൂടി നൽകുന്നു. ഇല്ലെങ്കിൽ സുപ്രീം കോടതി ഇടപെടൽ നടത്തും. സമുദായിക കലഹങ്ങൾക്ക് സ്ത്രീകളെ ഉപകരണമാക്കുന്നത് അംഗീകരിക്കാനാകില്ല. പുറത്ത് വന്ന ദൃശ്യങ്ങൾ വല്ലാതെ അസ്വസ്ഥമാക്കുന്നു. മണിപ്പൂർ കലാപം അടിയന്തരമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നടന്നത് വലിയ ഭരണഘടന ദുരുപയോഗമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്