ന്യൂഡൽഹി: 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. കരുത്തുള്ള പ്രതിപക്ഷ നിരയാണ് നരേന്ദ്ര മോദിയെയും കൂട്ടരെയും കാത്തിരിക്കുന്നത്. ആദ്യ രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും. കേരളത്തിലെ പതിനെട്ട് പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദർശനം നടത്തുന്ന തിരുവനന്തപുരം എംപി ശശി തരൂർ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക.

വയനാട്ടിൽ നിന്ന് ഒഴിഞ്ഞ രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. പ്രോടേം സ്പീക്കർ ഭർതൃഹരി മെഹ്താബ് സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നാലെ 12 മണിവരെ വരെ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ശിവ്രാജ് സിങ് ചൗഹാൻ എന്നിങ്ങനെ പ്രാധാന്യം അനുസരിച്ച് ബാക്കി മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി അംഗവും കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപി 12 മണിക്കും ഒരു മണിക്കും ഇടയിൽ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിയോടെയാകും കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാരുടെ സത്യപ്രതിജ്ഞ.

ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കുമ്പോൾ നീറ്റ് വിവാദവും ഓഹരി കുംഭകോണവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയാക്കാനൊരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിന് ആദ്യ സമ്മേളനം സാക്ഷിയായേക്കും. എട്ടുതവണ എം പിയായ കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ച് ബിജെപി നേതാവും ഏഴ് തവണ അംഗവുമായ ഭർതൃഹരി മെഹ്താബിനെ പ്രോടേം സ്പീക്കർ ആക്കിയതിനെതിരെയും പ്രതിപക്ഷം പ്രതിഷേധിക്കും.

ജൂൺ 27ന് രാഷ്ട്രപതി ദ്രൗപദി മുർമു ലോക്സഭാ ചേംബറിൽ ഇരു സഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്യും. അവസാന രണ്ട് ദിവസങ്ങളിൽ, രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിന്മേൽ ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗവും. ജൂലായ് മൂന്നുവരെയാണ് സമ്മേളനം.കോൺഗ്രസ് ആരെ പ്രതിപക്ഷനേതാവാക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുൽ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രവർത്തക സമിതി പ്രമേയം പാസാക്കിയെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടില്ല.

രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും. സ്പീക്കർ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ സാവകാശമുണ്ട്. 26ന് നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ 17-ാം ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കു തന്നെയാണ് സാദ്ധ്യത കൂടുതൽ.