- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ലോക്‌സഭ സ്പീക്കറുടെ കാര്യത്തിൽ സസ്‌പെൻസ് തുടരുന്നു
ന്യൂഡൽഹി: ഇക്കുറി ലോക്‌സഭ സ്പീക്കർ ആരാകും? സസ്‌പെൻസ് തുടരുകയാണ്
സ്പീക്കർ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിൽ വെള്ളിയാഴ്ചക്കകം അഭിപ്രായം അറിയിക്കാൻ സഖ്യകക്ഷികളോട് ബിജെപി ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിന് ഇനി ആറു ദിവസം മാത്രമാണ് അവശേഷിക്കുന്നത്.
സ്പീക്കർ പദവി തങ്ങൾ തന്നെ കയ്യാളണമെന്നാണ് ബിജെപിയുടെ താൽപര്യം. ഓം ബിർള അടക്കം മൂന്നുപേരുകൾ പരിഗണനയിലുണ്ട്. ജെഡിയു ബിജെപി എം പി സ്പീക്കർ ആകുന്നതിനെ അനുകൂലിക്കുന്നെങ്കിലും, ടിഡിപിക്ക് വിയോജിപ്പാണ്. എൻഡിഎ പ്രതിനിധി എന്ന നിലയിലാകണം സ്പീക്കർ വരേണ്ടത് എന്നാണ് ചന്ദ്രബാബു നായിഡുവിന്റെ മനസ്സിലിരിപ്പ്.
കഴിഞ്ഞ ദിവസം രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലും ആരുടെയും പേര് സംസാരവിഷയമായില്ല. ബിജെപി എംപി തന്നെ സ്പീക്കർ പദവിയിൽ വേണമെന്ന തീരുമാനത്തിൽ ബിജെപി ഉറച്ച് നിൽക്കുകയാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചന്ദ്രബാബു നായിഡുവുമായി സംസാരിക്കാൻ സാധ്യതയുണ്ട്.
ആന്ധ്രയിൽ നിന്നും, ഒഡിഷയിൽ നിന്നുമുള്ള രണ്ടു പ്രമുഖ നേതാക്കളെ ബിജെപി നാമനിർദ്ദേശം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. ഡി പുരന്ദേശ്വരിയും, ഭർതൃഹരി മെഹ്താബും. ആന്ധ്രയിലും, ഒഡിഷയിലും ഈ വട്ടം തിരഞ്ഞെടുപ്പിൽ എൻഡിഎ നേട്ടം കൊയ്തതുകൊണ്ട് തന്നെ സംസ്ഥാന യൂണിറ്റുകൾക്ക് ഒരു നന്ദിപ്രകടനം കൂടിയാകും അത്.
ഭർതൃഹരി മെഹ്താബ് മുൻ ബിജെഡി അംഗമാണ്. ഇത്തവണ ഒഡിഷയിൽ ബിജെപി ബിജെഡിയെ മലർത്തിയടിച്ചു. പുരന്ദേശ്വരി ആന്ധ്ര ബിജെപി അദ്ധ്യക്ഷയാണ്. ടിഡിപിക്ക് ഒപ്പം ചേർന്ന് വൈഎസ്ആർ കോൺഗ്രസിനെ പുറത്താക്കാൻ പ്രയത്‌നിച്ച നേതാവ്. ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരി കൂടിയായ പുരന്ദേശ്വരി ടിഡിപി-ബിജെപി ബന്ധത്തെ വിളക്കി ചേർത്ത നേതാവായതുകൊണ്ട് നായിഡുവിനും സ്വീകാര്യയായിരിക്കും. അതേ സമയം ഓംബിർള തുടരുമെന്നും അഭ്യൂഹമുണ്ട്. ഡെപ്യൂട്ടി സ്പീക്കർ പദവി എൻഡിഎ കക്ഷികൾക്ക് നൽകുകയെന്ന ഫോർമുലയും ചർച്ചയിലുണ്ടെന്നാണ് വിവരം. തങ്ങൾക്ക് ഡപ്യൂട്ടി സ്പീക്കർ പദവി നൽകിയില്ലെങ്കിൽ, സ്പീക്കർ പദവിക്കായി മത്സരിക്കുമെന്ന് പ്രതിപക്ഷ കക്ഷികളും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 24 നാണ് ലോക്‌സഭാ സമ്മേളനം ആരംഭിക്കുന്നത്. ജൂലൈ മൂന്നിന് അവസാനിക്കും. 9 ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ, സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 26 ന് നടക്കും.
17 ാമത് ലോക്‌സഭയിൽ ബിജെപിയുടെ ഓം ബിർലയായിരുന്നു സ്പീക്കർ. ഡപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞുകിടന്നു. ഇന്ത്യ സഖ്യം 233 സീറ്റിൽ ജയിച്ചുകയറിയതോടെ, പ്രതിപക്ഷ പാർട്ടികൾ വർദ്ധിച്ച ഉത്സാഹത്തിലാണ്. തുടർച്ചയായി മൂന്നാം ഊഴത്തിലും മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രൂപീകരിച്ചെങ്കിലും, യുപി, രാജസ്ഥാൻ, ഹരിയാന അടങ്ങുന്ന ഹിന്ദി ഹൃദയഭൂമിയിലേറ്റ തിരിച്ചടി ക്ഷീണമായി.
10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മുന്നണി സർക്കാർ അതിന്റെ യഥാർഥ അർഥത്തിൽ നിലവിൽ വന്നതോടെ, ടിഡിപി അടക്കമുള്ള സഖ്യകക്ഷികൾ സ്പീക്കർ പദവിയിൽ കണ്ണുവച്ചിരിക്കുകയാണ്. എന്നാൽ, സ്പീക്കർ പദവി വിട്ടുകൊടുക്കാൻ ആവില്ലെന്ന് ബിജെപിയും ഉറച്ചിരിക്കുകയാണ്.
ഭരണകക്ഷിയുടെയോ ഭരണ മുന്നണിയുടെയോ ലോക്‌സഭയിലെ കരുത്തിന്റെയും, നിയന്ത്രണത്തിന്റെയും പ്രതീകമായാണ് സ്പീക്കർ പദവിയെ കണക്കാക്കുന്നത്. സ്പീക്കറിനൊപ്പം, ഡപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. സ്പീക്കറുടെ അഭാവത്തിൽ സഭാ നടപടികൾ നിയന്ത്രിക്കുക ഡപ്യൂട്ടി സ്പീക്കറായിരിക്കും.
ലോക്‌സഭാ സ്പീക്കർ പാർലമെന്റിന്റെ സംയുക്ത സിറ്റിങ്ങിന്റെ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്നയാളാണ്. ഒരു ബിൽ മണി ബിൽ ആണോ അല്ലയോ എന്ന് നിർണയിക്കുന്നതും സ്പീക്കറാണ്. ലോക്‌സഭാ കമ്മിറ്റിയും സ്പീക്കറുടെ അദ്ധ്യക്ഷതയിലാണ് പ്രവർത്തിക്കുന്നത്. ഭരണഘടനപ്രകാരം ഡപ്യൂട്ടി സ്പീക്കറുടേത് സ്വതന്ത്ര ഓഫീസാണ്. അത് സ്പീക്കർക്ക് വിധേയമായല്ല പ്രവർത്തിക്കുന്നത്.