ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മോയിത്രയെ ലോക്‌സഭയിൽ നിന്നും പുറത്താക്കി. സഭയിൽ ചോദ്യം ഉന്നയിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിലെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിപക്ഷം ഉയർത്തിയ കടുത്ത എതിർപ്പും മറികടന്നാണ് തീരുമാനം. മഹുവയെ പുറത്താക്കണമെന്ന എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പ്രതിപക്ഷ എതിർപ്പ് മറികടന്ന് സഭ അംഗീകരിക്കുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്കാണ് മഹുവയെ പുറത്താക്കണമെന്നു ശുപാർശ ചെയ്യുന്ന എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ലോക്സഭയിൽ വച്ചത്. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ സോങ്കർ സമർപ്പിച്ച റിപ്പോർട്ട് രണ്ടു മണിക്കു സഭ ചർച്ചയ്ക്കെടുത്തു. ഒന്നേകാൽ മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ റിപ്പോർട്ട് സഭ അംഗീകരിക്കുകയായിരുന്നു.

അംഗത്തെ പുറത്താക്കുന്നതിനു ശുപാർശ നൽകാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് തൃണമൂൽ അംഗം കല്യാണി ബാനർജി വാദിച്ചു. 405 പേജുള്ള റിപ്പോർട്ട് പഠിക്കാൻ സമയം വേണമെന്നും ചർച്ച മാറ്റിവയ്ക്കണമെന്നും കോൺഗ്രസിലെ അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. എന്നാൽ സഭയുടെ അന്തസ്സു നിലനിർത്താൻ കടുത്ത നടപടി എടുക്കേണ്ടപ്പോൾ അത് എടുക്കുക തന്നെ വേണമെന്ന് സ്പീക്കർ ഓം ബിർല നിലപാട് എടുക്കുകയായിരുന്നു. മഹുവ മൊയ്ത്രയെ ചർച്ചയിൽ പങ്കെടുക്കാൻ അധ്യക്ഷൻ അനുവദിച്ചില്ല. മഹവുയ്ക്കു സമിതിക്കു മുമ്പാകെ സംസാരിക്കാൻ അവസരം നൽകിയതാണെന്ന് ഓം ബിർല പറഞ്ഞു.

പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. 'മെഹുവ മൊയ്ത്രയുടെ പെരുമാറ്റം എംപിയെന്ന നിലയിൽ അധാർമികവും മര്യാദയില്ലാത്തതുമാണെന്ന എത്തിക്സ് കമ്മിറ്റിയുടെ നിഗമനങ്ങൾ ഈ സഭ അംഗീകരിക്കുന്നു. അതുകൊണ്ട് അവർ എംപിയായി തുടരുന്നത് ഉചിതമല്ല', മെഹുവയെ പുറത്താക്കിക്കൊണ്ട് സ്പീക്കർ ഓം ബിർള പറഞ്ഞു.

ലോക്‌സഭയിൽ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബിജെപി. എംപി. നിഷികാന്ത് ദുബെയാണ് ലോക്സഭയിൽ ആരോപണം ഉന്നയിച്ചിരുന്നത്. തുടർന്ന് സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹിരനനന്ദാനി മഹുവയ്ക്കു പണം നൽകിയെന്നാണ് ആക്ഷേപം. അദാനിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ചോദ്യങ്ങൾ ഉന്നയിച്ചതായി ഹിരനന്ദാനി സത്യവാങ്മൂലത്തിൽ സമിതിയെ അറിയിച്ചിരുന്നു.

മഹുവയുടെ പാർലമെന്ററി ഐഡി വിദേശത്തുനിന്ന് ഉപയോഗിച്ചതായി ഐടി മന്ത്രാലയത്തിന്റെ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് പുറത്താക്കാൻ ശുപാർശ ചെയ്ത് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. സമിതിയിലെ നാലു പ്രതിപക്ഷ അംഗങ്ങൾ റിപ്പോർട്ടിനോടു വിയോജിച്ചു.

മഹുവയ്ക്കെതിരായ ആരോപണം അങ്ങേയറ്റം ആക്ഷേപകരവും ഹീനവുമായ കുറ്റകൃത്യമാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് അംഗം പ്രണീത് കൗർ ഉൾപ്പെടെ ആറ് അംഗങ്ങൾ റിപ്പോർട്ടിനെ അനുകൂലിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ പാനലിലെ നാല് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വസ്ത്രാക്ഷേപം കഴിഞ്ഞു, ഇനി മഹാഭാരതയുദ്ധം കാണാമെന്നായിരുന്നു മഹുവ മൊയ്ത്രയുടെ പ്രതികരണം.

യാതൊരു തെളിവും ഇല്ലാതെയാണ് മഹുവയ്ക്കെതിരെ ബിജെപി അംഗം നിഷികാന്ത് ദുബെ ആരോപണം ഉന്നയിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഈ ആരോപണം കാരണമായെടുത്ത് മഹുവയ്ക്കെതിരെ നേരത്തെ നിശ്ചയിച്ച പദ്ധതി നടപ്പാക്കുകയാണ് ഭരണപക്ഷമെന്ന് അവർ കുറ്റപ്പെടുത്തി.