- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
നെഹ്റുവിനെയും ഇന്ദിരയെയും കോൺഗ്രസിനെയും വിമർശിച്ച് മോദി
ന്യൂഡൽഹി: ഇന്ത്യാക്കാരുടെ കഴിവുകളിൽ, ജവഹർലാൽ നെഹ്റുവിനും, ഇന്ദിര ഗാന്ധിക്കും വിശ്വാസം ഇല്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരുടെയും മുൻകാല സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലെ ചില ഭാഗങ്ങൾ എടുത്തുപറഞ്ഞുകൊണ്ടാണ് മോദി വിമർശനം ഉന്നയിച്ചത്.
' കോൺഗ്രസ് ഒരിക്കലും ഇന്ത്യയുടെ സാധ്യതകളിൽ വിശ്വസിച്ചില്ല. അവർ എല്ലായ്പ്പോഴും തങ്ങളെ സ്വയം ഭരണാധികാരികളായി കാണുകയും ജനങ്ങളെ കൊച്ചാക്കി കാണുകയും ചെയ്തു', രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി നെഹ്റുവിനെയും, ഇന്ദിരയെയും ലാക്കാക്കി ആക്രമണം അഴിച്ചുവിട്ടത്
ചെങ്കോട്ടയിൽ നിന്നുള്ള നെഹ്റുവിന്റെ ഒരുപ്രസംഗം മോദി ഉദാഹരണമായി ഉദ്ധരിച്ചു. ' നമ്മൾ യൂറോപ്പുകാരെയോ ജപ്പാൻകാരെയോ, ചൈനാക്കാരെയോ, റഷ്യാക്കാരെയോ, അമേരിക്കക്കാരെയോ പോലെ കഠിനാദ്ധ്വാനം ചെയ്യുന്നില്ല. ആ സമൂഹങ്ങൾ ഏതെങ്കിലും, മാജിക്കിലൂടെയാണ് സമൃദ്ധിയിലേക്ക് കുതിച്ചതെന്ന് കരുതരുത്. അവർ കഠിനാദ്ധ്വാനത്തിലൂടെയും മിടുക്കിലൂടെയുമാണ് നേട്ടം കൈവരിച്ചത്'- ഇന്ത്യാക്കാർ മടിയന്മാരും, ബുദ്ധില്ലാത്തവരും ആണെന്ന് നെഹ്റു കരുതിയിരുന്നതായി പ്രധാനമന്ത്രി സമർഥിക്കാൻ ശ്രമിച്ചു. ഇന്ത്യക്കാരുടെ കഴിവിൽ നെഹ്റുവിന് വിശ്വാസമില്ലായിരുന്നുവെന്നും പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും വ്യത്യസ്തയായിരുന്നില്ല. ' ഇന്ദിരാജി ചെങ്കോട്ടയിലെ പ്രസംഗത്തിൽ ഇങ്ങനെ ഒരിക്കൽ പറഞ്ഞു:' ദൗർഭാഗ്യവശാൽ ഒരു നല്ല ജോലി പൂർത്തിയായി വരുമ്പോഴേക്കും അലംഭാവം കാട്ടുന്നത് നമ്മുടെ ശീലമാണ്. എന്തെങ്കിലും തടസ്സം മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ, നമുക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നു. ചിലപ്പോൾ രാജ്യം മുഴുവൻ പരാജയം സമ്മതിച്ചതായി തോന്നും'മോദി ഇന്ദിരയുടെ വാക്കുകൾ എടുത്തുപറഞ്ഞു. ഇന്നത്തെ കാലത്തെ സാഹചര്യം പരിശോധിക്കുമ്പോൾ, ഇന്ദിര ഇന്ത്യാക്കാരുടെ കഴിവുകളെ കുറച്ചുകണ്ടത് തെറ്റിപ്പോയെങ്കിലും, കോൺഗ്രുകാരുടെ കാര്യത്തിൽ ആ വിലയിരുത്തൽ ശരിയായി, മോദി പറഞ്ഞു. കോൺഗ്രസിലെ രാജ കുടുംബം ഇന്ത്യാക്കാരെ കുറിച്ച് ധരിച്ചുവച്ചിരുന്നത് അതായിരുന്നു. തനിക്ക് ഇന്ത്യയുടെയും ജനങ്ങളുടെയും കഴിവിൽ അതിയായ വിശ്വാസം ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് സർക്കാരുകൾ പണപ്പെരുപ്പം സൃഷ്ടിക്കുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ സർക്കാർ രണ്ടുയുദ്ധങ്ങളും മഹാമാരിയും ഉണ്ടായെങ്കിലും, പണപ്പെരുപ്പത്തെ നിയന്ത്രിച്ചുവെന്നും മോദി അവകാശപ്പെട്ടു.
നെഹ്റുവിന്റെ പ്രസംഗം എപ്പോൾ?
നെഹറു ഇന്ത്യാക്കാരെ കുറച്ചുകണ്ടുവെന്നും മറ്റ് വിദേശ രാജ്യങ്ങൾക്ക് നല്ല സർട്ടിഫിക്കറ്റ് കൊടുത്തുവെന്നുമാണ് മോദിയുടെ വിമർശനം. നെഹ്റുവിന്റെ ഏതുവർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. 1959 ൽ, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള 12 ാം മത്തെ ചെങ്കോട്ട പ്രസംഗത്തിലാണ്, രാജ്യത്തെ ജനങ്ങൾ കൂടുതൽ സ്വാശ്രയ ശീലമുള്ളവരായി തീരണമെന്നാണ് നെഹ്റു ആഹ്വാനം ചെയ്തത്. ' സർക്കാരും ഉദ്യോഗസ്ഥരുമെല്ലാം സഹായിക്കാൻ സന്നദ്ധരാണ്. എന്നാൽ, ഒരു സമൂഹം ഉദ്യോഗസ്ഥരുടെ സഹായത്താലല്ല, സ്വന്തം കാലിലാണ് മുന്നോട്ടുപോവേണ്ടത്', സ്വാശ്രയ ശീലത്തെ ഉദ്ദേശിച്ച് നെഹ്റു പറഞ്ഞു. സർക്കാരിന്റെ ഇടപെടൽ പരിമിതമായിരിക്കണമെന്നും, ജനങ്ങൾ തങ്ങളുടെ കയ്യിൽ കടിഞ്ഞാൺ സൂക്ഷിക്കണമെന്നും നെഹ്റു പറഞ്ഞു. ഒരു സമൂഹം കഠിനാദ്ധ്വാനത്തിലൂടെയാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പിന്നീടാണ് വികസിത രാജ്യങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി അതുപോലെ കഠിനാദ്ധ്വാനം ചെയ്യുന്ന സമൂഹങ്ങളായി മാറണമെന്ന് ആഹ്വാനം ചെയ്തത്.
ഇന്ദിരാ ഗാന്ധിയുടെ പ്രസംഗം
മോദി പരാമർശിച്ചത് 1974 ലെ ഇന്ദിരയുടെ പ്രസംഗമാണെന്ന് കരുതുന്നു. അന്ന് ജെപി പ്രസ്ഥാനം രാജ്യമൊട്ടുക്ക് ആരംഭിക്കുകയും, ശക്തമായ തോതിൽ ഇന്ദിര എതിർപ്പ് ഏറ്റുവാങ്ങുകയും ചെയ്തിരുന്ന സമയമായിരുന്നു. ' സമൂഹത്തിന്റെ ദോഷങ്ങൾ എങ്ങനെ തുടച്ചുനീക്കാമെന്ന് നമ്മൾ കണ്ടെത്തണം. അത് അക്രമത്തിലൂടെയും പ്രതിഷേധത്തിലൂടെയും സാധിക്കുമോ? പരസ്പരം പോരാടുന്നതിലൂടെ സാധിക്കുമോ? തീർച്ചയായും സർക്കാരിന് ഉത്തരവാദിത്വമുണ്ട്. പക്ഷേ ഓരോ വ്യക്തിക്കും അയാളുടേതായ പങ്കുവഹിച്ചു കൂടേ?' ഇന്ദിര പ്രസംഗത്തിൽ ചോദിച്ചു, അപ്പോഴാണ് രാജ്യം മുഴുവൻ ഒരുപരാജിത സമീപനം സ്വീകരിച്ചിരിക്കുകയാണെന്ന് ഇന്ദിര വിമർശിച്ചത്. ധൈര്യം നഷ്ടപ്പെടരുതെന്നും, രാജ്യത്തിലും ജനങ്ങളിലും വിശ്വാസം കാക്കാനും ഇന്ദിര ഗാന്ധി തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്യുന്നുണ്ട്.