ന്യൂഡൽഹി: പ്രതിപക്ഷ കൂട്ടായ്മയുടെ അവിശ്വസ പ്രമേയത്തിന് മുൻപ് ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ എംപിമാരോട് സംസാരിച്ചു പ്രധാനമന്ത്രി മോദി. പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' കൊണ്ടുവരുന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പ് തങ്ങൾക്ക് ലഭിക്കുന്ന ഒരവസരമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.

പ്രതിപക്ഷ സഖ്യം പരസ്പര വിശ്വാസമില്ലാതെ വലയുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലെ അവിശ്വാസപ്രമേയ ചർച്ചയ്ക്കു മുന്നോടിയായി ബിജെപി. പാർലമെന്ററി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ കൂട്ടായ്മ കൊണ്ടുവന്ന അവിശ്വാസപ്രമേയം അവർക്ക് ഒരു പദ്ധതി മാത്രമാണ്. പക്ഷേ, നമുക്ക് അതൊരവസരമാണ്. അഴിമതിയും കുടുംബ രാഷ്ട്രീയവും ഇല്ലാത്ത ഇന്ത്യ എന്ന സമീപനമാണ് എൻ.ഡി.എ. ഇപ്പോഴും കൈക്കൊള്ളുന്നത്. എന്നാൽ, പ്രതിപക്ഷം പരസ്പരവിശ്വാസമില്ലായ്മയുടെ പിടിയിലാണെന്നും മോദി പറഞ്ഞു.

പ്രതിപക്ഷ കൂട്ടായ്മയിൽ പരസ്പര വിശ്വാസമില്ല. അത് കാണിക്കാനാണ് അവർ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 2024-ലെ തിരഞ്ഞെടുപ്പിനു മുൻപായുള്ള സെമിഫൈനലാണ് രാജ്യസഭയിലെ വോട്ടിങ് എന്ന് ചിലയാളുകൾ പറഞ്ഞിരുന്നു. ഈ സെമിഫൈനൽ വിജയത്തിൽ തന്നെ അഭിനന്ദിച്ചവർക്ക് നന്ദിയറിയിക്കുന്നതായും മോദി പറഞ്ഞു.

അതേസമയം മണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേൽ ഇന്ന് ചർച്ച തുടങ്ങിയിട്ടുണ്ട്. ലോക്‌സഭയിൽ ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച ആരംഭിച്ചത്. രണ്ടു ദിവസമായി 12 മണിക്കൂർ ചർച്ചയാണ് അനുവദിച്ചിട്ടുള്ളത്. അംഗബലം അനുസരിച്ചാണ് കക്ഷികൾക്ക് സഭയിൽ സംസാരിക്കാൻ അവസരം നൽകുന്നത്.

ചർച്ചയിൽ പകുതിയിലേറെ സമയവും ബിജെപിക്കാണ് അനുവദിച്ചിട്ടുള്ളത്. ആറു മണിക്കൂർ 41 മിനിറ്റാണ് ബിജെപിക്ക് നൽകിയത്. കോൺഗ്രസിന് ഒരു മണിക്കൂർ 15 മിനിറ്റും നൽകിയിട്ടുണ്ട്. മറ്റു പാർട്ടികൾക്കും സ്വതന്ത്ര അംഗങ്ങൾക്കും സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിശദമായി തന്നെ സഭയിൽ ചർച്ച നടക്കും.

ബിജെപിയിൽ നിന്ന് അഞ്ച് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 15 പേർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു എന്നിവരാണ് സംസാരിക്കുക. കോൺഗ്രസിൽ നിന്നും രാഹുൽ ഗാന്ധിക്ക് പുറമെ, ഗൗരവ് ഗൊഗോയി, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും സംസാരിക്കും.

മറ്റു പ്രധാന പ്രതിപക്ഷ പാർട്ടി നേതാക്കളും ചർച്ചയിൽ പങ്കെടുക്കും. രണ്ടു ദിവസത്തെ ചർച്ചയ്ക്ക് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുന്നോടിയായി രാവിലെ 10 ന് ബിജെപി പാർലമെന്ററി പാർട്ടി യോഗവും, പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ യോഗവും ചേരുന്നുണ്ട്. ബിജെപി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് പാർലമെന്റിൽ മറുപടി പറയിക്കാനുള്ള നീക്കമായിട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ ചർച്ചയെ കാണുന്നത്. അവിശ്വാസ പ്രമേയ ചർച്ചയിൽ ബിആർഎസ് ഇന്ത്യ മുന്നണിയെ പിന്തുണക്കും. അതേസമയം ബിജെഡി, വൈഎസ്ആർ കോൺഗ്രസ്. ടിഡിപി പാർട്ടികൾ ബിജെപിയെ പിന്തുണക്കും.