- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
നെഹ്റുവിനെ ഇകഴ്ത്തിയതിന് പിന്നാലെ മന്മോഹൻ സിങ്ങിനെ വാഴ്ത്തി നരേന്ദ്ര മോദി
ന്യൂഡൽഹി: പതിവ് മട്ടിലല്ലാത്ത ചില കാഴ്ചകൾക്ക് ഇന്ന് പാർലമെന്റംഗങ്ങൾ സാക്ഷിയായി. സ്ഥിരമായി കോൺഗ്രസിനെ വിമർശിക്കുന്ന പ്രധാനമന്ത്രി ചങ്ങാത്തത്തിന്റെ കരങ്ങൾ നീട്ടിയത് മറ്റാർക്കും വേണ്ടിയല്ല, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന് വേണ്ടി. കഴിഞ്ഞ വർഷം രാജ്യസഭയിൽ നിർണായക വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനാരോഗ്യം പരിഗണിക്കാതെ സിങ് വീൽചെയറിൽ എത്തിയ കാര്യമാണ് പ്രധാനമന്ത്രി അനുസ്മരിച്ചത്.
മന്മോഹൻ സിങ് എം പിമാർക്കെല്ലാം പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.' വോട്ടെടുപ്പിൽ ഭരണപക്ഷം നിശ്ചയമായും ജയിക്കുമായിരുന്നു. എന്നിരുന്നാലും, മന്മോഹൻ സിങ് അന്ന് വീൽച്ചെയറിൽ വന്ന് വോട്ടുചെയ്തു. തന്റെ ചുമതലകളെ കുറിച്ച് ഒരംഗം ജാഗരൂകനായിരിക്കുന്നതിന്റെ ഉദാഹരണമാണിത്, മോദി പറഞ്ഞു. രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആരെയാണ് സിങ് പിന്തുണയ്ക്കുന്നത് എന്നതല്ല പ്രധാനം, അദ്ദേഹം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രവൃത്തിയാണ് ചെയ്തത്. അദ്ദേഹം ദീർഘായുസായിരിക്കട്ടെ. നമ്മൾക്ക് തുടർന്നും മാർഗ്ഗനിർദ്ദേശം നൽകട്ടെ, മോദി പറഞ്ഞു.
ഡൽഹി സർക്കാരിന്റെ ഭരണകാര്യങ്ങളിൽ ചട്ടങ്ങളുണ്ടാക്കാൻ, കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്ന സുപ്രധാന ബില്ലിന്മേലുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാനാണ് കഴിഞ്ഞ ഓഗസ്റ്റിൽ മന്മോഹൻ സിങ് വീൽച്ചെയറിൽ പാർലമെന്റിൽ എത്തിയത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലും സിങ് വീൽച്ചെയറിൽ വോട്ടുചെയ്യാൻ എത്തിയിരുന്നു.
' പ്രത്യയശാസ്ത്ര വ്യത്യാസങ്ങളെല്ലാം ഹ്രസ്വമാണ്. ദീർഘകാലം രാജ്യത്തെയും, ഈ സഭയെയും നയിച്ച അദ്ദേഹത്തിന്റെ സംഭാവനകൾ നമ്മുടെ ജനാധിപത്യത്തെ കുറിച്ചുള്ള എല്ലാ സംവാദങ്ങളിലും അനുസ്മരിക്കപ്പെടും', മോദി പറഞ്ഞു.
മന്മോഹൻ സിങ്ങിനെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് അടുത്തതായി സംസാരിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നന്ദി പറഞ്ഞു.' മന്മോഹൻ സിങ് മികച്ച രീതിയിൽ ജോലി ചെയ്തു. പ്രധാനമന്ത്രിയുടെ നല്ല വാക്കുകൾക്ക് നന്ദി. ഇങ്ങനെയായിരിക്കണം കാര്യങ്ങൾ. നല്ല പ്രവൃത്തിയെ അംഗീകരിക്കുകയും, മോശം പ്രവൃത്തിയെ വിമർശിക്കുകയും വേണം, ഖാർഗെ പറഞ്ഞു.
ആറു വട്ടം എംപിയായിരുന്ന മന്മോഹൻ സിങ് 2004-14 കാലയളവിൽ രാജ്യത്തെ 13 ാമത്തെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായിരുന്നു. 1982 മുതൽ 1985 വരെ ആർബിഐ ഗവർണറായും സേവനം അനുഷ്ഠിച്ചു.