ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിന് ലോക്സഭാ സ്പീക്കർ അനുമതി നൽകിയിരിക്കുകയാണ്. ചർച്ചയുടെ സമയക്രമം വൈകാതെ അറിയിക്കും. ലോക്‌സഭയിൽ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'ക്കുവേണ്ടി കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് നോട്ടീസ് നല്കിയത്. മണിപ്പുർ വിഷയത്തിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംപി നാമാ നാഗേശ്വര റാവുവും മറ്റൊരു അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. ഈ രണ്ടുപ്രമേയങ്ങളും കൊണ്ടുവന്ന ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ഒരു വീഡിയോയും വൈറലായി.

2019 ൽ പാർലമെന്റിൽ മോദി നടത്തിയ പരാമർശമാണ് ( പ്രവചനമെന്ന് ബിജെപി) വൈറലായത്. 2019 ഫെബ്രുവരി 7ന് ബജറ്റ് സമ്മേളനത്തിൽ, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മേലുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു മോദി. 2023 ൽ മറ്റൊരു അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം തയ്യാറെടുക്കേണ്ടി വരും എന്നാണ് അദ്ദേഹം പറഞ്ഞത്: ' ഞാൻ എല്ലാം ആശംസകളും നേരുന്നു...നന്നായി തയ്യാറെടുത്തോളു, 2023 ലെങ്കിലും മറ്റൊരു അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അവസരം കിട്ടിയേക്കാം', ഭരണപക്ഷ എംപിമാർ ചിരിക്കിടെ, ഡസ്‌കിൽ തട്ടി ആഹ്ലാദം പ്രകടിപ്പിക്കുന്നതിനിടെ മോദി പറഞ്ഞു. 2018 ൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് മോദി പരാമർശിച്ചത്.

രണ്ട് എംപിമാരുണ്ടായിരുന്ന ഞങ്ങൾ ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്നത് സേവന മനോഭാവം കൊണ്ടാണ്. അഹങ്കാരം കൊണ്ടാണ് നിങ്ങൾ 400 ൽ നിന്ന് 40 ലേക്ക് നിലംപതിച്ചത്. ഇപ്പോൾ നിങ്ങൾ എവിടെയാണെന്ന് നോക്കൂ, കോൺഗ്രസിന്റെ പേരെടുത്ത് പറയാതെ അന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി സംസാരിക്കുമ്പോൾ, സോണിയ ഗാന്ധി അടക്കം മുതിർന്ന നേതാക്കൾ സഭയിലുണ്ടായിരുന്നു.

2018 ൽ മറ്റ് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ തെലുഗു ദേശം പാരർട്ടിയുടെ എൻ ചന്ദ്രബാബു നായിഡുവാണ് ബിജെപി സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്തായാലും സർക്കാർ വൃത്തങ്ങൾ മോദിയുടെ പ്രവചനം എന്ന പേരിലാണ് പഴയ വീഡിയോ പങ്കുവയ്ക്കുന്നത്.

അതേസമയം, മണിപ്പുർ വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി സഭയിൽ പ്രതികരിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം മുഴക്കിയതോടെയാണ് സഭാ നടപടികൾ തടസപ്പെട്ടത്.