ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിലെ അടിയന്തര പ്രമേയത്തിനുള്ള മറുപടി ചർച്ചയിൽ പ്രതിപക്ഷ ഐക്യത്തെ രൂക്ഷമായി പരിഹസിച്ചും വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി കേരളത്തിലെ സംഭവം മോദി ഉയർത്തികാട്ടി. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് ആക്രമണമാണ് മോദി ആയുധമാക്കിയത്.

പ്രതിപക്ഷ ഐക്യത്തെ വിമർശിക്കാനായാണ് മോദി, രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്തത് പരാമർശിച്ചത്. വയനാട്ടിൽ കോൺഗ്രസിന്റെ ഓഫീസ് അടിച്ച് തകർത്തവരുമായാണ് കോൺഗ്രസ് സൗഹൃദം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് മോദി പ്രസംഗത്തിനിടെ പറഞ്ഞത്. ഇക്കാര്യമടക്കം ചൂണ്ടികാട്ടിയ പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തെ രൂക്ഷമായാണ് വിമർശിച്ചത്.

കോൺഗ്രസിന്റെ വീഴ്‌ച്ചയെയും രൂക്ഷമായി മോദി വിമർശിച്ചു. അഹങ്കാരമാണ് കോൺഗ്രസിനെ നാന്നൂറ് സീറ്റിൽ നിന്ന് നാൽപ്പതിലേക്ക് എത്തിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ ചിഹ്നം തന്നെ എല്ലാ അധികാരവും ഒരു കുടുംബത്തിന്റെ കൈയിലെന്നത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം ഉണ്ട്. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല.

പ്രതിപക്ഷത്തിന്റെ അടുപ്പക്കാർക്ക് പോലും അവരുടെ പ്രസംഗത്തിൽ സന്തോഷമില്ല. അഴിമതി പാർട്ടികൾ ഒന്നായിരിക്കുന്നുവെന്നും മോദി വിമർശിച്ചു. അതേസമയം അവിശ്വാസ പ്രമേയം കൊണ്ടുവന്നതിൽ പ്രതിപക്ഷത്തിന് നന്ദിയെന്നും പറഞ്ഞാണ് മോദി സംസാരിച്ചു തുടങ്ങിയത്. ഇത് സർക്കാരിന്റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിന്റെ പരീക്ഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തോട് ജനങ്ങൾ 'അവിശ്വാസം കാണിച്ചു'. 2024 ൽ ബിജെപിക്ക് റെക്കോർഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുൽ ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു.

പ്രതിപക്ഷത്തിന് രാജ്യത്തേക്കാൾ വലുത് പാർട്ടിയാണ്. എന്നാൽ രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരവുമാണ് ബിജെപിയുടെ ലക്ഷ്യം. പ്രതിപക്ഷം എപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തുകയാണ്. രാജ്യത്തെ യുവാക്കൾക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാൻ ബിജെപിക്കായെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. അതുപോലെ ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളിൽ റെക്കോർഡ് വർധനയാണ് ഉണ്ടായിട്ടുള്ളതെന്നും മോദി അവകാശപ്പെട്ടു.

അതേസമയം സഭയിൽ ജനക്ഷേമ പദ്ധതികൾ പാസാക്കാനുള്ള സമയമാണ് അവിശ്വാസ പ്രമേയ ചർച്ചകളിലൂടെ പ്രതിപക്ഷം പാഴാക്കിയതെന്നും അഴിമതിക്കാരെ കൂട്ടുപിടിക്കാനുള്ള അവിശ്വാസമാണിതെന്നും മോദി കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഭാവിയെക്കുറിച്ചല്ല സ്വന്തം രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ് പ്രതിപക്ഷത്തിന് ആശങ്ക. രാജ്യത്തെക്കാൾ പാർട്ടിക്ക് പ്രധാന്യം നൽകുന്നവരാണ് പ്രതിപക്ഷം. പ്രധാനപ്പെട്ട ബില്ലുകളുടെ കാര്യത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചു. അവിശ്വാസ പ്രമേയത്തിന്റെ മറവിൽ പ്രതിപക്ഷം ജനങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ ശ്രമിച്ചു. രാജ്യം നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തനിക്കെതിരേ രണ്ടാം തവണയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം പ്രതിപക്ഷത്തോട് അവിശ്വാസം കാണിച്ചു. എല്ലാ റെക്കോർഡുകളും തകർത്ത് അടുത്ത തവണയും എൻഡിഎ അധികാരത്തിൽ വരും. 2028ൽ പ്രതിപക്ഷം വീണ്ടും തങ്ങൾക്കെതിരേ അവിശ്വാസം കൊണ്ടുവരുമെന്നും മോദി പരിഹസിച്ചു.

പ്രധാനമന്ത്രി പ്രസംഗം തുടരുന്നതിനിടെ സഭയിൽ നാടീകയ സംഭവങ്ങളും അരങ്ങേറി. പ്രതിപക്ഷത്തിനെതിരേയുള്ള മോദിയുടെ കടന്നാക്രമണത്തെ മോദി മോദി എന്ന് പറഞ്ഞ് ഡെസ്‌ക്കിലടിച്ച് ഭരണപക്ഷം പ്രോത്സാഹിപ്പിച്ചപ്പോൾ പ്രതിപക്ഷം ഇന്ത്യ, ഇന്ത്യ എന്നും മുദ്രാവാക്യം മുഴക്കി. ഇതിന് മറുപടിയായി കോൺഗ്രസ് ക്വിറ്റ് ഇന്ത്യ എന്ന് ഭരണപക്ഷ എംപിമാരും മുദ്രാവാക്യം വിളിച്ചു. ബഹളം തുടർന്നതോടെ അംഗങ്ങളോട് നിശബ്ദത പാലിക്കാൻ സ്പീക്കർ നിർദേശിച്ചു. തുടർന്ന് മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയുന്നില്ലെന്ന് ആരോപിച്ചും പ്രതിപക്ഷം പ്രതിഷേധിച്ചു.