ന്യൂഡൽഹി: മൂന്നാം ഘട്ടത്തിൽ മൂന്ന് മടങ്ങ് അധ്വാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങൾ മൂന്നാം തവണയും അവസരം നൽകിയിരിക്കുകയാണ്. ഇതൊരു മഹത്തായ വിജയമാണ്. തങ്ങളുടെ ഉത്തരവാദിത്തം മൂന്നിരട്ടിയായി വർധിച്ചെന്നും മോദി ചൂണ്ടിക്കാട്ടി. 18ാം ലോക്‌സഭയുടെ പ്രഥമ സമ്മേളനം തുടുങ്ങുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തെ ജനങ്ങൾ പ്രതിപക്ഷത്തിൽ നിന്ന് നല്ല നടപടികളാണ് പ്രതീക്ഷിക്കുന്നത്. ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനായി സാധാരണ പൗരന്മാരുടെ പ്രതീക്ഷക്കൊത്ത് പ്രതിപക്ഷം ഉയരുമെന്നാണ് പ്രതീക്ഷ. ജനങ്ങൾക്ക് നാടകവും കലഹവുമല്ല വേണ്ടതെന്നും മോദി പറഞ്ഞു. ജനങ്ങൾക്ക് വേണ്ടത് മുദ്രാവാക്യമല്ല, ഗുണപ്രദമായ പ്രതികരണമാണ്. രാജ്യത്തിന് നല്ലതും ഉത്തരവാദിത്തമുള്ളതുമായ പ്രതിപക്ഷമാണ് ആവശ്യം. പതിനെട്ടാം ലോക്സഭയിലേക്ക് വിജയിച്ച എംപിമാർ സാധാരണക്കാരന്റെ പ്രതീക്ഷകൾ നിറവേറ്റാൻ ശ്രമിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

അടിയന്തരാവസ്ഥ ജനാധിപത്യത്തിനുമേൽ വീണ കളങ്കമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൂൺ 25-ന് ജനാധിപത്യത്തിന് മുകളിൽ വീണ കളങ്കത്തിന് 50 വർഷം തികയുകയാണ്. ഇന്ത്യൻ ഭരണഘടന പൂർണ്ണമായും നിരസിക്കപ്പെട്ടതും ഓരോ ഭാഗവും കീറിമുറിക്കപ്പെട്ടതുമായ ആ കാലം പുതുതലമുറ ഒരിക്കലും മറക്കില്ലെന്നും പ്രധാമന്ത്രി പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് രാജ്യം ഒരു ജയിലായി മാറി. ജനാധിപത്യം പൂർണമായും അടിച്ചമർത്തപ്പെട്ടു. നമ്മുടെ ഭരണഘടനയെയും ഇന്ത്യയുടെ ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് 50 വർഷം മുമ്പുണ്ടായ ഇത്തരമൊരു കാര്യം രാജ്യത്ത് ആവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്ന തീരുമാനം രാജ്യത്തെ ജനങ്ങൾ എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം പ്രോട്ടേം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടിൾ ആരംഭിച്ചിരുന്നു. തുടർന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ എംപിമാർ ലോക്‌സഭയിലെത്തിയത്. പ്രധാനമന്ത്രിക്കുശേഷം രണ്ടാമതായി രാജ് നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. മറ്റു കേന്ദ്ര മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയപ്പോൾ ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തികാണിച്ചുകൊണ്ട് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.

കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉൾപ്പെടെ പൂർത്തിയായശേഷമായിരിക്കും എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. കേരളത്തിൽ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിനായിരിക്കും ആരംഭിക്കുക. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്നും നാളെയുമായി എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക. സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രോടേം സ്പീക്കറായടി ഭർതൃഹരി മഹത്താബ് സത്യപ്രതിജ്ഞ ചെയ്തു.

പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന് ഒപ്പമാണ് മഹത്താബ് പാർലമെന്റിലെത്തിയത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുത്തു. കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്പീക്കറാക്കാത്തതിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെയാണ് മഹത്താബിന്റെ സത്യപ്രതിജ്ഞ നടന്നത്. അതേസമയം, സ്പീക്കർ സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കാൻ സർക്കാർ കോൺഗ്രസ് ഇതര ഇന്ത്യ സഖ്യ നേതാക്കളുടെ പിന്തുണ തേടിയതായുള്ള വിവരങ്ങളും പുറത്തുവന്നു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഡിഎംകെയ്ക്ക് നല്കാൻ തയ്യാറെന്ന സന്ദേശം നൽകികൊണ്ടാണ് പിന്തുണ തേടിയത്.

അതേസമം, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. ഭരണഘടനയുടെ പകർപ്പുമായാണ് പ്രതിപക്ഷ നേതാക്കൾ പാർലമെന്റിലെത്തുന്നത്. ഗാന്ധി പ്രതിമ നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് മാർച്ചായിട്ടായിരിക്കും കോൺഗ്രസ് എംപിമാർ പാർലമെന്റിലെത്തുക. പ്രതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥിയെ ബിജെപിയുടെ തീരുമാനം അറിഞ്ഞശേഷമായിരിക്കും നിശ്ചയിക്കുക. തൃണമൂൽ കോൺഗ്രസിന്റെ എംപിമാരും ഭരണഘടനയുടെ പകർപ്പുമായിട്ടാണ് പാർലമെന്റിലെത്തിയത്. അതേസമയം, പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ലോകമെമ്പാടുമുള്ള മലയാളികൾക്കായി പ്രവർത്തിക്കുമെന്നും ആദ്യ സമ്മേളനത്തിൽ പോകുന്നതിന് മുമ്പ് നിയുക്ത കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.

വൈകിട്ട് നാല് മണിയോടെ കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്‌സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദർശനം നടത്തുന്നതിനാൽ തിരുവനന്തപുരം എംപി ശശി തരൂർ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം പ്രോടേം സ്പീക്കർ പദവിയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയതിനാൽ അധ്യക്ഷനെ സഹായിക്കുന്ന പാനലിൽ നിന്ന് വിട്ടു നിൽക്കാൻ ഇന്ത്യ സഖ്യം രാവിലെ തീരുമാനിച്ചു.