ന്യൂഡൽഹി: മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും നിലവിൽ എംപിയുമായ രഞ്ജൻ ഗൊഗോയിക്കെതിരെ രാജ്യസഭയിൽ പ്രതിഷേധം. നാല് വനിതാ എംപിമാർ അദ്ദേഹത്തിന്റെ സംസാരം ബഹിഷ്‌കരിച്ചു. ഗൊഗോയി സംസാരിക്കവേ സമാജ്വാദി പാർട്ടി എംപി ജയ ബച്ചൻ, ശിവസേന (ഉദ്ധവ്) എംപി പ്രിയങ്ക ചതുർവേദി, എൻസിപി എംപി വന്ദന ചവാൻ, തൃണമൂൽ അംഗം സുഷ്മിത ദേവ് എന്നിവർ സഭയിൽ നിന്നു ഇറങ്ങിപ്പോയി.

രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണം ചൂണ്ടിക്കാട്ടിയാണ് വനിതാ എംപിമാരുടെ പ്രതിഷേധം. 2019ലാണ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നത്. മീടു ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്. അദ്ദേഹത്തിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്നു മുൻ ജീവനക്കാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിരുന്നു.

മൂന്ന് കൊല്ലം മുൻപാണ് രഞ്ജൻ ഗൊഗോയി രാജ്യസഭാ എംപിയായത്. അദ്ദേഹത്തിന്റെ കന്നി സംസാരമായിരുന്നു ഇന്നത്തേത്. അതിനിടെയാണ് വനിതാ എംപിമാരുടെ പ്രതിഷേധം. അതേസമയം ഈ സംഭവത്തിന് പിന്നാലെ ഉപരാഷ്ട്രപതി പ്രതിപക്ഷ നിരയിലെ എംപിമാർക്ക് വാണിങ് നൽകി. തൃണമൂൽ എം പി ഡെറിക്കിനെതിരെയായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശം.