- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഏഴു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് ടാക്സ് റിബേറ്റ് കൂടി അനുവദിക്കും എന്നതിനാൽ ടാക്‌സ് നൽകേണ്ടതില്ല; നൂലാമാലകളിലേക്ക് പോകാൻ താൽപ്പര്യമില്ലാത്ത യുവതലമുറയ്ക്കും എളുപ്പും പരീക്ഷിക്കാവുന്ന മാർഗ്ഗം; പുതിയ നികുതി സ്ലാബിലെ ഇളവുകളിൽ ധനമന്ത്രി ലക്ഷ്യമിട്ടത് പുതുതലമുറയെ; പഴയ സ്ലാബ് ആവശ്യക്കാർക്ക് മാത്രമായേക്കും
തിരുവനന്തപുരം: ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് നികുതി ഘടനയിലെ പരിഷ്‌ക്കാരങ്ങളായിരുന്നു. ഭാവിയിൽ ഇൻകംടാകസ് നൽകേണ്ടി വരിക പുതിയ സ്‌ളാബ് പ്രകാരമാകും എന്ന സൂചന നൽകുന്നതാണ് ഇന്നലെ അവതരിപ്പിച്ച ബജറ്റിലെ നിർദ്ദേശം. നൂലാമാലകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന പുതുതലമുറയെ ലക്ഷ്യം വെച്ചുകൊണ്ടാണ് ആദായ നികുതി ഘടനയിൽ കൊണ്ടുവന്ന കാതലായ മാറ്റങ്ങൾ.
അധ്വാനിച്ചു കൂടുതൽ നേടാനും കിട്ടുന്നതുകൊണ്ട് അടിച്ചു പൊളിച്ച് ചെലവാക്കി ജീവിതം ആസ്വദിക്കാനും ഇഷ്ടപ്പെടുന്ന പുതിയ തലമുറയ ലക്ഷ്യമിട്ടാണ് പുതിയ സ്ലാബ് തന്നെ രൂപം കൊടുത്തത്. കാരണം 80 സി ഇളവ് അടക്കമുള്ളവയ്ക്കായി നിക്ഷേപം നടത്തി ടാക്സ് ഇളവു നേടാവുന്ന പഴയ സ്ലാബ് പഴമക്കാർക്കുള്ളതാണെന്ന് വിശ്വസിക്കുന്നവർ വർധിച്ചുവരുകയാണ് പുതിയ തലമുറയിൽ.
വിവിധ ഇളവുകൾ നേടാനായി സാമ്പത്തിക വർഷാരംഭം മുതൽ പ്ലാൻ ചെയ്യാനും അതു നടപ്പിലാക്കാനും അവർക്ക് താൽപര്യമില്ല. അതിന്റെ രേഖകളടക്കം നിരീക്ഷിച്ചു വച്ച് ടാക്സ് റിട്ടേൺ നൽകുന്നതിലെ ബുദ്ധിമുട്ടുകൾ സഹിക്കാനും അവർ തയാറല്ല. മറിച്ച് ഇതൊന്നും ഇല്ലാത്ത പുതിയ സ്ലാബിനോട് പുതുതലമുറയ്ക്കുള്ള പ്രിയം കൂട്ടാനാണ് ധനമന്ത്രി ഇത്രയധികം ആനുകൂല്യങ്ങൾ അതിൽ നൽകിയത്.
2020ൽ പ്രഖ്യാപിച്ച പുതിയ സ്ലാബിൽ ഇന്നു വരുത്തിയ മാറ്റങ്ങളോടെ അത് എത്രമാത്രം ആകർഷകമായി എന്നു മനസിലാക്കാൻ പട്ടിക കാണുക. ഏഴു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് ടാക്സ് റിബേറ്റ് കൂടി അനുവദിക്കുമെന്നതിനാൽ നയാ പൈസ ടാക്സ് നൽകേണ്ടതുമില്ലെന്നതും ആകർഷമായ ഘടകങ്ങളാണ്. മാത്രമല്ല ലഭ്യമായ ഇളവുകൾ നേടിയ ശേഷമുള്ള വരുമാനത്തിനു പഴയ സ്ലാബിലെ നികുതി നിരക്കും പുതിയ സ്ലാബിലെ പുതിയ നിരക്കുകളും കൂടി ഒന്നു താരതമ്യം ചെയ്യുമ്പോൾ അതിന്റെ വ്യത്യാസം മനസിലാക്കാം.
അതേസമയം, പുതിയ പ്രഖ്യാപനങ്ങൾ സാധാരണക്കാരിൽ ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഏഴുലക്ഷത്തിനു മുകളിലെ വരുമാനത്തിന് നികുതി കണക്കാക്കേണ്ടത് എങ്ങനെ? പുതിയ സ്‌കീമും പഴയ സ്‌കീമും എങ്ങനെ തിരഞ്ഞെടുക്കാം? പുതിയ സ്‌കീമിൽ ഏതെങ്കിലും ഇളവുകൾ ലഭ്യമാണോ? മാറ്റങ്ങൾക്ക് പിന്നിലുള്ള ലക്ഷ്യമെന്ത്? തുടങ്ങിയ കാര്യങ്ങളിലാണ് നേരിയ ആശയക്കുഴപ്പം നിലനിൽക്കുന്നത്. അതിനിടെ വ്യക്തിഗത ആദായനികുതി ഇളവുകളിൽ, അഞ്ച് സുപ്രധാന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. കഠിനാദ്ധ്വാനം ചെയ്യുന്ന ഇടത്തരക്കാർക്ക് ഗുണം ചെയ്യുന്നവ എന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്.
ധനമന്ത്രി ബജറ്റിൽ വിശദീകരിച്ചത് ഇങ്ങനെ:
1. ആദ്യം റിബേറ്റ് വിഷയം(കിഴിവ്)
പഴയ നികുതി ഘടനയിലായാലും, പുതിയ നികുതി ഘടനയിൽ ആയാലും, അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർ നികുതി അടയ്ക്കേണ്ടതില്ല. പുതിയ നികുതി ഘടനയിൽ ഉള്ളവർക്ക് റിബേറ്റ് പരിധി ഏഴുലക്ഷമായി ഉയർത്തി. അതായാത്, പുതിയ നികുതി ഘടന സ്വീകരിച്ചിട്ടുള്ളവർക്ക്, ഏഴുലക്ഷം വരെ നികുതി അടയ്ക്കേണ്ടതില്ല.
പുതിയ നികുതി ഘടന എന്നാൽ
പുതിയ നികുതി ഘടന കൊണ്ടുവന്നത് 2020 ലാണ്. ഈ ഓപ്ഷൻ സ്വീകരിക്കുന്നവർക്ക്, പഴയ നികുതി ഘടന പ്രകാരമുള്ള ഇളവുകൾ, അതായത് ഇൻഷുറൻസ് പ്രീമിയം, മ്യൂച്ചൽ ഫണ്ട്, കെട്ടിട വാടക, ട്യൂഷൻ ഫീസ് എന്നിവയ്ക്ക് കിട്ടിയിരുന്ന ഇളവുകൾ ലഭ്യമല്ല. നികുതി അടയ്ക്കേണ്ട മൊത്തം വരുമാനം കണക്കുകൂട്ടുമ്പോൾ കിട്ടേണ്ട ഇളവുകൾ പുതിയ നികുതി ഘടനയിൽ ഇല്ല.
2. ഇടത്തരക്കാർക്കുള്ള രണ്ടാമത്തെ ബജറ്റ് നിർദ്ദേശം
2020 ൽ കൊണ്ടുവന്ന പുതിയ വ്യക്തിഗത ആദായനികുതി ഘടന പ്രകാരം ധനമന്ത്രി ആറ് സ്ലാബുകളാണ് ഏർപ്പെടുത്തിയിരുന്നത്. തുടക്കം 2.5 ലക്ഷത്തിൽ നിന്ന്. ഈ വർഷത്തെ ബജറ്റിൽ സ്ലാബുകളുടെ എണ്ണം അഞ്ചായി ചുരുക്കി. ഒപ്പം, നികുതി ഒഴിവ് പരിധി മൂന്നുലക്ഷമാക്കി.
അതായത് 50,000 രൂപയ്ക്കു കൂടി നികുതി ഒഴിവാക്കി നൽകി.
സ്ലാബുകൾ ഇങ്ങനെ:
*മൂന്ന് ലക്ഷം വരെ നികുതിയില്ല
*3 മുതൽ 6 ലക്ഷം വരെ 5 ശതമാനം
*6 ലക്ഷം മുതൽ 9 ലക്ഷം വരെ 10 ശതമാനം
*9 മുതൽ 12 ലക്ഷം വരെ 15 ശതമാനം
*12 മുതൽ 15 ലക്ഷം വരെ 20 ശതമാനം
*15 ലക്ഷത്തിന് മുകളിൽ 30 ശതമാനം
പുതിയ നികുതി ഘടനയിലുള്ള എല്ലാവർക്കും വലിയ ആശ്വാസം പുതിയ സ്ലാബ് ഘടനയോടെ കിട്ടുമെന്നാണ് ധനമന്ത്രി പറയുന്നത്. ഒൻപതു ലക്ഷം വാർഷിക വരുമാനം ഉള്ള ഒരാൾ വെറും 45000 രൂപ മാത്രം നികുതി അടച്ചാൽ മതിയെന്നാണ് മന്ത്രി പറഞ്ഞത്. ഇത് ആകെ വരുമാനത്തിന്റെ വെറും അഞ്ചു ശതമാനം മാത്രമാണെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിൽ, 60,000 രൂപയാണ് ഈ സ്ഥാനത്ത് അടയ്ക്കേണ്ടത്. 25 ശതമാനത്തിന്റെ കുറവ്. അതുപോലെ 15 ലക്ഷം വരുമാനമുള്ള വ്യക്തി 1.5 ലക്ഷം രൂപ അടച്ചാൽ മതി. അയാളുടെ വരുമാനത്തിന്റെ 10 ശതമാനം. നിലവിൽ, 1,87,500 രൂപയാണ് അടയ്ക്കേണ്ടത്. 20 ശതമാനത്തിന്റെ കുറവ്.
3.ശമ്പളക്കാർക്കും പെൻഷൻകാർക്കും വേണ്ടി
സ്റ്റാൻഡേഡ് ഡിഡക്ഷൻ
ചെലവുകളോ വ്യക്തി നടത്തിയ നിക്ഷേപമോ പരിഗണിക്കാതെ ആദായനികുതി അനുസരിച്ച് അനുവദനീയമായ കിഴിവാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ. ഈ ആവശ്യത്തിനായി ഒരു വ്യക്തി നിക്ഷേപ തെളിവുകളോ ചെലവ് ബില്ലുകളോ വെളിപ്പെടുത്തേണ്ടതില്ല. സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഒരു സാധാരണ നിരക്കിൽ അനുവദനീയമാണ്. ശമ്പള വരുമാനക്കാർക്കും, കുടുംബ പെൻഷൻ അടക്കം പെൻഷൻകാർക്കും സ്റ്റാൻഡേഡ് ഡിഡക്ഷന്റെ ആനുകൂല്യം ഇനി പുതിയ നികുതി ഘടനയിലും കിട്ടും. 15.5 ലക്ഷമോ അതിൽ കൂടുതലോ, വരുമാനമുള്ള ശമ്പള വരുമാനക്കാരന് 52,500 രൂപയുടെ നേട്ടം.
4. പരമാവധി നികുതി നിരക്ക് 39 ശതമാനമായി കുറയും
നിലവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി നിരക്ക് 42.74 ശതമാനമാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്നതാണ്. രണ്ടു കോടിയിൽ കൂടുതൽ വരുമാനമുള്ളവർക്കുള്ള സർചാർജ് പരമാവധി 37 ശതമാനം എന്നത് 25 ശതമാനമാക്കി ധനമന്ത്രി കുറച്ചു. ഏറ്റവും ഉയർന്ന സ്ലാബിൽ വരുന്നവരെ ബാധിച്ചിരുന്നതാണ് ഇത്. ഇതോടൊപ്പം ഉയർന്ന നികുതി നിരക്ക് 42.74 ശതമാനമായിരുന്നത് 39 ശതമാനമായി കുറയും.
5. അവധി കാശാക്കുമ്പോൾ നേട്ടം
ജോലിയിൽ നിന്നു വിരമിക്കുന്ന സമയത്ത് അവധികൾ കാശാക്കി മാറ്റുമ്പോൾ കിട്ടിക്കൊണ്ടിരുന്ന നികുതി ഇളവുണ്ടായിരുന്നത് 3 ലക്ഷം എന്നതിൽ നിന്ന് 25 ലക്ഷത്തിലേയ്ക്ക് ഉയർത്തി. ഇത്തരത്തിലുള്ള എൻക്യാഷ്മെന്റ് സർക്കാർ ഉദ്യോഗസ്ഥർക്കു പൂർണമായും നികുതിമുക്തമാണ്.സർക്കാരിതര ശമ്പളക്കാർ വിരമിക്കുമ്പോൾ ലീവ് എൻക്യാഷ്മെന്റായി കിട്ടുന്ന 25 ലക്ഷം വരെയുള്ള തുകയ്ക്ക് ഇനി ആദായ നികുതി ഉണ്ടാവില്ലെന്ന് ചുരുക്കം.
പഴയ നികുതി ഘടനക്കാർക്ക് ഗുണമുണ്ടോ?
2020 ന് മുമ്പുള്ള പഴയ നികുതി ഘടനയുടെ പ്രത്യേകത ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട് നിക്ഷേപം എന്നിവയ്ക്ക് കിട്ടിയിരുന്ന ആദായ നികുതി ഇളവുകളായിരുന്നു. ഇനി പഴയ നികുതി ഘടനയിലേക്ക് മാറാൻ പ്രത്യേക അഭ്യർത്ഥന നൽകേണ്ടി വരും. അതായത് പുതിയ നികുതി ഘടനയാണ് ഇനി ഭരിക്കാൻ പോകുന്നത്. ഡിഫോൾട്ട് നികുതി ഘടന പുതിയ സ്‌കീമാണ്. പഴയത് ആവശ്യക്കാർക്ക് പ്രത്യേക അഭ്യർത്ഥന പ്രകാരം മാത്രം.
മറുനാടന്‍ മലയാളി ബ്യൂറോ